ടോട്ടോച്ചാന്‍ രുചിച്ചു നോക്കിയ മരപ്പട്ട

0

മരപ്പട്ടയുടെ ചെറിയൊരു കഷണം. അതു വായിൽ വച്ചു ചവയ്ക്കണം. കവർപ്പുതോന്നിയാൽ ആരോഗ്യത്തിനു തകരാറുണ്ട്. ഇല്ലെങ്കിലോ? പൂർണമായ ആരോഗ്യം സ്വന്തമാണ്. ഈ ഉപകരണം ടോട്ടോചാൻ സ്‌കൂളിലേക്കു പോകുമ്പോഴാണ് കണ്ടത്. ഇരുപതു സെന്റാണ് വിലയെന്ന് കച്ചവടക്കാരൻ പറഞ്ഞു.

ആ ആരോഗ്യസൂത്രം എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് അവൾ ആഗ്രഹിച്ചു. ഹെഡ്മാസ്റ്ററുടെ മകൾ ഉറ്റകൂട്ടുകാരിയാണ്. അവളോട് പണം കടംവാങ്ങി  വൈകിട്ട് മരപ്പട്ട സ്വന്തമാക്കി. 

വീട്ടിലെത്തിയ ടോട്ടോചാൻ മരപ്പട്ട ചവച്ചുനോക്കി. കവർപ്പില്ല. നല്ല ആരോഗ്യമുണ്ട്. അമ്മയും അച്ഛനും കടിച്ചുനോക്കി. കുഴപ്പമൊന്നുമില്ല. വീട്ടിലെ പട്ടിയെക്കൊണ്ടും കടിപ്പിച്ചു ഇഷ്ടക്കേടു കാണിച്ചില്ല. നല്ല ആരോഗ്യമുണ്ടെന്ന് മനസ്സിലായി.

പിറ്റേന്ന് രാവിലെ ഹെഡ്മാസ്റ്ററുടെ പണം തിരികെ നൽകി. മരപ്പട്ട ചവയ്ക്കാനും കൊടുത്തു. ക്ലാസിൽ കൂട്ടുകാർക്കും ടീച്ചർക്കും അവൾ മരപ്പട്ട കൊടുത്തു. എല്ലാവർക്കും ആരോഗ്യമുണ്ടെന്നുകണ്ട് അവൾ സന്തോഷത്താൽ തുള്ളിച്ചാടി. ആരു കടിച്ചാലും രുചിയുണ്ടാകാത്ത ഒരു മരത്തിന്റെ തൊലിയാണ് അതെന്ന് ടോട്ടോചാൻ അറിഞ്ഞില്ല. പക്ഷെ എല്ലാവർക്കും  ആരോഗ്യമുണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്കുണ്ടായ സന്തോഷം വലുതാണ്.

മറ്റുള്ളവർക്കെല്ലാം സുഖവും ആരോഗ്യവും ഉണ്ടാകണമെന്ന ആഗ്രഹം എത്ര നല്ലതാണ്.!  ടോട്ടോചാനു മാത്രമല്ല, എല്ലാവർക്കും വേണ്ടതാണ് ഈ ആഗ്രഹം. ലോകം നന്മ നിറഞ്ഞതാകാനുള്ള ആദ്യപടി ഇത്തരം നന്മയുള്ള ആഗ്രഹങ്ങൾ തന്നെയാണ്.

 ഷാജി മാലിപ്പാറ