ദൈവത്തെ ഏറ്റവും കൃത്യമായി നിര്‍വചിച്ചത് യോഹന്നാനാണ്. ദൈവപുത്രന്റെ നെഞ്ചോട് ചേര്‍ന്നുകിടന്നപ്പോള്‍ അറിഞ്ഞതിനെ അവന് പിന്നീട് പാത്മോസ് ദ്വീപിന്റെ ഏകാന്തതയില്‍ ഇങ്ങനെ കുറിച്ചുവച്ചു. ദൈവം സ്നേഹമാകുന്നു.
ദൈവം സ്നേഹമാകുമ്പോള്‍ ഈ ലോകത്തിലെ എല്ലാ നന്മകളും ദൈവമാകും. ജീവനും രക്ഷയും വഴിയും സത്യവും ആരംഭംവും അന്ത്യവും എല്ലാം.
തിരുവചനങ്ങളില്‍ നാം കാണുന്ന ദൈവത്തിന്റെ ഈ ഭിന്നമുഖങ്ങളെ ഏറ്റവും മനോഹരമായി കോര്‍ത്തിണക്കികൊണ്ടുള്ള പുതിയൊരു ആരാധനാഗീതം ഇന്നുമുതല്‍ വിശ്വാസികളുടെ ചുണ്ടുകളിലേക്ക് എത്തുകയാണ്. വഴിയൊരുക്കും ദൈവമേ വഴി നടത്തും ദൈവമേ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു എന്നു തുടങ്ങുന്ന ആരാധാനഗീതമാണ് ഇത്.
ഗോഡ്സ് മ്യൂസിക്ഫോര് യൂ ഡോട്ട് കോമിന്റെ ബാനറില്‍ വിദേശ മലയാളിയും ഗാനരചയിതാവും സംഗീതസംവിധായകനുമായ എസ് തോമസ് ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സോണി ആന്റണി ഇരിങ്ങാലക്കുടയുടെ അനുഗ്രഹീതശബ്ദത്തിലാണ് ഗാനം പാടിയിരിക്കുന്നത്.
വഴിയൊരുക്കും ദൈവമേ വഴി നടത്തും ദൈവമേ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നേന്‍ എന്ന എസ് തോമസിന്റെ ഗാനം ഇന്നാണ് യൂട്യൂബ് വഴി റീലിസ് ചെയ്യുന്നത്. ബൈബിളിലൂടെയുള്ള തീര്‍ത്ഥാടനമായിട്ടാണ് ഈ ഗാനം ശ്രോതാക്കള്‍ക്ക് അനുഭവപ്പെടുന്നത്. ദൈവത്തിന്റെ ആയിരിക്കുന്ന ഭാവങ്ങളെ ഇത്രമാത്രം ലളിതമായും സൗന്ദര്യപൂര്വ്വമായും പകര്ന്നുനല്കിയിരിക്കുന്ന ഗാനങ്ങള്‍ വളരെ കുറവാണ്. ആരാധാനഗീതങ്ങളുടെ പട്ടികയില്‍ എന്തുകൊണ്ടും മുന്നിടം പിടിക്കുന്ന അഭിഷേകമുളള ഗാനം തന്നെയാണ് ഇത്. ജീവനേകും ദൈവമേ ജീവന്റെ ദൈവമേ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നുവെന്നും സ്നേഹമാകും ദൈവമേ സ്നേഹവും നീയേ സ്നേഹിതനും നീയേ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നുവെന്നും ആത്മീയലഹരിയില്‍ ശ്രോതാക്കളും പാടിത്തുടങ്ങുന്പോള് പുതിയൊരു പാട്ടിന്റെ വസന്തത്തിന് ഇവിടെ ആരംഭം കുറിക്കുകയാണ് ചെയ്യുന്നത്.