രണ്ടു ചെമ്പുനാണയങ്ങൾ

0


വിധവയുടെ കാണിക്ക (മാർക്കോ 12:41-44) – ധ്യാനം 3

വിധവയായ അമ്മ ദേവാലയ ഭണ്ഢാരത്തിൽ നിക്ഷേപിച്ചത് രണ്ടു ചെമ്പു നാണയങ്ങളാണ് λεπτὰ (lepta). അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും മൂല്യം കുറഞ്ഞ നാണയമായിരുന്നു അത്. 

ഒരു ദിവസത്തെ വേതനമായിരുന്നു ഒരു ദനാറ. അതായത് ഒരു ദനാറയാണ് ഒരു കുടുംബത്തിന് ഒരു ദിവസം ആഹാരത്തിനുവേണ്ടി ചിലവാക്കേണ്ടിയിരുന്ന തുക. ഒരു ദനാറയുടെ 64 ഭാഗങ്ങളിൽ ഒന്നായിരുന്നു ഒരുനാണയം (1/64). അങ്ങനെയുള്ള രണ്ടുനാണയങ്ങളാണ് വിധവയായ അമ്മ ഭണ്ഢാരത്തിൽ നിക്ഷേപിച്ചത്. പാവങ്ങൾക്കുവേണ്ടിയുള്ള ഭണ്ഢാരത്തിൽ  നിക്ഷേപിക്കേണ്ടിയിരുന്ന ഏറ്റവും കുറഞ്ഞ തുകയും ഇതുതന്നെയായിരുന്നു. 

പാവമായ ആ സ്ത്രീ തൻ്റെ ആ നിസ്സഹായാവസ്ഥയിലും നിയമങ്ങളും അനുഷ്ഠാനങ്ങളും വേണ്ട വിധം അനുസരിക്കുവാൻ ശ്രമിക്കുന്നു. ആ ഭണ്ഢാരം പാവങ്ങളെ സഹായിക്കാനുള്ളതായിരുന്നു. താൻ ഒരു പാവവും വിധവയും ആയതുകൊണ്ട് അവൾക്കതിൽ നിന്ന് മാറി നിൽക്കാമായിരുന്നു. പക്ഷെ ആ അമ്മ അത് ചെയ്യാൻ തയ്യാറാകുന്നില്ല. തൻ്റെ ചെറിയ പങ്കും അവൾ നിക്ഷേപിക്കുകയാണ്. തൻ്റെ കയ്യിലുള്ള രണ്ടു നാണയങ്ങളിൽ ഒന്ന് നൽകിയാലും മതിയാകുമായിരുന്നു.

പക്ഷേ അവിടെയും നിയമങ്ങൾ അനുസരിക്കാൻ അവൾ ശ്രമിക്കുന്നു. ഭണ്ഢാരത്തിൽ   നിക്ഷേപിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ തുകതന്നെ അവൾ നിക്ഷേപിക്കുന്നു.
നമ്മളെല്ലാം നിയമങ്ങൾ പാലിക്കാതിരിക്കാനും ചുറ്റുമുള്ളവരുമായി നമുക്കുള്ളത് പങ്കുവയ്ക്കാതിരിക്കാനും കാരണങ്ങൾ തേടുന്നവരാണ്. നമ്മൾ കൊടുക്കുന്ന പൈസ/സഹായം നമ്മുടെ ഇഷ്ടപ്രകാരവും നിബന്ധനകളനുസരിച്ചും മാത്രം ഉപയോഗിക്കണമെന്ന് ശഠിക്കുന്നവർ.

നൽകുന്ന പൈസക്കനുസരിച്ചു നോട്ടീസിൽ പേര് വരണമെന്നാഗ്രഹിക്കുന്നവർ. ആളുകൾ അറിയുന്ന, പ്രശസ്തി കിട്ടുന്ന പരിപാടികൾ മാത്രം സ്പോൺസർ ചെയ്യുന്നവർ. 

വിധവയുടെ ചെമ്പുതുട്ടുകളും എൻ്റെ കാണിക്കയും തമ്മിൽ ഉള്ളതിനേക്കാൾ വലിയ അന്തരം എന്റെയും അവളുടെയും ഉദ്ധ്യേശശുദ്ധികൾ തമ്മിലുണ്ട്. ശരിയല്ലേ?
ശുഭരാത്രി

🖋

️Fr Sijo Kannampuzha OM