ഈ തലമുറയെ എന്തിനോടാണു ഞാൻ ഉപമിക്കേണ്ടത്‌?

0

ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്‌? (മത്തായി 11 : 16)

ഒരു വൃദ്ധ മന്ദിരത്തിൽ ഒരമ്മയെ കണ്ടുമുട്ടിയതോർക്കുന്നു. വളരെ ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപ്പെട്ട അവർ തനിക്കുണ്ടായ ഏക മകളെ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. കൂലിപ്പണിചെയ്തും പാത്രം കഴുകിയും ആ മകൾക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ ആ ‘അമ്മ പരമാവധി പരിശ്രമിച്ചു. ദൈവാനുഗ്രഹം കൊണ്ട് ആ പെൺകുട്ടി നന്നായി പഠിച്ച് നല്ലൊരു ജോലി സമ്പാദിച്ചു. ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപ്പെട്ടതു കൊണ്ടും ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയതിന്റെ ആഘാതത്തിലുമെല്ലാം ആ അമ്മക്ക് ചെറിയൊരു മാനാസികാസ്വാസ്‌ഥ്യം ഉണ്ടായിരുന്നു. മനസ്സ് ശാന്തമല്ലാത്ത അമ്മയുടെ കൂടെയുള്ള ജീവിതം തന്റെ ഭാവിക്ക് തടസ്സമാകുമെന്ന് മനസ്സിലാക്കിയ പെൺകുട്ടി വൃദ്ധസദനം നടത്തുന്ന സിസ്റ്റേഴ്സിനെ സമീപിച്ചു. തന്റെ വിവാഹം കഴിയുന്നതുവരെ അമ്മയെ അവിടെ നിർത്തണമെന്നാവശ്യപ്പെട്ടു. അവളുടെ അവസ്ഥയിൽ അവർ അമ്മയെ നോക്കാമെന്നേറ്റു. വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായിട്ടും ആ ‘അമ്മ ഇപ്പോഴും അവിടെ തന്നെയുണ്ട്.

ഭക്ഷണത്തിൽ നിയന്ത്രണമുള്ള, നിലപാടുകളിൽ കണിശതയുള്ള, വിമർശനങ്ങളിൽ മൂർച്ചയുള്ള, ജീവിതത്തെ ഗൗരവമായി സമീപിച്ച സ്നാപകനെ യഹൂദർ സ്വീകരിച്ചില്ല. എന്നാൽ ജനങ്ങളോട് ചേർന്ന്, അവരുമായി സംവദിച്ചു കടന്നു വന്ന യേശുവിനെയും യഹൂദർക്ക് ഇഷ്ടപ്പെട്ടില്ല. ‘ഈ’ തലമുറയെ എന്തിനോടുപമിക്കും എന്നാണു യേശു ചോദിക്കുന്നത്?

യേശുപോലും ഒരു താരതമ്യത്തിന് മുതിരുന്നു എന്നുള്ളത് അത്ഭുതപ്പെടുത്തുന്നു. പ്രതീക്ഷിച്ച നന്മ കാണാതെ വരുമ്പോഴാണ് മനുഷ്യൻ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുക. യഹൂദർ യേശുവിന്റെ ‘പ്രതീക്ഷ’ തെറ്റിച്ചു എന്നർത്ഥം.

എത്രപേരുടെ പ്രതീക്ഷയുടെ ഭൂതക്കണ്ണാടിക്കടിയിലൂടെയാണ് നമ്മുടെ ജീവിതം ഓരോ മണിക്കൂറും കടന്നുപോകുന്നത്? മാതാപിതാക്കൾ അവരുടെ ആഗ്രഹങ്ങളുമായി സമീപിക്കുന്നു. ജീവിത പങ്കാളി അവരുടെ സ്വപ്നങ്ങളുമായി വരുന്നു. കുഞ്ഞുങ്ങൾ അവരുടെ മോഹങ്ങളുമായി കാത്തിരിക്കുന്നു. ജോലി സ്ഥലവും നമ്മുടെ മേൽ പ്രതീക്ഷയുടെ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്തിനേറെ, വഴിയിൽ കാത്തിരിക്കുന്ന യാചകൻ പോലും നിന്നെക്കുറിച്ചു പ്രതീക്ഷയുള്ളവനാണ്. നീ അടുത്തെത്തുമ്പോൾ അവൻ ചില്ലറപൈസകൾ കിലുക്കി നിന്റെ ശ്രദ്ധ ആകർഷിക്കുന്നതും അതുകൊണ്ടാണല്ലോ. പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കുമ്പോഴാണ് നീ ബഹുമാനിതനും ആദരിക്കപ്പെടുന്നവനും ആകുന്നത്. അമ്മക്ക് താങ്ങും, സഖിക്ക് തുണയും, കുഞ്ഞിന് സുരക്ഷിതത്വവും നൽകുമ്പോൾ സഹോദരങ്ങൾക്ക് സഹായവും കൂടെയുള്ളവർക്ക് ഉത്തേജനവും നൽകുമ്പോൾ നീ പ്രതീക്ഷകൾ നിലനിര്ത്തുന്നവനാകുന്നു.

പക്ഷേ ഒന്നുണ്ട്. ആരുടെയൊക്കെ പ്രതീക്ഷകൾക്ക് കാവൽ നിന്നാലും ദൈവത്തിന്റെ പ്രതീക്ഷകൾക്ക് ഉയിരേകാൻ നിനക്ക് സാധിച്ചില്ലെങ്കിൽ അവനു നിന്നെയും താരതമ്യം ചെയ്യേണ്ടതായി വരും.

ശുഭരാത്രി

Fr Sijo Kannampuzha OM