കരുണയുടെ തിരികള്‍

0

കരുണയുടെ തിരികൾ തെളിയുന്നില്ലെന്നൊക്കെ ആരോ പറഞ്ഞ പഴം കഥയാണ്… എല്ലാവരുടെ ഉള്ളിലും കരുണയുടെ വിത്തുകൾ സമൃദ്ധമാണ്. കരുണയുടെ പൂക്കൾ   കുന്നോളമാണ്…കരുണയുടെ ഫലങ്ങൾ പുഴ പോലെ  ഒഴുകുന്നുണ്ട് ആരുടെയൊക്കെയോ കരുണകൊണ്ടല്ലേ പ്രിയ ചങ്ങാതി നമ്മൾ ഇന്ന് നമ്മളായത്…     

കുഞ്ഞുന്നാളിൽ പുഴയോരത്തിരുന്നു പരൽ മീനുകളുടെ ചാകര കണ്ടു കൺ നിറയുമ്പോൾ ആ വെള്ളത്തിലേക്കു എടുത്തു ചാടി  ആരും പറയാതെ കൈകുമ്പിളിൽ നിറയെ പൊടി മീൻ പിടിച്ചു തന്ന് മനസിനെ കുളിരണിയിച്ച കുറി തൊട്ട കണ്ണനും….കൈയക്ഷരം നന്നാവാൻ രണ്ടു വരയിൽ എഴുതാൻ പറഞ്ഞു രണ്ടു വര പുസ്തകം വാങ്ങി തന്ന  ഫാത്തിമയുടെ മകൻ നാസറും… മഴ നനഞ്ഞു പുസ്തകം നനയാതിരിക്കാൻ ഒരു നല്ല സ്കൂൾ  ബാഗ് വാങ്ങി തന്ന ലിസി ടീച്ചറും, മോനെ നിന്റെ മുഖത്തു വലിയ സങ്കടമുണ്ടല്ലോ എന്ത് പറ്റി എന്ന് ആരാഞ്ഞു ആശുപത്രിയിൽ കിടക്കുന്ന അപ്പന് മരുന്ന് വാങ്ങാൻ ഒരു പരിചയവുമില്ലാത്ത എന്റെ പോക്കറ്റിലേക്  നൂറിന്റെ പത്തു നോട്ട് ആരും കാണാതെ നിക്ഷേപിച്ച പേരറിയാത്ത ചേട്ടനും കരുണയുടെ വലിയ പാഠങ്ങൾ തന്നെയാണ് എനിക്ക് പറഞ്ഞു തന്നത്.    

ഇപ്പോഴാണ് എല്ലാം പുതിയ ഭാഷയും വേഷവുമൊക്കെ ആയതു… സിനിമ  നടൻ മമ്മുട്ടി ചുള്ളികാടിനോട് പറഞ്ഞതുപോലെ പണ്ട് ഞാൻ നിന്റെ  വീട്ടിൽ വന്നപ്പോൾ അതൊക്കെ ഒരു സൗഹൃദ സന്ദർശനങ്ങൾ ആയിരുന്നു… ഇന്ന് നിന്റെ വീട്ടിൽ വരുമ്പോൾ മത സൗഹാർദവുമാവുന്നതെങ്ങനെയെന്നു മനസ്സിലാവുന്നില്ലെന്നു പറയുമ്പോൾ നാം എന്താണ് മനസിലാക്കേണ്ടത്…ക്രിസ്മസ് കാലത്തു നമ്മളെല്ലാം തൂക്കിലേറ്റുന്നത് സത്രം ഉടമകളെയാണ്… അവർ കരുണ കാണിച്ചില്ലെന്നും അവർ നീചരായിരുന്നു എന്നുമൊക്കെ പറയാൻ എന്ത് അറിവാണ് നമുക്കവരെ പറ്റിയുള്ളതു?.. സുഹുത്തേ കരുണ  എല്ലായിടത്തുമുണ്ട്… അതൊന്നു കണ്ണ് തുറന്നു  നോക്കാൻ പഠിക്കുക എന്നതല്ലേ കരുണയില്ലെന്നു എഴുതുന്നതിലും പറയുന്നതിലും ഭേദം.

കരുണയുള്ളവരെ കർത്താവ് കരതാരിൽ ചേർക്കും തീർച്ച. നല്ല കള്ളനോട് കരുണ കാണിച്ചവന് കരുണ കാണിക്കുന്നവരോടൊക്കെ വല്ലാത്ത സ്നേഹവും വാത്സല്യവും തന്നെയാണ്..യുദ്ധത്തിന്റെ കെടുതിയിൽ വെന്തു നീറിയവർക്ക്  വിൻസെന്റ് ഡി പോൾ ചില്ലറ  സഹായമല്ല ചെയ്തത്.. പകരാൻ സാധ്യതയേറെ ഉള്ള രോഗികൾക്കരികിലേക്ക്  പോകാൻ അവനു വലിയ താല്പര്യമായിരുന്നു എന്ന് പുണ്യവാന്റെ നാട്ടുകാർ പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. അവർക്കു വേണ്ടി നിലകൊണ്ട  നാൾ മുതൽ കർത്താവ് വിൻസെന്റ് ഡി പോളിന് ചുറ്റും കരുണയുടെ കൂടാരം തീർത്തു.

മറ്റൊരു കഥാപാത്രം മാക്സ്മില്യൻ കോൾബെയാണ്…. മറ്റൊരുവന് വന്ന  വിധി സ്വന്തം ചുമലിൽ ചേർത്ത് വച്ചു പുള്ളിക്കാരൻ നടന്നു കയറിയത് ക്രിസ്തുവിന്റെ  കരുണയുടെ ലോകത്തേക്കായിരുന്നു.. ക്രിസ്തു കോൾബെയെ കരുണയാൽ  മുടി ധരിപ്പിച്ചു എന്ന് പിന്നീടുള്ള ചരിത്രം.കരുണ പ്രദർശിപ്പിച്ചവർ മാത്രമേ ചരിത്രത്തെ തിരുത്തി എഴുതിയിട്ടുള്ളൂ …

.എത്രയോ രാജാക്കന്മാരെ നമ്മൾ പഠനകാലത്തും പരീക്ഷാകാലത്തും മറന്നു കളഞ്ഞു…. എന്നിട്ടും അശോക ചക്രവർത്തിയെ മാത്രം നാം  നെഞ്ചിലേറ്റുന്നതിനു കാരണം അദ്ദേഹം കരുണ കാണിച്ചു യുദ്ധം എന്നന്നേക്കുമായി നീക്കിയത് കൊണ്ടാണ്.    ഗാന്ധിയുടെ കരുണയുടെ  തെളിവാണ് ഇന്ത്യയുടെ  സ്വാതന്ത്ര്യം  പോലും.  മൗണ്ട് ബാറ്റൺ പ്രഭുവിനെ പോലും കരുണയിലേക്ക്  കൈപിടിച്ച് നടത്തിയത് ഗാന്ധിയൻ കരുണയും ആദരർശവും മാത്രമായിരുന്നു. കരുണയുടെ ചെടി നട്ടവരാണ് നാടിന്റെ കാവൽ വിളക്കുകളായി പരിലസിച്ചത്.. 

കരുണ കാണിക്കുക എന്നാൽ  ഒരാളെ അയാളുടെ സ്വാതന്ത്ര്യത്തിലേക് തിരികെ കൊണ്ടുപോകുക  എന്നാണർത്ഥം. ക്രിസ്തുവിന്റെ എല്ലാ പ്രവർത്തികളും ഈ തിരിച്ചു കൊണ്ട് പോകലിലേക്കാണ് വിരൽ ചൂണ്ടിയിരുന്നത്..പാപിനിയോട് അവൻ പറയുന്നത് ഇപ്രകാരമല്ലേ…. ഞാനും നിന്നെ വിധിക്കുന്നില്ല…. സമാധാനത്തോടെ തിരികെ പോകുക എന്നല്ലേ അവൻ ഹൃദയപൂർവ്വം  പറയുന്നത്.

സമരിയാക്കാരി സ്ത്രീയെ അവൻ കാത്തിരുന്നത് പോലും അവളെ കരുണാപൂർവ്വം സ്വാതന്ത്രത്തിലേക്ക് പറഞ്ഞു വിടാൻ തന്നെയായിരുന്നു…   പ്രിയ സുഹൃത്തേ, കാരുണ്യം കിട്ടാക്കനിയൊന്നുമല്ല. കാരുണ്യത്തിനു വംശനാശം സംഭവിച്ചിട്ടുമില്ല….ഒന്ന് ശ്രദ്ധിച്ചാൽ കരുണയുടെ മർമരങ്ങൾ ഭൂമിയിൽ നിറയുന്നത്  നമ്മൾ കേൾക്കും…കാരുണ്യത്തിന്റെ നിലവിളക്ക്  തെളിയുന്നത് നീ കാണും…. ആ കാരുണ്യ തിരിയിൽനിന്നും  കരുണയുടെ പുത്തൻ ജ്വാലകൾ നമുക്ക് സ്വന്തമാക്കാം.എവിടെയോ വായിച്ച കുറിപ്പ് ഓർമ്മ വരുന്നു. പരസ്യം പാടില്ല എന്ന് എഴുതി വച്ച മതിലിനു താഴെ ഞങ്ങളങ്ങനെയൊക്കെ ചെയ്യുമോ ചേട്ടായി എന്ന് മറു കുറിപ്പെഴുതുന്നവനും  കരുണയുടെ വഴികളൊക്കെ തന്നെയാണ് നമുക്ക് മുന്നിൽ തുറന്നു തരുന്നത്…

ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍