പരിശീലനം അത്ഭുതം സൃഷ്ടിക്കുമോ?

0ഒരിക്കൽ നഗരത്തിൽ ഒരു അമ്പ് എയ്ത്തുകാരൻ എത്തി. അയാൾ കാണികളെ മുഴുവൻ വെല്ലുവിളിക്കുവാൻ തുടങ്ങി. പല വിധത്തിൽ അയാൾ ആളുകൾക്ക് മുമ്പിൽ അമ്പ് എയ്ത് എന്റെ മിടുക്ക് പ്രദർശിപ്പിച്ചു.ആളുകൾ അത്ഭുതത്തോടെ അത് കണ്ടു നിന്നു.  പെട്ടെന്ന് ഒരു യുവാവ് അവിടെയെത്തി. അയാളുടെ പ്രകടനം കണ്ട ശേഷം അവൻ അയാളോട് ചോദിച്ചു. എന്റെ ഒപ്പം വന്നാൽ ഞാനൊരത്ഭുതം കാട്ടി തരാം. അയാൾ പുച്ഛത്തോടെ അവനോട് ആരാഞ്ഞു  ഇതിലും വലിയ അത്ഭുതം നീ എനിക്ക് കാട്ടി തരുമെന്നോ ..? എന്നാൽ അതൊന്നു കാണുക തന്നെ വേണം. അയാൾ അവന്റെ ഒപ്പം ചെന്നു.

ഒരു പലചരക്ക് കടയിലേക്ക് അവൻ അയാളെ ആനയിച്ചു . സാധനം വാങ്ങുവാൻ വന്ന ആളുകളുടെ നിര അവിടെ അയാൾ കണ്ടു. ആളുകൾ അവശ്യ സാധനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അവൻ തന്റെ രണ്ടു കൈകൾ കൊണ്ട് ഒരേ സമയം പല പല സാധനങ്ങൾ എടുത്ത് കൊടുത്തു. ഇത് കണ്ടു നിന്ന അയാളോട് അവൻ ചോദിച്ചു … അങ്ങേക്ക് ഇത് ചെയ്യുവാൻ  കഴിയുമോ ? അയാൾക്ക് മൗനം പൂണ്ടു. 

പരിശീലനമാണ് എറ്റവും പ്രധാനം. നാം എന്ത് കൂടുതൽ പരിശീലിക്കുന്നുവോ അതിൽ നാം പ്രഗൽഭരായി തീരുന്നു. മത്സരങ്ങൾ വേട്ടയാടുന്ന യുവമനസ്സുകൾക്ക് മുമ്പിൽ ഒരു അത്ഭുത കവാടമായി പരിശീലനം നിലനിൽക്കുന്നുണ്ട്. പരാജയ ഭീതിയും ആകുലതയും വേട്ടയാടുമ്പോൾ ഒന്ന് മനസ്സിൽ ഓർക്കുക. പരിശീലനത്തിന്റെ ശക്തി.

വിജയത്തിലേക്കുള്ള പാതയിൽ പരിശീലനത്തിന്റെ ശക്തി സദാ നമ്മെ നയിക്കുമ്പോൾ നാം തളർന്നു പോവുകയില്ല. ആകുലതകൾക്കും ഭയത്തിനും ഉള്ള ഏക ഒറ്റമൂലി പരിശീലനം മാത്രമാണ്. 

അതു കൊണ്ടാണ് മാർട്ടിൻ ലൂഥർ കിംങ്ങ് ജൂനിയർ ലോകത്തോട് പറഞ്ഞത് . നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക ഓടുവാൻ കഴിയില്ലെങ്കിൽ നടക്കുക നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക എന്തു ചെയ്താലും മുൻപോട്ട് തന്നെ നീങ്ങുക .

അതെ എപ്പോഴും മുമ്പോട്ട് തന്നെ നീങ്ങുവാൻ നമ്മുക്ക് മനസ്സിനെ പരിശീലിപ്പിക്കാം.

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ