രാജീവിന്‍റെ അളിയന്മാരോട്…

0

ഹോദരിക്ക് വിവാഹാലോചനയുമായി വരുന്നവരോടെല്ലാം രാജീവിന് പറയാനുണ്ടായിരുന്ന ഡിമാൻഡ് ഒന്ന് മാത്രമായിരുന്നു. പയ്യൻ അദ്ധ്യാപകൻ ആയിരിക്കണം. നല്ല ജോലിയും സാമ്പത്തിക ചുറ്റുപാടും ഒക്കെ ഉള്ള പല ആലോചനകളും ഈ ഒരൊറ്റ മാനദണ്ഡത്തിൽ തട്ടി ഒഴിവാക്കപ്പെട്ടപ്പോൾ രാജീവിനെ ഉപദേശിച്ചു നേരെയാക്കാനുള്ള ഉത്തരവാദിത്തം അടുത്ത സുഹൃത്തായ എനിക്ക് ഏറ്റെടുക്കേണ്ടി വന്നു.

 നിര്‍ബന്ധ ബുദ്ധിയുടെ കാരണം തിരക്കിയപ്പോൾ രാജീവ് മുന്നോട്ടു വച്ച , ഒരു പരിധിവരെ അധ്യാപകരെക്കുറിച്ചുള്ള വസ്തുതാപരമായ ചില കാരണങ്ങൾ  ഇവയായിരുന്നു.

സമൂഹം കല്പിക്കുന്ന മാന്യമായ ‌ സ്ഥാനം

സംസാരത്തിലും പ്രവൃത്തിയിലുമുള്ള  മാന്യത

ഹരിപദാര്‍ത്ഥങ്ങളില്‍ നിന്ന് ഏറെ ക്കുറെ അകലം പാലിച്ചുള്ള ജീവിതം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആഗ്രഹിച്ചതുപോലെ തന്നെ അധ്യാപകനായ അളിയനെ രാജീവിന് കിട്ടി. ആ അളിയന്‍ എങ്ങനെയുള്ള ആളാണ് എന്നതിനെക്കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല എന്നതു വാസ്തവം.

ഒരു പരിധിവരെ രാജീവിന്‍റെ ചിന്തകളും മനോഭാവങ്ങളും ശരി തന്നെയാണ്. എന്നാല്‍ ഇതിനെ സാമാന്യവല്ക്കരിച്ച് പറയാനും കഴിയില്ല. എവിടെയെങ്കിലുമൊക്കെ ചില അപവാദങ്ങള്‍ ഉണ്ടാകാറുമുണ്ട്. ഉദാഹരണത്തിന് അടുത്തയിടെ നടന്ന, മാധ്യമങ്ങളില്‍ വാര്‍ത്തയായ ഒരു സംഭവം. ഈ സംഭവത്തെക്കുറിച്ച് രണ്ടുരീതിയിലുമുള്ള അഭിപ്രായങ്ങള്‍ നടന്നുകൊണ്ടിരിക്കുന്പോഴും ഈ സ്കൂളിലെ

  അധ്യാപക ദമ്പതികൾ കേരളത്തിലെ സമകാലിക അധ്യാപക സമൂഹത്തിന്റെ നേർക്കാഴ്ചയാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. പ്രസ്താവ്യ വിഷയത്തിന്റെ ന്യായന്ന്യായങ്ങൾ എന്തും  ആകട്ടെ വര്‍ഷങ്ങളുടെ സേവന പാരമ്പര്യം അവകാശപ്പെടുന്ന ഒരു അധ്യാപകനിൽ നിന്നോ അധ്യാപികയിൽ  നിന്നോ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് ഉണ്ടായത്. അല്പം കൂടി അവധാനതയോടെ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി അധ്യാപകർ പ്രകടിപ്പിക്കണമായിരുന്നു.

“സമൂഹം നൽകുന്ന ആദരവും അഗീകാരവും സ്വന്തം അവകാശമാണെന്ന തെറ്റിദ്ധാരണയിൽ നിന്നും കേരളീയ അധ്യാപക സമൂഹം പുറത്തുകടക്കേണ്ടതുണ്ട് ” എന്ന് അധ്യാപക പരിശീലകനും വിദ്യാഭ്യാസ ഗവേഷകനുമായ ഒരു സുഹൃത്ത് പറഞ്ഞതും ഓര്‍മ്മിക്കുന്നു.

കേവലം ഒരു തൊഴിൽ എന്നതിനപ്പുറം  ചിലർക്കെങ്കിലും നല്ല ലാഭമുള്ള ബിസിനസ്സ് കൂടിയായി  വിദ്യാഭ്യാസ പ്രവർത്തനം മാറുന്നത് ഒട്ടും കരണീയമല്ല.  രക്ഷകർത്താക്കളും അധ്യാപകരും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം ഒരു  കുട്ടിയുടെ  സമഗ്രമായ വളർച്ചയിൽ എത്ര മാത്രം പ്രാധാന്യമുള്ളതാണെന്നു പറയേണ്ടതില്ലല്ലോ. സർവീസ് പ്രൊവൈഡറും കസ്റ്റമറും തമ്മിലുള്ള ബിസിനസ്സ് ബന്ധത്തിന്റെ തലത്തിലേക്ക് അത് മാറുന്നത്  ആശങ്കാജനകമാണ്.

അക്ഷരം പിഴക്കാത്ത ആശാൻമാർ” നാടിന്റെ സമ്പത്താണെന്നു മറക്കരുത്.

സെമിച്ചൻ ജോസഫ്  

(MSW, M.Phil , Doing PhD in School counselling )