സത്താമാറ്റം

0

യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്‌.”(യോഹ 8 : 11)

എട്ടാംക്ലാസ്സിലെ വേദപാഠത്തിലാണ് Trans-substantiation അഥവാ ‘സത്താമാറ്റ’ത്തെ കുറിച്ച് പഠിച്ചത്. വി. കുർബാനയിൽ അപ്പത്തിന്റെ അപ്പത്തം മാറി ക്രിസ്തുവിന്റെ ശരീരമായി മാറുന്നു; പുറമെ അപ്പത്തിന്റെ ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ. 
ഫിലോസഫിപഠനം ഗൗരവമാകുന്നത്‌ Metaphysics  ലേക്ക് എത്തുമ്പോഴാണ്.

സത്താമാറ്റം വിശദീകരിക്കാൻ Metaphysics ന്റെ പദങ്ങളാണുപയോഗിക്കുന്നതും. 1. Substance(സത്ത -എന്തായിരിക്കുന്നോ അത്)2. Accidents (സവിശേഷഗുണങ്ങൾ – എന്താണെന്ന് സൂചിപ്പിക്കുന്ന നിറം, ആകൃതി, രുചി, മണം തുടങ്ങിയവ)
സത്താമാറ്റത്തിൽ Substance മറ്റൊന്നായി മാറുന്നു, Accidents മാറാതെ തന്നെ. ദിവ്യകാരുണ്യത്തിൽ അപ്പത്തിന്റെ നിറവും ആകൃതിയും മാറുന്നില്ല; പക്ഷെ, സത്ത മാറുന്നു – അപ്പം ക്രിസ്തുശരീരമായിത്തീരുന്നു. 

ഒരു നാട് മുഴുവൻ കല്ലെറിയാനോങ്ങിയ ‘പാപിനിയായ സ്ത്രീ’ .. ക്രിസ്തു പാപം പൊറുത്ത് തിരികെ അയയ്ക്കുന്നത് പഴയ പാപിനിയെ അല്ല, ‘സാത്താമാറ്റം’ വന്ന പുതിയ സ്ത്രീയെ ആയിരുന്നു.. രൂപം പഴയത് തന്നെ, എന്നാൽ സത്തയിൽ മറ്റൊന്നായി മാറിയവൾ.. 

ക്രിസ്തുവുമായുള്ള കണ്ടുമുട്ടലുകൾ നമ്മിൽനിന്ന് ആവശ്യപ്പെടുന്നതും ഈ സത്താമാറ്റമാണ്. എന്റെ ആന്തരികതകളെ അവന് നവീകരിക്കാനുണ്ട്. 
ഓരോ മനുഷ്യനും ജന്മമെടുക്കുമ്പോൾ സ്വന്തമായി ഉള്ളത് കൈമാറ്റം ചെയ്തുകിട്ടിയ കുറെ ജനിതകസ്വഭാവങ്ങളാണ്. ചരിത്രം ആവർത്തിക്കപ്പെടാൻ പ്രകൃതിയുടെ സഹായം ! പോസിറ്റീവ് ആയ പലതുമുണ്ട്.

എന്നാൽ നെഗറ്റീവ് ആയ മുൻകോപം, മദ്യപാനം, സുഖാസക്തി, അലസത, അഹങ്കാരം ഇവയൊക്കെ ഇങ്ങനെ പകർത്തപ്പെടുന്നുണ്ട് എന്ന് ശാസ്ത്രം. ക്രിസ്തുവിനെ അനുഭവിച്ച ഒരാളുടെ ഉള്ളിൽ Trans-substantiation സംഭവിക്കേണ്ടതും ഇവിടെയാണ്.. 
അതൊരു യുദ്ധം തന്നെയാണെന്ന് അനുഭവിക്കുന്നവർക്കറിയാം. ക്രിസ്തു കനിയുവോളം – ഞാൻ രൂപാന്തരപ്പെടുവോളം – എന്നിൽ നടക്കേണ്ട തീരാത്ത പോരാട്ടം. അതല്ലേ സുഹൃത്തേ, യഥാർത്ഥ ആത്മീയത? 

പൗലോസ് ഓർമ്മപ്പെടുത്തുന്ന ‘ഈറ്റുനോവും,’ ‘പുതിയ മനുഷ്യനെ ധരിക്കലും’ എല്ലാം Trans-substantiation തന്നെ. 

ഞാൻ അർപ്പിക്കുന്ന ഓരോ കുർബാനയും, എന്റെ ഓരോ ജപമാലയും, ഓരോ വചനവായനകളും എന്റെ Substance ന് രൂപാന്തരം വരാനുള്ള വഴികൾ തന്നെ. പച്ചമലയാളത്തിൽ പറഞ്ഞാൽ എന്റെ ‘കാടത്ത’ങ്ങളിൽ നിന്നും ഒരു മോചനം. 
എന്താണാവോ, ഇന്നോളം  നമ്മളൊക്കെ ശ്രമിച്ചതും, ശ്രമിക്കുന്നതും Transfiguration നുവേണ്ടിയാണ്, സത്ത അതേപടി നിലനിൽക്കെ, കാഴ്ച്ചയിൽ (accidents) ഉള്ള മാറ്റം ആണത്.. അതുതന്നെ നമ്മുടെ പരാജയവും. !

അവൻ കുനിഞ്ഞിരുന്നു മണലിൽ എഴുതിയത് എന്താവും? എന്നിലും നിന്നിലും ഇനിയും രൂപപ്പെടാത്ത ‘പുതിയ മനുഷ്യന്’ അവൻ മനസ്സിൽ കരുതിയ പേരുകൾ ആയിരുന്നിരിക്കണം… !

ക്രിസ്തുവുമായുള്ള കണ്ടുമുട്ടലില്‍ എനിക്ക് സംഭവിക്കേണ്ട സത്താമാറ്റത്തെക്കുറിച്ച് ഈ ദിവസം നമുക്ക് ധ്യാനിക്കാം.

കൃപ നിറഞ്ഞ ഒരു ദിവസം ആശംസിച്ചുകൊണ്ട്

സ്നേഹപൂർവം.. 
ഫാ. അജോ രാമച്ചനാട്ട്