വര്‍ഷം 1990. ഞാന്‍ അന്ന് പാലാ സെന്റ് തോമസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. അക്കൊല്ലം പാലാ സബ്ജില്ലാ സ്കൂള്‍ യുവജനോത്സവത്തില്‍ കഥാമത്സരത്തില്‍ എനിക്കൊരു സമ്മാനം കിട്ടി. അക്കാര്യമറിഞ്ഞ് എന്നെക്കാള്‍ ഒരു ക്ലാസ് താഴെയുള്ള ഒരുവന് എന്നെ കാണാനും പരിചയപ്പെടാനുമായി ഒരുച്ചനേരത്ത് ക്ലാസില്‍ എത്തി.
രതീഷ് എന്നായിരുന്നു അവന്റെ പേര്. പലതും പറഞ്ഞവന്ന കൂട്ടത്തില്‍ അവന് എന്നോടൊരു കാര്യം ചോദിച്ചു, എഴുതുന്നതല്ലാതെ എവിടെയെങ്കിലും പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടുണ്ടോ? അതിന് മുമ്പ് ഒന്നോ രണ്ടോ ഇടങ്ങളില്‍ പ്രസിദ്ധീകരണത്തിന് കൊടുത്തിരുന്നു എന്നത് സത്യമായിരുന്നു. എന്നാല്‍ അവയൊക്കെ പത്രാധിപരുടെ നിര്‍വ്യാജമായ ഖേദത്തോടെ ഉടന്‍ തന്നെ തിരികെ വരുകയും ചെയ്തിരുന്നു. പിന്നീട് അത്തരമൊരു ശ്രമമൊന്നും എന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതായിരുന്നു സത്യം.
അപ്പോള്‍ രതീഷാണ് പറഞ്ഞത് ദീപനാളം എന്നൊരു പ്രസിദ്ധീകരണത്തെക്കുറിച്ച്. പാലാ രൂപതാംഗമായിരുന്നിട്ടും എനിക്കന്ന് ആ പ്രസിദ്ധീകരണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പക്ഷേ അക്രൈസ്തവനായിരുന്നിട്ടും രതീഷ് അതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു. സ്കൂള്‍ കോമ്പൗണ്ടിന്റെ വഴിക്കപ്പുറമാണ് ദീപനാളം എന്നതും എന്റെ അത്ഭുതമായിരുന്നു.
അങ്ങനെ ഒരുച്ചനേരം അവന് എന്നെയും കൂട്ടി ദീപനാളത്തിലേക്ക് പോയി. ദേവസ്യാ അഞ്ഞൂറ്റിമംഗലം സാറായിരുന്നു അന്ന് പത്രാധിപര്‍. ജോണി തോമസ് മണിമല സബ് എഡിറ്ററും വിറയലോടെയാണ് അന്ന് അവിടെ എത്തിയത്. ഒരു പത്രമാഫീസ് ആദ്യമായിട്ടായിരുന്നു കാണുന്നതും. കഥ അവിടെയേല്പിച്ചു.
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മറുപടി പറയാമെന്ന് പറഞ്ഞ് ദേവസ്യാസാര്‍ ഞങ്ങളെ വിട്ടു. ആ മൂന്നു ദിവസം എങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്ന് ഇന്നും ഓര്‍മ്മിക്കുമ്പോള്‍ വല്ലാത്ത….
അടുത്ത ക്ലാസിലേക്കുള്ള പ്രമോഷന് ലിസ്റ്റില്‍ തന്റെ പേരുണ്ടോ എന്ന് അറിയാന്‍ നോട്ടീസ് ബോര്‍ഡില്‍ നോക്കിനില്ക്കുന്ന മിടുക്കനല്ലാത്ത ഒരു വിദ്യാര്‍ത്ഥിയുടെ സകല ചങ്കിടിപ്പോടും കൂടിയായിരുന്നു വീണ്ടും ദീപനാളത്തിന്റെ ഓഫീസിലെത്തിയത്. പക്ഷേ ഫസ്ററ് ക്ലാസ് ലഭിച്ച ഇടത്തരം വിദ്യാര്‍ത്ഥിയുടെ വിജയമായിരുന്നു എന്നെ കാത്തുനിന്നത്. ഓര്‍ക്കുമ്പോള്‍ ഇന്നും അത്ഭുതം തോന്നുന്നു. കഥ പ്രസിദ്ധീകരണാര്ഹമാണെന്നായിരുന്നു ദേവസ്യാസാറിന്റെ മറുപടി.
എന്റെ കഥ പ്രസിദ്ധീകരണയോഗ്യമല്ലെന്ന് പറഞ്ഞ് ദേവസ്യാസാര്‍ മടക്കി അയച്ചിരുന്നുവെങ്കില്‍ ഞാന്‍ പിന്നീട് എഴുതുമായിരുന്നോ.. അറിയില്ല. ഒരുപക്ഷേ വായനകൊണ്ടോ പാരമ്പര്യം കൊണ്ടോ എഴുത്തുമായി യാതൊരു ചേര്‍ച്ചയും ഇല്ലാതിരുന്ന ഒരു കുടുംബത്തില്‍ നിന്ന്, ദൈവം മറ്റേതോ മഹത്തായ സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അവിടുത്തെ കൈവിരലുകള്‍ക്കിടയിലൂടെ അറിയാതെ ചോര്‍ന്നുപോയപ്പോള്‍, എഴുത്തിന്റെ പൊന്‍വെളിച്ചം കിട്ടിയ വ്യക്തിയായതു കൊണ്ട് മാത്രം ഞാനൊരുപക്ഷേ വീണ്ടും എഴുതുമായിരുന്നിരിക്കണം. എങ്കിലും ഒരുപതിനഞ്ചുകാരന്‍ അന്ന് ദീപനാളം നല്കിയ പ്രോത്സാഹനം വലിയ ആത്മവിശ്വാസത്തിന് കാരണമായിരുന്നു. അതും എഴുതിയതില്‍ യാതൊരു വെട്ടും തിരുത്തും ഇല്ലാതെ പൂര്‍ണ്ണമായും അതേപടി പ്രസിദ്ധീകരിച്ചത്.
പിന്നീട് പ്രഗത്ഭരായ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, ദേവസ്യാ സാര്‍ സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ പോലും കവിതകള്‍ എഡിറ്റ് ചെയ്തേ നല്‍കിയിരുന്നുള്ളൂവെന്നും അതിന്റെ പേരില്‍ ഇരുവരും സ്നേഹപുരസരം കലഹിക്കാറുണ്ടായിരുന്നുവെന്നും.
1990 ലെ ജനുവരി ലക്കത്തിലാണ് ആ കഥ പ്രസിദ്ധീകരിച്ചുവന്നത്. ആകാശം നീലയല്ല എന്നായിരുന്നു കഥയുടെ പേര്. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ചുവന്ന ആദ്യ കഥയെക്കുറിച്ച് ആലോചിക്കുന്പോള്‍ അത് അച്ചടിച്ചുവന്ന പേജിന്റെ ചിത്രം ഇപ്പോഴും കണ്ണുകളില്‍ തെളിഞ്ഞുനില്ക്കുന്നു. ആ പത്രത്തിന്റെ മണം മൂക്കിന്തുന്പത്തുനിന്ന് മാഞ്ഞുപോയിട്ടുമില്ല.