സത്യം

0

ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു? (യോഹ 18:23)

കാട്ടിലെ കുരങ്ങ് സാധാരണ പാമ്പിനെ പിടിക്കാറില്ല. പിടിച്ചാൽ രണ്ടും ചത്തുപോകും എന്നാണ് പറയപ്പെടുന്നത്. കാരണം പാമ്പിനെ ഒത്തിരിപ്പേടിയുള്ള കുരങ്ങ്, പാമ്പിനെ കൈയിൽ മുറുക്കിപ്പിടിച്ച് കണ്ണുമടച്ച് ഇരിക്കും. പാമ്പ് കയ്യിലിരുന്ന് ചത്താലും കുരങ്ങു പിടിവിടുകയോ, കണ്ണ് തുറക്കുകയോ ചെയ്യില്ല. കുരങ്ങും അങ്ങനെ മരിക്കും എന്നാണ് പറയപ്പെടുന്നത് (സത്യമാണോ എന്നറിയില്ല). നമ്മുടെ ഉള്ളിലെ സത്യങ്ങൾ ഇങ്ങനെയാണ്. നാം സത്യത്തെ ഭയപ്പെടുന്നു. അതുകൊണ്ട് സത്യത്തെ സ്വതന്ത്രമാകാൻ അനുവദിക്കാതെ കുരങ്ങിനെപ്പോലെ ഭയന്ന് മരിക്കുന്നു.

ജീവിതത്തിൽ നാം ഭയപ്പെടുന്നത് ആരെയാണ്? സത്യം പറയുന്നവരെയോ അതോ കള്ളം പറയുന്നവരെയോ? ലോകത്തിൽ ഇന്നുവരെ ആരാണ് കൂടുതൽ ക്രൂശിക്കപ്പെട്ടിട്ടുള്ളത്? സത്യം പറഞ്ഞവരോ അതോ കള്ളം പറഞ്ഞവരോ? ജീവിതത്തിൽ നഷ്ടം സംഭവിച്ചത് ആർക്കാണ്? സത്യം പറഞ്ഞവർക്കോ അതോ കള്ളം പറഞ്ഞവർക്കോ? മൂന്നു ചോദ്യങ്ങൾക്കും ഉത്തരം ഒന്ന് തന്നെയായിരിക്കും, സത്യം പറഞ്ഞവർ.

ഇന്നത്തെ സമൂഹത്തിൽ സത്യം പറയുന്നവരാണ് കൂടുതൽ എതിർക്കപ്പെടുന്നത്. കള്ളം പറയുന്നവർ എളുപ്പത്തിൽ രക്ഷപ്പെടുന്നു. സത്യം പറയുന്നവരെ തീവ്രവാദികളെയും എതിർചേരിയായും മുദ്രകുത്തപ്പെടുന്നു. നമുക്കാർക്കും സത്യം കേൾക്കാനും അറിയാനും താല്പര്യമില്ല. നമ്മൾ ആഗ്രഹിക്കുന്നത് നുണകൾ നൽകുന്ന,. കള്ളങ്ങൾ ഒരുക്കുന്ന സുഖങ്ങളാണ്.

ക്രിസ്തു അന്നുവരെ സംസാരിച്ചതെല്ലാം സത്യം മാത്രമായിരുന്നു. അവന്റെ വാക്കിൽ അസത്യമുണ്ടായില്ല. പക്ഷെ മൂന്നാണികളിൽ തൂങ്ങാനായിരുന്നു അവൻ്റെ വിധി. അപ്രിയസത്യങ്ങൾ പറയാതിരിക്കുകയും ആരുടെയും തെറ്റുകളെ ചൂണ്ടിക്കാണിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ഈശോക്ക് ഒരിക്കലും കുരിശിൽ മരിക്കേണ്ടി വരികയില്ലായിരുന്നു.

രണ്ടായിരം വർഷങ്ങൾക്കിപ്പുറം യേശുവിന്റെ ചോദ്യത്തിന് എന്ത് പ്രസക്തിയാണുള്ളത്? എൻ്റെ ജീവിതത്തിൽ സത്യം പറഞ്ഞതുകൊണ്ട് ഇന്നുവരെ എനിക്ക് പീഡകൾ ഏറ്റിട്ടില്ലെങ്കിൽ ഞാൻ പിഞ്ചെല്ലുന്നത് നസ്രായനെയല്ല. നസ്രായന്റെ വഴികളിലെ അണിനിവാര്യതയാണ് സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോഴുള്ള പീഢനങ്ങൾ. സത്യത്തിന്റെ പക്ഷം ചേർന്നതുകൊണ്ട്  ഇന്നുവരെ നീ അനുഭവിച്ച വ്യഥകളെല്ലാം അവൻ്റെ പാടുപീഡകളുടെ പങ്കുപറ്റലുകളായിരുന്നു.

നിന്റെ മുൻപിൽ സത്യത്തിന്റെ ശബ്ദമാകുന്നവരെ നീ എങ്ങനെയാണ് ഇന്നുവരെ അഭിമുഖീകരിച്ചത്? അവരുടെ വായ് മൂടിക്കെട്ടാനും അവരുടെ ശബ്ദം ഇല്ലാതാക്കാനും ഇനി അവർ ശബ്ദിക്കാതിരിക്കാനും നീ പരിശ്രമിച്ചെങ്കിൽ, നീ ക്രിസ്തുവിനെ അടിച്ചവൻ തന്നെ. മുന്പിലുള്ളത് ദരിദ്രനോ ധനികനോ ആകട്ടെ, ബാലനോ വൃദ്ധനോ ആകട്ടെ, സ്ത്രീയോ പുരുഷനോ ആകട്ടെ, പറയുന്നത് നന്മയോ തിന്മയോ ആകട്ടെ, പറയുന്നത് സത്യമെങ്കിൽ അവരെ അംഗീകരിച്ചേ മതിയാകൂ. കാരണം അവർ സംസാരിക്കുന്നത് ദൈവത്തിനു വേണ്ടിയാണ്. ദൈവം സത്യം മാത്രമാണ്.

ശുഭരാത്രി

Fr Sijo Kannampuzha OM