ഉടല്‍ദൈവം

0
ഉടല്‍ ദൈവമാകുന്നു. ദൈവത്തിന് കൊടുക്കേണ്ട ആദരവും സ്‌നേഹവും ആരാധനയും ഉടലിന് കല്പിക്കണം എന്ന അര്‍ത്ഥം തന്നെയാണ് അതിനുള്ളത്. കാരണം ഉടല്‍ ദൈവമായി തീര്‍ന്നതിന്റെ സാക്ഷ്യമാണ് ക്രിസ്മസ്.  ദൈവം നമ്മോടുകൂടെയായിരിക്കുന്നത് ഉടല്‍രൂപം കൈവരിച്ചതുകൊണ്ടാണ്. ദൈവത്തിന് മനുഷ്യരൂപമാണെന്ന് നാം തിരിച്ചറിഞ്ഞത് ക്രിസ്തുവിലൂടെയാണ്, ക്രിസ്മസിലൂടെയാണ്.
അതിന് മുമ്പുവരെ അഗോചരമായിരുന്നു ദൈവം. ഏതുരൂപവും കല്പിച്ചുകൊടുക്കാന്‍ മാത്രം അതിന് സാധ്യതകളുണ്ടായിരുന്നു. ജലമായും അഗ്നിസ്തംഭമായും മേഘമായും സഞ്ചരിച്ചുപോന്നിരുന്ന ദൈവത്തെ തോളത്ത് കൈയിട്ട് നടത്താന്‍ സാധിക്കുന്നവിധത്തിലുള്ള സുഹൃദ്‌സാന്നിധ്യമായി ക്രിസ്്മസ് ചേര്‍ത്തുനിര്‍ത്തി എന്നതാണ് അതിന്റെ ധന്യതയും ചാരുതയും. ഉടലിന്റെ വിശുദ്ധിയില്‍ നിന്നാണ് ദൈവം പിറക്കുന്നത്. ഉടലിന് കൊടുക്കുന്ന മാന്യതയും ആദരവും പ്രധാനപ്പെട്ടതു തന്നെ.
മറിയം പുരുഷനെ അതിന് മുമ്പോ അതിന് ശേഷമോ അറിഞ്ഞിരുന്നോ എന്നതിനെക്കാള്‍ പ്രധാനം് അവള്‍ തന്റെ ഉടലിനെ ദൈവോന്മുഖമായി പരിചരിച്ചു എന്നതിലാണ്.  ദൈവത്തിന് വേണ്ടി തന്റെ ഉടലിനെ സമര്‍പ്പിച്ചു എന്നതിലാണ്. ഉടലിനെ ദൈവമായി കണക്കാക്കുമ്പോള്‍ ്അവിടെ ദൈവത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുകയില്ല. അത് നീയാകുന്നുവെന്നല്ല ഉടല്‍ ദൈവമാകുന്നു എന്നതും ശ്രേഷ്ഠമായ തിരിച്ചറിവാണ്. ദാമ്പത്യത്തിലെ ശരീരത്തിലെ നിഷ്ഠയും പരിപാവനതയും  ഇവിടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. വിശുദ്ധമായുള്ള പങ്കുവയ്ക്കലിന്‍ക്രിസ്മസ് എത്തിച്ചേരുന്നത് പെസഹാവ്യാഴത്തിലാണ് എന്നൊരു ചിന്തകൂടിയുണ്ട് പങ്കുവയ്ക്കാന്‍. ഉടലിന്റെ വിശുദ്ധിയെ 33 വയസുവരെ  കൊണ്ടുനടന്നവനായതുകൊണ്ടാണ് അവന് തന്റെ ഉടലിനെ വാഴ്ത്തി വിഭജിക്കാനും പങ്കിടുവാനും കഴിഞ്ഞത്. അതിന് മുമ്പ് അല്ലെങ്കില്‍ ആരാണ് ഉടലിനെ വാഴ്ത്തി വിഭജിച്ചുനല്കിയിട്ടുള്ളത്? ഉടലിനെ അതിന്റെ എല്ലാ നൈര്‍മ്മല്യങ്ങളോടും വിശുദ്ധിയോടും നിഷ്‌ക്കളങ്കതയോടും കൂടി വാഴ്ത്താന്‍, ഈ വാഴ് വില്‍ അവന് മാത്രമേ  സാധിച്ചിട്ടുള്ളൂ. ഉടലിനെ അതിന്റെ ധന്യതയില്‍ കാത്തുസൂക്ഷിച്ചവന്  മുമ്പില്‍ മരണംപോലും വഴി തിരിയും. കാരണം അവന്‍ ഉടലിനെ ജയിച്ചവനാണ്. ഉടലിനെ ജയിച്ചവന്‍ ഉയിരോടെ ഉയിര്‍ത്തെണീല്ക്കും.  ക്രിസ്മസ് ഒരുചിന്തയുടെ തുടക്കമാണ്.കാല്‍വരിയോളമെത്തി അവിടെ നിന്ന് ഉയിര്‍പ്പിലേക്കു ഉയരുന്ന ചിന്തയുടെ തുടക്കം.നമ്മുടെ ഇക്കാലത്ത് കൊച്ചുകുട്ടികള്‍ പോലും ഉടലില്‍ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് സത്യമായും ഭയപ്പെടുത്തുന്നുണ്ട്.  എവിടെയും മലിനമാക്കപ്പെടാന്‍ നമുക്ക് അവസരങ്ങളേറെയാണ്.
ഉടലിനെ ധ്യാനിക്കേണ്ട അവസരമാണ് ക്രിസ്മസ്. ഉടലിന്റെ വിശുദ്ധിയും നന്മയും തിരിച്ചറിയേണ്ട അവസരവും. നാല്പതുകളുടെ തുടക്കത്തില്‍ നില്ക്കുമ്പോള്‍ ഇങ്ങനെയൊരു ആത്മശോധനയുണ്ട്, എവിടെയൊക്കെയാണ് എനിക്കെന്റെ ഉടലിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോയിട്ടുള്ളത്? ക്ഷണനേരത്തെ  ചില സന്തോഷങ്ങള്‍ക്ക് വേണ്ടി.. തിരിച്ചറിവുണ്ടായിട്ടും ഉടലിന്റെ നൈമിഷികതയെ പിന്തുടരുകയാണല്ലോ ആസക്തിയോടെ തന്നെ ഈ ദുര്‍ഭഗന്‍!വിനായക് നിര്‍മ്മല്‍