കണ്ണീർ

0

 മനസ്സ് ഒത്തിരി അസ്വസ്ഥപെടുമ്പോൾ ഒരിലെങ്കിലും കണ്ണുനീർ മിഴികളിൽ നിറയണം. കാരുണ്യത്തിന്‍റെ പര്യായമായും, സങ്കടങ്ങളുടെ പര്യവസാനമായും, സന്തോഷങ്ങളുടെ പ്രകടനമായും എല്ലാം പറഞ്ഞു വയ്ക്കുന്ന കണ്ണുനീർ മനസിന്‌ ചിലപ്പോൾ നൽകുന്ന സമാധാനം ചെറുതൊന്നും അല്ല. കണ്ണുനീരിനെ പറ്റി അറിയാൻ ബൈബിളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ എന്ത് മാത്രം വേണമെങ്കിലും ഉദാഹരണങ്ങൾ ഉണ്ടായിരുന്നു.

ആദം മുതൽ ക്രിസ്തു വരെയുള്ള മിക്കവരിലും ഇതു  പ്രകടമായിരുന്നു. ക്രിസ്തു കണ്ണീർ പൊഴിച്ചു എന്ന ഏറ്റവും ചെറിയ വാക്യം മനസിൽ കുളിരിൻ്റെ അനുഭവം ആണ് നൽകിയത്. ജീവിതം നല്ലൊരു ഭാഗവും കണ്ണീരായി  കഴിഞ്ഞ ജീവിതങ്ങൾ ഏറെ ഉണ്ട് വി. ഗ്രന്ഥത്തിൽ.

എനിക്ക് ആശ്വാസത്തിനു വഴി  വച്ചതു പത്രോസിൻ്റെ കണ്ണീരാണ്. ഓരോരോത്തർക്കമുള്ള ഉദാത്തമായ ഉദാഹരണങ്ങൾ വി.ഗ്രന്ധത്തിൽ കണ്ടെത്താൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് പത്രോസെങ്കിൽ മറ്റൊരാൾക്കു  മറിയം , ചിലർക്ക് പാപിനിയായ സ്ത്രീ ഈ നിര കുറെയുണ്ട്. എന്‍റെ ജീവിതത്തിനോട് സാമ്യം ഉള്ള ആരെയെങ്കിലും ഒക്കെ കണ്ടെത്താൻ  കഴിയും. ഞാൻ പത്രോസിനെ തിരഞ്ഞെടുത്തത്‌ പത്രോസിനോട് ഉപമിക്കാൻ മാത്രം എന്‍റെ ജീവിതം വലുതായതുകൊണ്ടല്ല. മറിച്ചു, പത്രോസിന്‍റെ ചില വീഴ്ചകൾ എന്‍റേതു കൂടി ആയതുകൊണ്ടാണ്.

പത്രോസ് വീണിരുന്നെങ്കിലും ഒരു തിരിച്ചു നടപ്പു ഉണ്ടായിരുന്നു. അതാണ് എനിക്ക് ഇല്ലാതെ പോകുന്നത്.  നീ എന്നെ സ്നേഹിക്കുന്നോ എന്ന ചോദ്യത്തിന് ആണയിട്ടു ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു തീ കാഞ്ഞിരുന്നപ്പോൾ ഞാൻ അവനെ അറിയില്ല എന്ന് പറയാൻ തക്കവണ്ണം പത്രോസ് അവനെ തള്ളി പറയുന്നുണ്ട്. എന്നിട്ടാണ് അവൻ കരയുന്നത്.

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ മീൻ പിടിക്കാൻ പോകുന്നു എന്ന് പറഞ്ഞു ഒരിക്കൽ ഉപേക്ഷിച്ചതെല്ലാം തേടിയെടുത്തു ഒരു തിരിച്ചു പോക്കുണ്ട് പത്രോസിന്. കരയിൽ നില്കുന്നത് ക്രിസ്തു എന്ന അറിവ് ലഭിക്കുന്ന നിമിഷം ഉടുതുണി പോലും വലിച്ചെറിഞ്ഞു കടലിൽ ചാടുന്നുണ്ട് പത്രോസ്.

ചുരുക്കത്തിൽ ഒരു വീഴ്ചക്കും ശേഷം ഉള്ള തിരിച്ചു പോക്കിൽ ആണ് പത്രോസ് കരയുന്നത്. അവിടെയാണ് ഞാനും പത്രോസും തമ്മിലുള്ള വ്യത്യാസം. എനിക്ക്‌ കണ്ണുനീരും ഇല്ല, തിരിച്ചു പോക്കും ഇല്ല. എന്നാലും ഞാൻ നിന്നെ സ്നേഹിക്കുന്നു  എന്ന ആണയിടലിനു  ഒരു കുറവും ഇല്ല. ഒരിക്കലെങ്കിലും ഒന്ന് മനസ് തുറന്നു പൊട്ടികരയാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ട്.

എന്‍റെ കണ്ണു  നിറയുന്നത് എന്‍റെ നടക്കാത്ത സ്വപ്നങ്ങൾക്ക് മുൻപിൽ മാത്രം ആണ്.  ഇനിയെങ്കിലും അതിങ്ങനെ ആകാതിരിക്കട്ടെ, ഒപ്പം എന്‍റെ പിടിവാശികൾ കൊണ്ട് ആരുടേയും മിഴി നിറയാതെ ഇരിക്കട്ടെ.                                                                                                                                        

ഫ്രിജോ തറയിൽ