എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തല്‍ക്കാലത്തേക്ക് തോന്നുന്നു. എന്നാല്‍ അത് പരിശീലിപ്പിക്കപ്പെട്ടവര്‍ക്ക് കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വ്വകമായ ഫലം ലഭിക്കുന്നു.
( ഹെബ്രാ 12;11)
പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുമ്പോള്‍ നമ്മുടെ കുഞ്ഞുമക്കള്‍ വാവിട്ടുനിലവിളിക്കുന്നത് കാണാറില്ലേ? വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് അംഗനവാടിയുടെയോ നേഴ്സറിയുടെയോ പരിസരങ്ങളിലേക്ക് ആദ്യമായി പറിച്ചുനട്ടപ്പോഴും അവര്‍ ഇതുപോലെ നിലവിളിച്ചുകരഞ്ഞിട്ടുണ്ട്. കുഞ്ഞുമകളുടെ കാതുകുത്തി കമ്മലിടും നേരത്തും അവള് കരഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് നമ്മളവളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ.
കാരണം നമുക്കറിയാം നീണ്ടുനില്‍ക്കുന്ന കരച്ചിലല്ല അതെന്ന്. അല്പനേരത്തെ വേദനകളും സങ്കടങ്ങളും മാത്രമാണതെന്ന്. വരും കാലത്തെ നന്മകള്‍ക്ക് വേണ്ടി, സന്തോഷങ്ങള്‍ക്ക് വേണ്ടി അവര്‍ ഇത്തിരി വേദന അനുഭവിക്കുന്നതേയുള്ളൂവെന്ന്…
ദൈവം തരുന്ന സഹനങ്ങളും അപ്രകാരമാണ്. അവയോരോന്നും ഓരോ ശിക്ഷണമാണ്. നമ്മില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചുകൊണ്ട് ദൈവം തരുന്ന പരിശീലനങ്ങള്‍. ആദ്യമാത്രയില്‍ സങ്കടവും പിന്നീട് സന്തോഷവും നല്കുന്നവ. ചെടികള്‍ കരുത്താര്‍ജ്ജിക്കാന്‍ വേണ്ടി , കൂടുതല്‍ പൂവിടാന്‍ വേണ്ടി അവയുടെ തലപ്പുകള്‍ വെട്ടിക്കളയുന്നതുപോലെയുള്ള ഒന്ന്.
ആദ്യമൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം അത് വേദനാജനകമായിരിക്കും, മറുതലയ്ക്കാനും എതിര്‍ക്കാനും പ്രേരണയും തോന്നിയേക്കാം. പക്ഷേ അതില്‍ പരിശിലിപ്പിക്കപ്പെട്ടു കഴിയുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് സമാധാനം കടന്നുവരും. നാം സ്വസ്ഥരും ശാന്തരുമാകും. നീതിയുടെ സമാധാനപൂര്വ്വമാകമായ ഫലം നാം അനുഭവിക്കും.
കടന്നുപോകുന്ന സഹനങ്ങള്‍ ദൈവം ശിക്ഷണമെന്ന നിലയില്‍ തരുന്നവയാണെങ്കില്‍ നാം തെല്ലും ഭയക്കേണ്ടതില്ല. രണ്ടു നാളുകള്‍ക്കകം സന്തോഷത്തിന്റെ പ്രഭാതം നമ്മെ കാത്തുനില്‍ക്കുന്നുണ്ട്. എന്നാല്‍ അനുഭവിക്കേണ്ടിവരുന്നവ സ്വന്തം ചെയ്തികളുടെ ഫലമാണെങ്കില്‍ അവിടെ നമുക്ക് തിരുത്താനുള്ള ബാധ്യതയുമുണ്ട്.
വീണ്ടുവിചാരത്തോടെ
സസ്നേഹം
വിഎന്‍.