ഇത്രത്തോളം ദൈവമെന്നെ ഉയര്‍ത്തി

0


സൂര്യന്‍ തന്റെ കിരണങ്ങള്‍ കൊണ്ട് എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നു.കര്‍ത്താവിന്റെ മഹത്വം എല്ലാ സൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു. കര്‍ത്താവിന്റെ വിസ്മയനീയമായ പ്രവൃത്തികള്‍ അവിടുത്തെ വിശുദ്ധര്‍ക്ക് പോലും അവര്‍ണ്ണനീയമാണ്.

പ്രഭാഷകന്‍ 42: 17)

പുലരിയിലേക്ക് കണ്‍തുറക്കുമ്പോള്‍ കണ്‍മുമ്പില്‍ തെളിയുന്ന പ്രകൃതി എന്നും വലിയൊരു അത്ഭുതമായിരുന്നു. രാത്രിയുടെ ഇരുളിന് മീതെ പ്രഭാതത്തിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്ന തെളിമയുള്ള കാഴ്ചകള്‍. കൂടാതെ കാലാവസ്ഥാ ഭേദം അനുസരിച്ച് മഴയും മഞ്ഞും കുളിരും തണുപ്പുമെല്ലാമുള്ള പ്രഭാതങ്ങള്‍. ഇക്കാലയളവില്‍ മാറിമാറി താമസിച്ച വാടകവീടുകളുടെ അന്തരീക്ഷമനുസരിച്ച് പ്രകൃതിദൃശ്യങ്ങളും മാറിക്കൊണ്ടിരുന്നു. പുഴയും പച്ചപ്പും കിളികളും… രാത്രിയില്‍ കൂടിനുള്ളിലിരുന്ന് ഉറങ്ങിപ്പോയ കിളികളൊക്കെ പച്ചപ്പുല്‍പ്പുറങ്ങള്‍ക്ക് മീതെ പാറിപ്പറന്നുനടക്കുന്നതും ആകാശത്തിന്റെ മാറിലൂടെ എവിടയേക്കോ പറന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതും എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

ഓരോ പ്രഭാതവും നമ്മെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട്. അതിലൊന്ന് തീര്‍ച്ചയായും എല്ലാ സൃഷ്ടികളിലും നിറഞ്ഞിരിക്കുന്ന ദൈവമഹത്വം തന്നെയാണ്. കര്‍ത്താവിന്റെ വിസ്മയനീയമായ പ്രവൃത്തികളെക്കുറിച്ചാണ്.

തീര്‍ച്ചയായും നീയും ഞാനും കുറവുകളുളള വ്യക്തികള്‍ തന്നെയാണ്. സ്വന്തമായിട്ടുള്ള വിലയിരുത്തലിലും മറ്റുള്ളവരുടെ ചൂണ്ടുവിരലിലും. കോട്ടങ്ങളും കുറവുകളുമുണ്ട്. സങ്കടങ്ങളും വിഷമതകളുമുണ്ട്. ഇല്ലായ്മകളും വല്ലായ്മകളുമുണ്ട്. എന്നിട്ടും എത്രയോ അനുഗ്രഹിക്കപ്പെട്ട ജീവിതങ്ങളാണ് നമ്മുടേത്. എന്നിട്ടും ദൈവം നമ്മുടെയൊക്കെ ജീവിതത്തില്‍ എത്രയോ വിസ്മയനീയമായ പ്രവൃത്തികളാണ് നിറവേറ്റിയിരിക്കുന്നത്. ആരുമല്ലാതിരിക്കുകയും ഒന്നും അല്ലാതിരിക്കുകയും ചെയ്ത നമ്മുക്കൊക്കെ അവിടുന്ന് തന്റെ കാരുണ്യം കൊണ്ട് എത്രയോ വലിയ അര്‍ത്ഥം കല്പിച്ചുതന്നിരിക്കുന്നു.

ഒന്നുമില്ലായ്മകളില്‍ നിന്ന് ഇത്രത്തോളം ദൈവമെന്നെ ഉയര്‍ത്തി എന്നൊരു പാട്ട് കേട്ടിട്ടില്ലേ.. ആ പാട്ട് അതെഴുതിയ ആളുടെ മാത്രം ആത്മഗതമല്ല. എന്റെയും നിന്റെയും ആത്മഗതമാണ്.. നമ്മള്‍ ഏറ്റുപറയേണ്ട സ്തുതിവചനമാണ്. നന്ദിപ്രകടനമാണ്.

അതെ, ഇത്രത്തോളം നമ്മെ ഉയര്‍ത്തിയ ദൈവത്തിന് ഓരോ പ്രഭാതത്തിലും നമുക്ക് നന്ദി പറയാം. സകല സൃഷ്ടികളിലും നിറഞ്ഞിരിക്കുന്ന ദൈവമഹത്വത്തെയോര്‍ത്ത് നമുക്ക് അത്ഭുതപ്പെടാം.

നന്ദിയുടെ പ്രഭാതത്തിലേക്ക്, ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന നന്ദിയുടെ ദിവസത്തിലേക്ക് നമുക്ക് പ്രാര്‍ത്ഥനയോടെ പ്രവേശിക്കാം.

സ്‌നേഹാദരങ്ങളോടെ
വിഎന്‍