ഏറ്റവും നല്ല ചോദ്യം

0

ഞാന്‍ നിനക്കുവേണ്ടിഎന്തുചെയ്യണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌? (മര്‍ക്കോ 10:51)

ചെറുപ്പത്തിൽ വായിച്ചിരുന്ന ബാലസാഹിത്യകഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അലാവുദ്ദീനും അത്ഭുതവിളക്കും എന്ന കഥയായിരുന്നു. വിളക്കിലുരസുമ്പോൾ, എന്താവാശ്യവും നിറവേറ്റാൻ തയ്യാറായി അലാവുദ്ദീൻ്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഭൂതം, ഒത്തിരി പ്രാവശ്യം എൻ്റെ മുൻപിൽ  പ്രത്യക്ഷപ്പെടുകയും എൻ്റെ പല ആഗ്രഹങ്ങളും സാധിച്ചു തരികയും ചെയ്തിട്ടുണ്ട്, സ്വപ്നത്തിലാണെന്നു മാത്രം.

ഇതേ ചോദ്യം ഇതിലും മനോഹരമായി പിന്നെ കേട്ടിരിക്കുന്നത് സുവിശേഷത്തിലാണ്. ബർത്തിമേയൂസിന് കാഴ്ച നൽകുന്ന ഭാഗം പ്രത്യക്ഷപ്പെടുന്ന സുവിശേഷത്താളുകളിൽ ഭൂമിയിലെ ഏതൊരു മനുഷ്യജീവനും കേൾക്കാൻ ആഗ്രഹിക്കുന്ന ഈ ചോദ്യം, കുഞ്ഞിനെ മടിയിലിരുത്തി കൊഞ്ചിക്കുന്ന അമ്മയുടെ ലാഘവത്തോടെ ഈശോ ബർത്തിമേയൂസിനോട് ചോദിക്കുന്നു. “ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌?” യേശു ചോദിച്ചു തീരുന്നതിനുമുന്പേ ഉത്തരവുമായി ബർത്തിമേയൂസ് വികാരാധീനനാകുന്നു. ബർത്തിമേയൂസ് എന്നെങ്കിലും, വെറുതെയെങ്കിലും കേൾക്കാൻ ആഗ്രഹിച്ച ചോദ്യം. പക്ഷേ ആരും അതുവരെ അത് ചോദിച്ചിരുന്നില്ല.

ഇങ്ങനെയും ഒരു ദൈവമുണ്ടോ? ഇത്രയും ചെറുതാകുന്ന ഒരു ദൈവം! ഒരിക്കലും നടക്കില്ലെന്നു കരുതി ധർമ്മം യാചിക്കാൻ തുണി വിരിച്ച ബർത്തിമേയൂസിനെ ക്രിസ്തു അത്ഭുതപ്പെടുത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം ബർത്തിമേയൂസിനു കാഴ്ച കിട്ടിയത് അത്ഭുതമേ അല്ല. കണ്ണ് സൃഷ്ടിച്ചവന് കാഴ്ച നൽകുവാൻ എന്ത് ബുദ്ധിമുട്ട്? പക്ഷെ ഗുരുവിൻ്റെ ആ ചോദ്യമുണ്ടല്ലോ, അത് മതി ഈ വാഴ്വിൽ നനഞ്ഞ മനസ്സോടെ, നിറഞ്ഞ കണ്ണുകളോടെ, നന്ദി നിറഞ്ഞ മനസ്സോടെ ജീവിക്കാൻ.

ഞാൻ ഒരിക്കലും ദൈവത്തോട് കലഹിക്കില്ല. എൻ്റെ ജീവിതത്തിൽ കുരിശുകൾ ഇല്ലാതിരുന്നതുകൊണ്ടല്ല, മറിച്ച്  ദൈവംപോലും കൈവിട്ടോ എന്ന് സംശയിച്ച ഗത്സമേനികളിൽ എനിക്ക് ചാരിയിരിക്കാൻ വക്ഷസ് തന്നതിന്. ഞാൻ തൂങ്ങിയ കുരിശുകളിലെല്ലാം മറുപുറത്ത് അവൻ കൂട്ടിരുന്നതിന്. എൻ്റെ കാൽവരിയിൽ തീരേണ്ട കുരിശുകളെ അവൻ ഉത്ഥാനപ്രഭയിലേക്ക് അടുപ്പിച്ചതിന്. എല്ലാവരും കല്ലുരുട്ടി കയറ്റിവച്ച, പ്രതീക്ഷകൾക്ക് ഇടമില്ലെന്നു വിധിച്ച എൻ്റെ കല്ലറയിൽ നിന്ന്, സ്വാതന്ത്ര്യത്തിൻ്റെ തൂവെളിച്ചത്തിലേക്ക് എന്നെ ഉയർത്തിയത്തിന്.

ഒരു ദൂരയാത്ര പോകുന്നതിനുമുമ്പ് ആത്മസുഹൃത്തിനോട് ചോദിച്ചു. ‘നിനക്കെന്താണ് കൊണ്ടുവരേണ്ടത്?’. ‘വേണ്ട. ഇനിയൊന്നും വേണ്ട, ഈ ചോദ്യത്തിൽ ആവശ്യമായതെല്ലാം ഉണ്ട്‘. അല്പസമയം ശാന്തമായൊന്നിരിക്കാം. പണ്ട് അമ്മയുടെ മടിത്തട്ടിലിരുന്നപോലെ. ഈശോ ചെവിയിൽ മന്ത്രിക്കുന്നു “നിനക്ക് വേണ്ടി  ഞാൻ എന്താണ് ചെയ്യേണ്ടത്?”

ഉത്തരം കൊടുക്കേണ്ട.. . ഉത്തരം നൽകി ഈ ചോദ്യത്തെ നിസ്സാരമാക്കരുത്.

ശുഭരാത്രി

Fr Sijo Kannampuzha OM