ഇന്നുവേണ്ട, നാളെ മതി

0


നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? (മത്താ 23 : 33)

ഒരു കഥ ഓർമ്മപ്പെടുത്തുന്നു. നരകത്തിൽ പിശാചുക്കളുടെ വാർഷീകസമ്മേളനം നടക്കുന്നു. കൂടുതൽ ആത്മാക്കളെ നരകത്തിലെത്തിക്കുവാൻ എന്താണ് മർഗ്ഗമെന്നാണ് പ്രധാന ചർച്ചാവിഷയം. പരിചയസമ്പന്നരും അഗാധമായ പഠനവുമുള്ള പല ചെകുത്താൻന്മാരും പല ആശയങ്ങളും മുൻപോട്ട് വച്ചു.

‘നരകമില്ല’ എന്ന് നമുക്ക് പ്രചരിപ്പിക്കാം എന്ന് ഒരു പിശാച് അഭിപ്രായം പറഞ്ഞു. പക്ഷേ പലർക്കും അത് സ്വീകാര്യമായില്ല. നരകം ഭൂമിയിൽ തന്നെയാണെന്ന് അവതരിപ്പിക്കാമെന്നായി ചിലർ. അതും പൊതുസമ്മിതിയില്ലാതെ തള്ളപ്പെട്ടു. അവസാനം ഒരു കുട്ടിപിശാച് ഒരു പുതിയ ആശയം യോഗത്തിൽ അവതരിപ്പിച്ചു. അതെല്ലാവർക്കും ഇഷ്ടമായി, സ്വീകാര്യമായി. എല്ലാവരും കയ്യടിച്ച് അതംഗീകരിച്ചു. അതിതായിരുന്നു –

“നരകമുണ്ട്, പക്ഷേ ഇന്ന് മാനസന്തരപ്പെടേണ്ട. നാളെ മതി”
‘നാളെ നാളെ, നീളെ നീളെ’ എന്ന പഴഞ്ചൊല്ല് ഏറ്റവും കൂടുതൽ ശരിയാകുന്നത് ഈ ആശയത്തിലാണ് എന്ന് തോന്നുന്നു. നരകത്തെ പേടിച്ച് മാനസന്തരപ്പെടുന്നത് നല്ല ഒരു ആശയമാണെന്നു എനിക്ക് തോന്നുന്നില്ല. പക്ഷേ, നരകമേ ഇല്ലായെന്നപോലെയുള്ള ജീവിതം അതിലും മോശമായ ആശയമാണ്. നരാകാഗ്നിയിൽ നിന്ന് കാത്തുകൊള്ളണമേ എന്ന് നാം എല്ലാദിവസവും പലവുരു ആവർത്തിക്കുന്നുണ്ട്.

പക്ഷേ പലപ്പോഴും ഈ നരാകാഗ്നി നമ്മളാൽ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതും വാസ്തവമല്ലേ?
സ്നേഹമില്ലാത്ത, കരുണവറ്റിയ, പ്രതീക്ഷകൾ അസ്തമിച്ച ഇടമാണല്ലോ നരകം. ഞാൻ എന്റെ ചുട്ടുവട്ടങ്ങളിൽ ഇതിനിടയാക്കുമ്പോൾ ഞാൻ നരകം സൃഷ്ടിക്കുന്നവനായി മാറുന്നു. മറ്റുള്ളവരുടെ നന്മ കെടുത്തിക്കളയുന്ന, ചുറ്റുമുള്ളവരെ തിന്മയിലേക്ക് നയിക്കുന്ന, ഭിന്നത പരത്തുന്ന, വ്യക്തികളും ഇടങ്ങളുമെല്ലാം നരകമാണ്, അത് ഏത് ശ്രേഷ്ഠമായ പാരമ്പര്യത്തിന്റെ പേരിലാണെങ്കിലും. 

സ്വർഗ്ഗം പണിയപ്പെടുന്നത് കരുണയുടെ, സ്നേഹത്തിന്റെ, ആർദ്രതയുടെ നനവുള്ള മണ്ണിലാണ്. അവിടെ മാത്സര്യമില്ല, വിഭാഗീയതയില്ല, അവിടെയുള്ളത് ചേർത്തുപിടിക്കാനുള്ള മത്സരം മാത്രം.

ഇന്നുവരെയുള്ള ജീവിതത്തിൽ എത്ര സ്വർഗ്ഗാനുഭവങ്ങൾ തീർക്കാൻ എനിക്കായി? എന്റെ സ്വാർത്ഥതയും വാശിയും ഇന്നുവരെ എനിക്കുചുറ്റും സൃഷ്ടിച്ചത് നരകാഗ്നിയാണോ? നിനക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവർ നിന്റെയൊപ്പം സ്വർഗ്ഗത്തിൽ ഉണ്ടാകുമെന്ന് ഉറപ്പുപറയാൻ നിനക്കാകുമോ? നാളെയല്ല, ഇന്നുതന്നെ.