സമ്പാദ്യം

0


എഴുതപ്പെട്ടിരിക്കുന്നതുപോലെ അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല, അല്‍പ്പം സമ്പാദിച്ചവന് കുറവുമുണ്ടായിരുന്നില്ല.(2 കൊറീ 8: 15)

എത്രയൊക്കെ സമ്പാദിച്ചാലും ഈ ലോകം വിട്ടുപോകുമ്പോള്‍ നമ്മുടെ കയ്യിലെന്തുണ്ടാവും?ഭൗതികമായി ഒന്നുമുണ്ടാവില്ല. കുറെയധികം പാപങ്ങളും ഇത്തിരിപ്പോന്ന പുണ്യങ്ങളും നമ്മെ കുഴിമാടത്തിന് അപ്പുറവും അനുഗമിച്ചേക്കും. ശരീരത്തില്‍ അവശേഷിക്കുന്നതുപോലും ഊരിയെടുത്തതിന് ശേഷം മാത്രമേ ജീവനോടെയിരിക്കുന്നവര്‍ നമ്മെ ഈ ലോകത്തുനിന്ന് പറഞ്ഞയ്ക്കുകയുള്ളൂ. പിശുക്കിയും വെട്ടിപിടിച്ചും അന്യായമായി കൈക്കലാക്കിയും നേടിയെടുത്ത സമ്പാദ്യങ്ങള്‍! അതൊക്കെ മറ്റാര്‍ക്കൊക്കെയോ അനുഭവിക്കാന്‍ ബാക്കി വച്ചിട്ട് നമ്മള്‍ വെറും കൈയോടെ മടങ്ങും. നിത്യതയിലേക്ക്..

എത്ര വര്‍ഷം നമ്മള്‍ ജീവിച്ചിരിക്കും? അതു നിശ്ചയിക്കാന്‍ ആര്‍ക്കുമാവില്ല. ഇതെഴുതുന്ന ഞാന്‍ ഏതാനും നിമിഷങ്ങള്‍ക്കകം ചിലപ്പോള്‍ മരിച്ചേക്കാം. ഇത് വായിച്ചുകഴിയുമ്പോഴേയ്ക്കും ചിലപ്പോള്‍ നിങ്ങളും. എന്നിട്ടും അത്തരം വിചാരമൊന്നുമില്ലാതെയാണ് നമ്മള്‍ ജീവിക്കുന്നത്. ഇത്രയും കാലം ജീവിച്ചതും. അങ്ങനെ മരണത്തെക്കുറിച്ചുപോലും കൃത്യമായ വിവരങ്ങളില്ലാതിരുന്നിട്ടും ഈ ലോകമാണ് നമ്മുക്കെല്ലാം എന്ന മട്ടില്‍ ആണ് നാം വ്യാപരിക്കുന്നത്!

എത്രയോ അധികമായാണ് നമ്മില്‍ പലരും ഓരോന്നും സമ്പാദിച്ചുകൂട്ടുന്നത്? ആര്‍ക്കും പങ്കുവയ്ക്കാതെ.. ആവശ്യക്കാരന് പോലും നല്കാതെ.കൈ നീട്ടുന്നവനോടു പോലും മടക്കിഅയച്ച്.. എത്ര പ്രായം ചെന്നാലും മണ്ണ്, സമ്പാദ്യം, പൊന്ന് എന്നിവയോടുള്ള ആളുകളുടെ പ്രിയങ്ങള്‍ മങ്ങുകയില്ലെന്ന് ചുറ്റുപാടുകള്‍ പറഞ്ഞുതരുന്നുണ്ട്.

സമ്പാദ്യങ്ങളോടൊക്കെ ഇത്തിരിയെങ്കിലും അകലം പാലിക്കേണ്ടിയിരിക്കുന്നു നമ്മള്‍. പണം വേണ്ടെന്നല്ല, പക്ഷേ പണമാണ് ദൈവമെന്ന മട്ടില്‍ ജീവിക്കരുത്. മറ്റാര്‍ക്കും കൊടുക്കാതെ സ്വരൂക്കൂട്ടുകയുമരുത്. അര്‍ഹിക്കുന്നവന് കൊടുക്കാതെയുമിരിക്കരുത്. കാരണം ഈ സമ്പാദ്യങ്ങളൊക്കെ വിട്ടുപേക്ഷിച്ച് ഒരുനാള്‍ പോകേണ്ടവനാണ് നീ.

മറക്കരുത്, അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല, അല്‍പ്പം സമ്പാദിച്ചവന് കുറവുമുണ്ടായിരുന്നില്ല.
സസ്‌നേഹം
വിഎന്‍.