ആകുലതകളേ വിട

0
ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന്‌ എത്രയധികം അലങ്കരിക്കുകയില്ല”! (മത്തായി 6 : 30)
ചില തിരുവചനഭാഗങ്ങൾ നൽകുന്ന സമാധാനവും ശാന്തിയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വി. മത്തായിയുടെ സുവിശേഷം 6-ആം അദ്ധ്യായം, 25 മുതലുള്ള വാക്യങ്ങൾ ഒത്തിരി കരുതലുള്ള ഒരു പിതാവിൻ്റെ സ്നേഹസംഭാഷണമായാണ് നമുക്ക് അനുഭവപ്പെടുക. സ്നേഹനിധിയായ അപ്പച്ചൻ്റെ കയ്യിലിരിക്കുന്ന ഒരു കുഞ്ഞിൻ്റെ സുരക്ഷിതത്വവും സ്നേഹവും ഈ വാക്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് അനുഭവിക്കാനാകും.
നമ്മുടെ ആവശ്യങ്ങളിൽ താങ്ങാകാൻ, നമ്മുടെ കൂടെയിരിക്കാൻ ഒരു പിതാവുണ്ട് എന്നസന്ദേശം പുതുവർഷത്തിൻ്റെ ഈ ആദ്യദിനത്തെ കൂടുതൽ മഹനീയമാക്കുന്നു. എൻ്റെ ദൈവം എൻ്റെ സുഖദുഃഖങ്ങൾ അറിയാൻ സാധിക്കാത്തവനല്ല, മറിച്ചു എന്നെക്കുറിച്ചു എന്നേക്കാളും കൂടുതൽ താത്പര്യമുള്ളവനാണ് എന്നത് എത്രയോ ആശ്വാസകരമാണ്.
ഒരുപക്ഷേ ഈ പുതുവർഷം നമ്മുടെ മുൻപിൽ ഒരു ചോദ്യചിഹ്നമായി നില്ക്കുന്നുണ്ടാകാം. ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങളും പരിഹാരം കണ്ടെത്താനുള്ള ഒരുപാട് പ്രശനങ്ങളും ഉണ്ടാകാം. അതൊന്നും നമ്മെ നിരാശരാക്കരുത്. എന്നെ അറിയുന്ന, എന്‍റെ ആവശ്യങ്ങൾ എന്നേക്കാൾ കൂടുതൽ മനസ്സിലാക്കുന്ന ഒരു പിതാവെനിക്കുണ്ടെങ്കിൽ, അവൻ എന്തിനും മതിയായവനെങ്കിൽ പിന്നെ ഞാൻ ആകുലപ്പെടുന്നതെന്തിന്?
നമ്മുടെ ബലഹീനതകളും, കുറവുകളിലും, ഉത്തരമില്ലായ്മയിലും, തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥകളിലും നമ്മെ താങ്ങാൻ, നമുക്ക് സഹായമാകാൻ നമ്മുടെ പിതാവ്, നമ്മുടെ അപ്പച്ചനുണ്ട്. അവൻ നമ്മെ ചേർത്തുപിടിക്കും. വഴി നടത്തും. നമുക്ക് ആ സ്വർഗീയ പിതാവിനോട് ചേർന്നുനിൽക്കാം. ആ താതന്‍റെ കൈ പിടിച്ച് നമുക്ക് നടക്കാം.
ശുഭരാത്രി

Fr. Sijo Kannampuzha OM