സ്പർശനം

0

ആരാണ്‌ എൻ്റെ വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചത്‌? (മര്‍ക്കോ 5:30)

”അങ്ങ് സത്യമായും ദൈവത്തെ കണ്ടിട്ടുണ്ടോ?” നരേന്ദ്രൻ ശ്രീരാമകൃഷ്ണ പരമഹംസരോട് ചോദിച്ചു.

”ഉവ്വ്, ഞാന്‍ ദൈവത്തെ കാണുന്നു; ഇപ്പോള്‍ നിന്നെ കാണുന്നതുപോലെ തന്നെ. കൂടുതല്‍ തീക്ഷ്ണതയോടെ”.

നരേന്ദ്രൻ പരമഹംസരിൽ ആകൃഷ്ടനാകുന്നതും അവസാനം ദിവ്യമായ സ്പർശനത്തിലൂടെ നരേന്ദ്രനെ ആദ്ധ്യാത്മീകാനുഭവത്തിലേക്ക് നയിക്കുന്നതും നാം വായിച്ചിട്ടുണ്ട്.

സുവിശേഷത്തിൽ തൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച് സൗഖ്യം സ്വീകരിച്ച സ്ത്രീയോട് ഈശോ എല്ലാം അറിഞ്ഞുകൊണ്ടുതന്നെ ചോദിക്കുകയാണ് “ആരാണ്‌ എൻ്റെ വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചത്‌?” സ്പർശം അവനെന്നും കരുണയുടെ അടയാളമായിരുന്നു. അന്ധനും ബധിരനും കുഷ്ഠരോഗിയുമെല്ലാം പൂർവ്വസ്ഥിതിയിലായത് അവൻ്റെ കൈകളാൽ അനുഗ്രഹിക്കപ്പെട്ടപ്പോളാണ്. മരിച്ചവൻ ഉയിർകൊണ്ടതും അറ്റുവീണ ചെവി മുറികൂടിയതുമെല്ലാം അവൻ്റെ സ്പർശനത്താലായിരുന്നു. അവൻ്റെ കൈകളിൽ കരുണയുടെ തൂവാല ഒളിപ്പിച്ചിരുന്നു.

സൗഖ്യം നൽകുന്ന സ്പർശനം ആരാണ് ആഗ്രഹിക്കാത്തത് ? രാത്രിയിൽ എന്തിനോവേണ്ടി ഞെട്ടിയെഴുന്നേറ്റ് കരയുന്ന കുഞ്ഞ് അമ്മയുടെ സ്പർശം അനുഭവിക്കുമ്പോൾ എത്ര വേഗമാണ് സുഷുപ്തിയിലേക്ക് വീഴുന്നത്? ചില തലവേദനകളിൽ അവൾ നെറ്റിത്തടത്തിൽ തൂകിത്തരുന്ന മരുന്ന് മനസ്സിനെയും കുളിർപ്പിക്കുന്നില്ലേ? സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട് കുനിഞ്ഞിരുന്ന് കരഞ്ഞ നിമിഷങ്ങളിൽ തോളിൽ പതിഞ്ഞ ആ കരസ്പർശം നൽകിയ ആശ്വാസവും പറയാതെ പറഞ്ഞ വാക്കുകളും മറക്കാനാകുമോ? തിരുന്നാളുകളിലും ധ്യാനങ്ങളിലും എഴുന്നള്ളിച്ചുകൊണ്ടുവരുന്ന അരുളിക്കയിലെ ദിവ്യകാരുണ്യത്തെ ഒന്ന് തൊടാൻ സാധിച്ചിരുന്നെങ്കിലെന്ന് കൊതിച്ചുപോയിട്ടില്ലേ? തിരുപ്പട്ടസ്വീകരണദിവസം കൈമുത്തിയവരെല്ലാം ആ സ്പർശനത്തിൽ ആഗ്രഹിച്ചത് പ്രാർത്ഥനയും അനുഗ്രഹവുമല്ലേ? ചില പുണ്യാത്മാക്കളുടെ കൈകൾ തലയിൽ വച്ചൊന്ന് അനുഗ്രഹിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിട്ടില്ലേ? ചെടികളെ പരിചരിക്കുമ്പോൾ അവ സ്പർശനത്തിനായി കാത്തുനിൽക്കുന്നത് നിരീക്ഷിച്ചിട്ടുണ്ടോ? അരുമയായ ജീവികൾ സ്പർശനത്തിൽ മതിമയങ്ങുന്നത് കണ്ടിട്ടുണ്ടോ? അവസാനം അനുഭവിക്കാനാകാത്ത ചുംബനം സ്വീകരിച്ചുകൊണ്ട് മണ്ണോട് ചേരുമ്പോൾ അവസാനത്തെ സ്പർശവും നമ്മോട് വിട പറയുകയാണ്.

നന്മയും തിന്മയുമായ സ്പർശം തിരിച്ചറിയാൻ മനുഷ്യന് കഴിവുണ്ട്. മനുഷ്യൻ സ്പർശിക്കുന്നത് ഒന്നുകിൽ അവനുവേണ്ടിയോ അല്ലെങ്കിൽ അപരനുവേണ്ടിയോ ആണ്. വികാരപ്രകടനങ്ങളിൽ ഏറെ അതിരുകൾ നിശ്ചയിക്കപ്പെട്ട ഒരു സമൂഹമായിരുന്നിട്ടുകൂടി ജീവിതത്തിൽ എത്രയോ പേരെ എത്രയോ പ്രാവശ്യം നാം സ്പർശിക്കുന്നു? എൻ്റെ സ്പർശം എത്രപേർക്ക് അനുഗ്രഹമായി? സാന്ത്വനമായി? പ്രതീക്ഷയായി? താങ്ങായി? ഇന്നുവരെ ഞാൻ സ്പർശിച്ചതെല്ലാം എനിക്കുവേണ്ടി മാത്രമായിരുന്നോ ?

കർത്താവിൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ചവൾക്ക് സൗഖ്യം ലഭിച്ചു? എൻ്റെ സ്പർശനങ്ങളിൽ എത്രമാത്രം സ്നേഹവും കരുതലും ആശ്വാസവും സംപ്രേഷണം ചെയ്യാൻ എനിക്ക് സാധിച്ചു? നിൻ്റെ കൈകളും സൗഖ്യം നൽകാൻ കഴിയുന്നവയാണ്. നിൻ്റെ സ്പർശനത്തിലൂടെ സുഖപ്പെടാൻ, കൂടിച്ചേരാൻ, പിണക്കമകറ്റാൻ, അനേകർ കാത്തിരിക്കുന്നവരുണ്ട്. നീ സ്പർശിക്കുന്നവരെല്ലാം ക്രിസ്തുവിനാൽ സ്പർശിക്കപ്പെടട്ടെ.

ശുഭരാത്രി  

Fr Sijo Kannampuzha OM