വിഷക്കല്ല്

0

പുറമേനിന്നു മനുഷ്യൻ്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്‌ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നില്ലേ? (മര്‍ക്കോ 7 : 18)

ഒരു സെൻ കഥ പറയട്ടെ. ഒരുദിവസമുണ്ടായ ഭൂമികുലുക്കത്തിൽ ഒരു ബുദ്ധ ക്ഷേത്രം വളരെ അധികം തകർക്കപ്പെട്ടു. പല ഭാഗങ്ങളും നിലംപതിച്ചു. പല സന്യാസികളും വളരെ അധികം പേടിച്ചു. ഭൂമികുലുക്കം അവസാനിച്ചപ്പോൾ ഗുരു പറഞ്ഞു “ആപത്സന്ധികളിൽ ഒരു സെൻ സന്ന്യാസി എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് നിങ്ങൾ മനസ്സിലാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഭയപ്പെട്ടില്ല എന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും. എന്താണ് സംഭവിക്കുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ ഈ ആശ്രമത്തിലെ ഏറ്റവും ശക്തമായ ഭാഗമുള്ള അടുക്കളയിലേക്ക് നിങ്ങളെ കൊണ്ടുപോയത്. അത് നല്ലൊരു തീരുമാനമായിരുന്നു. നോക്കൂ, നമ്മളെല്ലാവരും ഒരു പരിക്കുമേൽക്കാതെ രക്ഷപ്പെട്ടു. എനിക്ക് നല്ല ആത്മനിയന്ത്രണവും മനഃസാന്നിധ്യവും ഒക്കെ ഉണ്ടെങ്കിലും ഒരു നിമിഷത്തേക്ക് ഞാൻ പിരിമുറുക്കം അനുഭവിച്ചു. അതുകൊണ്ടാണ് ഞാൻ അപ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചത്. ഞാൻ സാധാരണ അങ്ങനെയുള്ള അസമയങ്ങളിൽ വെള്ളം കുടിക്കാറില്ല എന്ന് നിങ്ങൾക്കറിയാമല്ലോ?
ഇത് കേട്ടപ്പോൾ ഒരു യുവ സന്യാസി ചെറുതായൊന്നു ചിരിച്ചു. എങ്കിലും ഒന്നും മിണ്ടിയില്ല. “നീ എന്തുകൊണ്ടാണ് ചിരിച്ചത്”? ഗുരു ചോദിച്ചു. സന്ന്യാസി മറുപടി നൽകി.

“അത് വെള്ളമല്ലായിരുന്നു. അത് സോയാസോസ് ആയിരുന്നു”

ജീവിതത്തിൽ എന്തിനെക്കുറിച്ചെല്ലാമാണ് നാം വേവലാതിപ്പെടുന്നത്? പലപ്പോഴും പലവേവലാതികളും അപ്രസക്തവും അകാരണവുമായിരിക്കും. ഭക്ഷണത്തെക്കുറിച്ചും അത് കഴിക്കേണ്ട രീതികളെക്കുറിച്ചും അതിലുപരി അതിനുവേണ്ടി ഒരുങ്ങുന്ന വിധങ്ങളെക്കുറിച്ചുപോലും ഒത്തിരി നിയമങ്ങളും നിഷ്കർഷകളും ഉണ്ടായിരുന്ന യഹൂദസമൂഹത്തെ പലപ്പോഴും ഈശോ നിർഭയം ചോദ്യം ചെയ്യുന്നുണ്ട്. ഫരിസേയരുമായി അർത്ഥരഹിതമായ നിയമങ്ങളെയും മാമൂലുകളെയും കുറിച്ച് വാദപ്രതിവാദത്തിൽ ഏർപ്പെട്ട ഈശോ പറയുന്ന ഒരു വാക്യമാണ് ഇന്നത്തെ ചിന്താ വിഷയം.

ഭക്ഷണത്തേക്കാൾ ഉപരിയായ അർത്ഥതലങ്ങൾ അതിനുണ്ട്. ഈശോ പറയുന്നു. “മനസ്സിലേക്ക് പോകുന്നതല്ല, മനസ്സിൽ നിന്ന് പോകുന്നതാണ് ഒരാളെ അശുദ്ധനാക്കുന്നത്”. ഒരാളുടെ മനസ്സിലേക്ക് കടന്നുവരുന്നതെല്ലാം ഇന്ദ്രിയങ്ങളിലൂടെ ആയിരിക്കും. ചില കാഴ്ചകൾ, വായനകൾ, സ്പർശനങ്ങൾ, കേൾവികൾ ഇതെല്ലാമാണ് ഒരാളുടെ മനസ്സിലേക്കുള്ള വാതിലുകൾ. കയറിവരുന്നതൊന്നും ഒരാളെ മലിനമാക്കുകയില്ല. കയറിവരുന്നവയെ വിലയിരുത്താനും നന്മതിന്മകൾതിരിച്ചറിയാനും നന്മകളെസ്വായത്തമാക്കാനും തിന്മകളെ മെരുക്കിയെടുക്കാനും നന്മയാക്കി മാറ്റാനും പരിശ്രമിക്കണം. നന്മയാകാൻ സാധ്യതയില്ലാത്തവയെ ഉപേക്ഷിക്കണം. ഇനിയാണ് പ്രധാന ഭാഗം – മനസ്സിൽ കയറിയവയെ മനസ്സിൽ നിന്ന് പുറത്തുവിടുന്നത് നന്മയുടെ രൂപത്തിലായിരിക്കണം. അതിലൊരിക്കലും തിന്മയുടെ അംശമുണ്ടാകാൻ പാടില്ല. എത്ര വലിയ ദുഃഖത്തെയും ദൈവത്തിലുള്ള ആശ്രയമാക്കി മാറ്റാനാകണം. ഏതു വലിയ വെല്ലുവിളിയെയും ക്ഷമയോടെ സ്വീകരിക്കാനാകണം. മറ്റുള്ളവരുടെ തെറ്റായ നിരീക്ഷണങ്ങളെ ജീവിതത്തിലൂടെ ശരിയാണെന്നു തിരുത്താനാകണം. പലരുടെയും നിരാശകളെ പ്രതീക്ഷയാക്കി മാറ്റാൻ കഴിയണം. മഞ്ഞണിഞ്ഞ പ്രഭാതത്തിൽ പുഴയിൽ മുങ്ങിയെഴുന്നേറ്റ് ശുദ്ധി വരുന്നതുപോലെ, മനസ്സിലേക്ക് കടന്നുപോകുന്ന എല്ലാം, പുറത്തെത്തുമ്പോൾ നിർമ്മലമായിരിക്കണം. അതിനു ഹൃദയത്തിൽ യേശുവെന്ന വിഷക്കല്ലു വേണം.

വിഷക്കല്ല് എല്ലാ വിഷങ്ങളെയും വലിച്ചെടുക്കുന്നതുപോലെ എൻ്റെ ഹൃത്തിൽ നാഥനുണ്ടെങ്കിൽ എല്ലാ മലിനമായ ചിന്തകളും ദുഖകരമായ അനുഭവങ്ങളും മോശമായ അഭിപ്രായങ്ങളും, നന്മയും കരുണയും സ്നേഹവുമായി മാറും.

ശുഭരാത്രി

Fr Sijo Kannampuzha OM