മനസ്സിലാക്കുക

0

ഞാന്‍ പറയുന്നത്‌ എന്തുകൊണ്ടു നിങ്ങള്‍ മനസ്സിലാക്കുന്നില്ല? (യോഹ 8:43)

പക്ഷിമൃഗാദികളെ വിൽക്കുന്ന കടയിലേക്ക് ഒരു ബാലൻ കയറിച്ചെന്നു. ഒരുകൂട്ടിൽ ഉണ്ടായിരുന്ന ഏതാനും നായ്ക്കുഞ്ഞുങ്ങളെ അവൻ ശ്രദ്ധിച്ചു. അതിൽ ഒന്നിനെ സ്വന്തമാക്കാനായി അവൻ ആഗ്രഹിച്ചു. കടക്കാരൻ എല്ലാ നായ്ക്കുഞ്ഞുങ്ങളെയും അവൻ്റെ മുൻപിൽ തുറന്നുവിട്ടു. വളരെ മനോഹരമായ നിറമുള്ള ആ നായ്ക്കുഞ്ഞുങ്ങളെ അവന് വളരെയധികം ഇഷ്ടമായി. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അവയിലൊന്നിന് ഒരുകാലിൽ മുടന്തുള്ളതായി ആ ബാലന് മനസ്സിലായി. ആ മുടന്തുള്ള നായ്ക്കുഞ്ഞിനെ വാങ്ങാൻ ആ ബാലൻ തീരുമാനിച്ചു. അപ്പോൾ കടക്കാരൻ പറഞ്ഞു: ‘ആ നായ്ക്കുഞ്ഞിന് മറ്റ് നായ്ക്കുഞ്ഞുങ്ങളെപ്പോലെ ഓടാനോ ചാടാനോ കളിക്കാനോ സാധിക്കില്ല. അത് ഞാൻ ആർക്കെങ്കിലും സൗജന്യമായി നൽകാൻ ഇരിക്കുകയാണ്. നീ മറ്റൊന്നിനെ തിരഞ്ഞെടുത്തുകൊള്ളൂ”. ബാലൻ മറുപടി പറഞ്ഞു: ‘അതിന് ഓടാനോ ചാടാനോ കളിക്കാനോ സാധിക്കില്ല എന്നെനിക്കറിയാം, പക്ഷേ ആരെക്കാളും കൂടുതലായി എനിക്കവനെയും അവനെന്നെയും മനസ്സിലാകും. കാരണം ഞാനും അവനെപ്പോലെ മുടന്തനാണ്”.

കഥകളിലൂയോടെയും ഉപമകളിലൂടെയും ഏറ്റവും ഹൃദ്യമായ ഭാഷയിൽ സംസാരിച്ച യേശുവിനെപ്പോലും മനസ്സിലാക്കാൻ സാധിക്കാത്തവരായിരുന്നു യേശു തിരഞ്ഞെടുത്ത ശിഷ്യന്മാർ. എല്ലാമനുഷ്യരും ചോദിച്ച ഈ ചോദ്യം യേശുവിൻ്റെ നാവിൽനിന്നും വീഴുകയാണ് “ഞാന്‍ പറയുന്നത്‌ എന്തുകൊണ്ടു നിങ്ങള്‍ മനസ്സിലാക്കുന്നില്ല?”.

ഞാൻ പറയുന്നതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്നതാണ് മനുഷ്യൻ്റെ ഇപ്പോഴത്തെ വലിയ പരാതി. ഭാര്യക്ക് ഭർത്താവിനെയും , മക്കൾക്ക് മാതാപിതാക്കളെയും, നേതാവിന് അനുയായികളെയും, തിരിച്ചും മനസ്സിലാക്കാൻ പറ്റുന്നില്ലെന്നതാണ് യാഥാർഥ്യം. അയൽക്കാർ തമ്മിലോ, ഇടവകജനം തമ്മിലോ, സഹോദരങ്ങൾ തമ്മിലോ, എന്തിനേറെ, മക്കൾ തമ്മിലോ ഈ പരസ്പരമുള്ള മനസ്സിലാക്കലുകൾ നടക്കുന്നില്ല. സമയം കടന്നുപോകുന്തോറും പരസ്പരം മനസ്സിലാക്കപ്പെടുവാനുള്ള സാധ്യതകൾ കുറയുകയാണോ എന്ന് സംശയിക്കപ്പെടുന്നു.

ഓരോ ദിവസം കഴുകിയുംതോറും എന്നെ മനസ്സിലാക്കാൻ സാധിക്കാത്തവരുടെ എണ്ണം ഭൂമിയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. എനിക്ക്  മനസ്സിലാക്കാൻ സാധിക്കാത്തവരുടെ കാര്യവും അങ്ങനെതന്നെ. ഒരേ ഭവനത്തിൽ കഴിയുന്നവരും ഒരേ ജോലിയിൽ മുഴുകുന്നവരും ഒരേ സമൂഹത്തിൽ ആയിരിക്കുന്നവരും സങ്കടപ്പെടുന്നത് അവരെ ആരും മനസ്സിലാക്കുന്നില്ല എന്നുള്ളതാണ്. ഇങ്ങനെ ഭൂമിമുഴുവൻ പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്തവരുടെ ഒരുതുരുത്തായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയ ആധുനിക സാങ്കേതിക വിദ്യകൾക്കും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.

മനസ്സിൽ + ആക്കുക = മനസ്സിലാക്കുക. മനസ്സിലാക്കുന്നത്, ഹൃദയത്തിലാക്കുന്നത് എളുപ്പമുള്ള പണിയല്ല. ഒരാൾക്ക് ഒരു കാര്യം മനസ്സിലാകണമെങ്കിൽ, അവനത് അതുവരെ മനസ്സിൽ ഇല്ല എന്ന കാര്യം സമ്മതിക്കണം. നമുക്ക് പലപ്പോഴും പലരെയും മനസ്സിലാകാതെ വരുന്നത് അവർ മനസ്സിൽ ഇല്ലാത്തതുകൊണ്ടാണ്. അല്പംകൂടി വ്യക്തമായിപ്പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്തത് പലപ്പോഴും നാം ഹൃദയത്തിൽ നിന്നും പുറത്താക്കിയവരെയാണ്, അല്ലെങ്കിൽ ഹൃദയത്തിൽ ഇനിയും ഇടം നല്കാത്തവർക്കാണ്.

നാം സ്നേഹത്തിലായിരിക്കുമ്പോൾ, സൗഹൃദത്തിലായിരിക്കുമ്പോൾ നമുക്കെല്ലാം മനസ്സിലാക്കാൻ എളുപ്പമാണ്. എന്നാൽ എപ്പോഴാണോ നമുക്ക് ഒരാളുമായി അകൽച്ചയുണ്ടാകുന്നത് അപ്പോൾ മുതൽ അവർ പറയുന്നതും ചെയ്യുന്നതും നമുക്ക് മനസ്സിലാകാതിരിക്കാനായി തുടങ്ങും. മനസ്സിലാക്കൽ ആരംഭിക്കുന്നത് സ്നേഹത്തിൽ നിന്നാണ്. എപ്പോഴാണോ രണ്ടുപേർ തമ്മിൽ സ്നേഹം ഇല്ലാതാകുന്നത് അപ്പോൾ മുതൽ അവർ തമ്മിൽ മനസ്സിലാക്കപ്പെടാനുള്ള സാധ്യതകളും നഷ്ടപ്പെടും.

ആർക്കും ആരെയും മനസ്സിലായില്ലെങ്കിലും എല്ലാവരെയുംഎപ്പോഴും മനസ്സിലാക്കുന്ന ഒരാളുണ്ട്. അത് ഈശോയാണ്. ഇനിമുതൽ ‘ആർക്കും എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല’ എന്ന് നിനക്ക് പരാതിപ്പെടാനാകില്ല. കാരണം നീ അനുഭവിച്ച പാടുപീഡകളും നീ കടന്നുപോയ കുരിശുവഴികളും നീ തൂങ്ങിമരിച്ച ഗാഗുൽത്തായും അവന് സുപരിചിതമാണ്.

ശുഭരാത്രി

Fr Sijo Kannampuzha OM