തീവണ്ടി

0

ഒരു തീവണ്ടി അപകടത്തെ പറ്റി വായിച്ചുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ നിറഞ്ഞു വന്ന ഒരു വചനം ഇപ്രകാരം ആയിരുന്നു, ലോകം മുഴുവൻ നേടിയാലും നിൻ്റെ ആത്‌മാവ്‌ നശിച്ചാൽ എന്തു ഫലം.

സത്യത്തിൽ ഈ രണ്ടു കാര്യങ്ങൾക്കും കൂടെ എന്ത് ബന്ധം എന്ന ഒരു ചോദ്യം ഉള്ളിൽ ഉയർന്നു വന്നു. അല്പം ശാന്തമായി ഇരുന്നപ്പോൾ മനസ്സിൽ നിറഞ്ഞ ചില ചിന്തകൾ ആണ് ഇവ.

എൻ്റെ ജീവിതവുമായി ഈ അപകടത്തിന് ഒരു ബന്ധം ഉള്ള പോലെ തോന്നി. വായിച്ച തീവണ്ടി അപകടത്തിൻ്റെ കാരണം ആ തീവണ്ടിയുടെ എൻജിൻ പാളം തെറ്റിയതായിരുന്നു. ആ എൻജിൻ കെട്ടി വലിച്ചിരുന്ന മറ്റു ബോഗികളും പാളം തെറ്റി കുറെ പേർ മരണപ്പെട്ടു, കുറെ പേർക്ക് ഗുരുതരമായ പരിക്കേറ്റു, ചിലർക്ക് ഒരിക്കലും മാറാത്ത മുറിപ്പാടുകൾ ഉണ്ടായി, പലരുടെയും സ്വപ്‌നങ്ങൾ ആ പാളങ്ങളിൽ ചിതറിക്കപ്പെട്ടു……

 എൻ്റെ ജീവിതവുമായി ഇതിനു ബന്ധം ഉണ്ടെന്നു പറയാൻ  ഏറെ കാരണങ്ങൾ ഉണ്ട്. തീവണ്ടിയുടെ എൻജിൻ പാളം തെറ്റിയപോലെ എൻ്റെ  ആദ്ധ്യാൽമിക ജീവിതത്തിൻ്റെ പാളം തെറ്റി പോയപ്പോൾ ഉണ്ടായ കുറെ ഏറെ അപകടങ്ങൾ ആണ് മനസ്സിൽ നിറഞ്ഞു വന്നത്.

പലപ്പോഴു൦ വന്നു ഭവിച്ച അപകടങ്ങളുടെ മുറിവുകൾ ഇന്നും എന്നിൽ അവശേഷിക്കുന്നു. എന്നിൽ മാത്രം അല്ല, ഞാൻ മൂലം മറ്റു പലരിലും…എൻ്റെ ജീവിതത്തിൻ്റെ എൻജിൻ എൻ്റെ അദ്ധ്യാൽമിക ജീവിതം ആകുമ്പോൾ അതിനു സംഭവിക്കുന്ന പാളം തെറ്റലുകൾ അത് കെട്ടിവലിക്കുന്ന ജീവിതത്തിൻ്റെ മറ്റു പല മേഖലകളിലേക്കും ബാധിക്കാറുണ്ട്.

ഒരു ലക്‌ഷ്യം നോക്കി യാത്ര ചെയ്യുമ്പോൾ തെറ്റുകൾ സ്വാഭാവികം എന്ന ന്യായികരണം എനിക്ക് സമാധാനം നൽകുന്നു ( ഉള്ളിൽ സത്യത്തിൽ അതില്ലെങ്കിലും). ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും വഹിച്ചുകൊണ്ട് പോകുന്നത് ഈ അദ്ധ്യാൽമികതയുടെ എൻജിൻ ആണെന്നുള്ളത് മറന്നു, അതിനെ പിൻതുടരുന്ന പലതിൻ്റെയും പിന്നാലെ പോകാൻ ആണ് എനിക്കിന്നിഷ്ടം.

ഇപ്പോൾ എൻജിനിൽ നിന്നും ഞാൻ ഒത്തിരി അകലെ ആണ്. അതുകൊണ്ടു തന്നെ പലപ്പോഴു൦ പാളം തെറ്റലുകൾ ഞാൻ അറിയുന്നില്ല. അതുമാത്രം അല്ല, പലപ്പോഴു൦ അപകടം കഴിഞ്ഞു അതിൻ്റെ വ്യാപ്തി കൂടുമ്പോൾ മാത്രം ആണ് ഞാൻ ഒരു തിരിച്ചു പോക്കു നടത്തുന്നത്. എൻജിൻ ശരിയായ രീതിയിൽ ഓടുന്നെങ്കിൽ ഒരു പരിധിവരെ അപകടം കുറയും. അതുകൊണ്ടു തന്നെ ഒരു കരുതൽ എനിക്ക് ആവശ്യമാണ്. ആ കരുതലിനുള്ള നേരം ആണ് ഇപ്പോൾ…

ചില കരുതലുകൾ അപകടങ്ങളുടെ വ്യാപ്തി  കുറയ്ക്കും. ചില വിട്ടുവീഴ്ചകൾ സമ്മാനിക്കുന്നത്, കുറെ വേദനകൾ, നഷ്ട്ടപെടലുകൾ,മുറിവുകൾ,നിരാശ തുടങ്ങി… ഈ നിര കുറെ ഉണ്ട്. ഇനി കരുതൽ വേണോ, വിട്ടുവീഴ്ച വേണോ എന്ന് ഞാൻ തീരുമാനിക്കുക.

യാത്രക്കു ഇനിയും പാളം നീണ്ടു കിടക്കുന്നുണ്ട്. പാതി വഴിയിൽ ഒരു ദുരന്ത൦ ആയി തീരണോ എന്നതും എൻ്റെ കരുതലുകൾക്കു അനുസരിച്ചു തീരുമാനിക്കപ്പെടും. എല്ലാം നേടാൻ ഉള്ള തിരക്കിനിടയിൽ കരുതൽ നൽകേണ്ടതിനു വേണ്ട കരുതൽ  നൽകാതെ പോകുമ്പോൾ ഒരിക്കൽ കൂടി എൻ്റെ ഉള്ളിൽ ഒരു വചനം അലയടിച്ചാൽ ചിലപ്പോൾ അതിനു ഉത്തരം ലഭിക്കണമെന്നു  നിർബന്ധം ഇല്ല,

“ലോകം മുഴുവൻ നേടിയാലും നിൻ്റെ ആത്മാവു നശിച്ചാൽ എന്തു പ്രയോജനം”.

 ഫ്രിജോ തറയിൽ