വസുധൈവ കുടുംബകം

0


നല്ല സമറിയാക്കാരൻ (ലൂക്കാ 10: 25-37) ധ്യാനം -1

നല്ലവൻ – ഒരാൾക്കു ലഭിക്കാവുന്നതിൽവച്ച് മനോഹരമായ ഒരു വിശേഷണമാണത്. ഈ പേര് ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും നഷ്ടപ്പെടാൻ യാതൊരു വിഷമവുമില്ല. ഏതൊരാളും അറിയപ്പെടാൻ ആഗ്രഹിക്കുന്നത് നല്ലവൻ എന്നപേരിലാണ്. പക്ഷേ, വളരെ വിരളമായേ നമുക്കാർക്കും ഈ വിശേഷണം ലഭിക്കൂ. ബൈബിളിൽ പോലും വിരളമായി മാത്രമേ ഈ വിശേഷണം ആർക്കെങ്കിലും നല്കുന്നുള്ളൂ.

ലൂക്കാ 10: 25-37 വരെ നാം വായിക്കുന്നത് ഒനല്ല സമറിയാക്കാരന്റെ ഉപമയാണ്. യേശു പറയുന്ന ഈ ഉപമ, അതിന്റെ പേരുകൊണ്ടുത്തന്നെ സവിശേഷശ്രദ്ധ ആകർഷിക്കുന്നതാണ്.

യേശു ഒരു യഹൂദനായിരുന്നു. വളരെ ശത്രുതയോടെയും അവജ്ഞയോടെയുമാണ് യഹൂദരും സമരിയാക്കാരും പരസ്പരം കണ്ടിരുന്നത്‌. അവർ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതുപോലും വിലക്കപ്പെട്ടിരുന്നു. ഒരു സമറിയാക്കാരന്റെ സാക്ഷ്യം, യഹൂദക്കോടതികൾ സ്വീകരിച്ചിരുന്നില്ല എന്നത് അവരുടെ പരസ്പരവിരോധത്തിന്റെ ഗൗരവം കാണിക്കുന്നു. തൊട്ടുമുമ്പുള്ള അദ്ധ്യായത്തിൽ, യേശുവും ശിഷ്യന്മാരും ജറുസലേമിലേക്ക് പോവുകയായിരുന്നതുകൊണ്ടു, സമറിയാക്കാർ അവരുടെ ഗ്രാമത്തിൽ സ്വീകരിക്കാതിരുന്നതും, യാക്കോബും യോഹന്നാനും ‘സ്വർഗ്ഗത്തിൽനിന്ന് അഗ്നിയിറങ്ങി അവർ നശിക്കട്ടെ’യെന്ന് ശപിക്കാനൊരുങ്ങുന്നതും കൂട്ടിവായിക്കുമ്പോൾ യഹൂദരും സമറിയാക്കാരും തമ്മിലുള്ള പകയുടെ വ്യാപ്തി നമുക്ക് മനസ്സിലാകും (യോഹ 9:53).

അങ്ങനെയുള്ള ഒരുഗണത്തില്പെട്ട ആളെയാണ് ‘നല്ല’സമറിയാക്കാരൻ എന്ന പേരിൽ തന്റെ ഉപമയിൽ യേശു അവതരിപ്പിക്കുന്നത്, അതും നന്മയുടെ കാരുണ്യത്തിന്റെ പ്രവാചകനായി. ആ സമറിയാക്കാരനെ യഹൂദപുരോഹിതനേക്കാളും ദേവാലയ ശുശ്രൂഷകനേക്കാളും ഉയർന്ന ഒരുതലത്തിൽ യേശു സ്ഥാപിക്കുകയാണ്. ചിരവൈരികളായ  സമറിയാക്കാരനെ നന്മയുടെ വാക്താവാക്കാൻ യേശു ശ്രമിക്കുന്നു.
നമ്മയുടെ മനസ്സിൽ, യഹൂദർക്ക് സമറിയാക്കാരോടെന്നപോലെ ചില stigmaകൾ ഉണ്ട്. ചില സമുദായത്തിലുള്ളവർ, ചില കുടുംബത്തിലുള്ളവർ, ചില പ്രത്യേകതരം ജോലിചെയ്യുന്നവർ, മോശമാണെന്ന് നമ്മൾ ധരിച്ചുവശായിരിക്കുന്നു. ഹിറ്റ്ലർ പിന്തുണച്ചതും എബ്രഹാം ലിങ്കൺ പടപൊരുതിയതുമെല്ലാം ഇങ്ങനെയുള്ള ചില ചിന്താധാരകളോടാണല്ലോ.

എന്റെ ചുറ്റിലുമുള്ളവരെ എനിക്ക് ‘നല്ലവർ’ എന്ന് വിളിക്കാൻ കഴിയണമെങ്കിൽ അവരും എന്റെ പോലെ ഒരേ പിതാവിന്റെ മക്കളാണ്, ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ് എന്ന് തിരിച്ചറിയണം. ‘അപരൻ നരകമാണ്’ (Other is a hell – Jean Paul Sartre) എന്ന സൂക്തം വെള്ളം തൊടാതെ വിഴുങ്ങുന്ന ഇന്നത്തെ ഉപഭോഗസംസ്കാരത്തിന്റെ ചുറ്റുമതിലുകൾ പൊളിച്ചെറിഞ്ഞു പുറത്തുകടക്കാനും ലോകമേ തറവാട് എന്ന ചിന്തയിലേക്ക് പ്രവേശിക്കാനും സാധിക്കണം.

ഞാൻ വലിയൊരു കുടുംബത്തിന്റെ അംഗമാണ്. കൂടെയുള്ളവർ സഹോദരങ്ങളും. 
ശുഭരാത്രി

🖋

Fr Sijo Kannampuzha OM