വിധി

0


സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, സത്യസന്ധമായി വിധിക്കുക.( സഖറിയ 7:8,9)

വിധി നടത്താത്തവര്‍ ആരും തന്നെയുണ്ടെന്ന് തോന്നുന്നില്ല. അത് ന്യായാധിപന്മാര്‍ ആയതുകൊണ്ടൊന്നുമല്ല. വെറും മാനുഷികമായി നാം വിധിക്കുകയാണ്. അവന്‍ തെറ്റുകാരന്‍, അവള്‍ കുറ്റക്കാരി.

പല വിധി കല്പിക്കലുകളിലും പക്ഷപാതം കലര്‍ന്നിട്ടുണ്ട് എന്നതാണ് സത്യം. കൃത്യമായി ചില കളങ്ങളില്‍ കരുക്കള്‍ നിരത്തി, മറ്റ് കരുക്കളെ വെട്ടിയും നിരത്തിയുമാണ് നാം വിധി കല്പിക്കുന്നത്. കാരണം എനിക്ക് ചില ഇഷ്ടങ്ങളുണ്ട്. ഇഷ്ടക്കേടുകളുണ്ട്. എന്നോട് ചേര്‍ന്നുനില്ക്കുന്നവരോടും എനിക്ക് മാനസികമായി അടുപ്പം തോന്നിക്കുന്നവരോടും അവര്‍ തെറ്റുകാരാണെങ്കിലും ആ തെറ്റുകളെ മറച്ചുവച്ചുകൊണ്ട് ഞാന്‍ വിധി കല്പിക്കും. നിരപരാധികളുടെ ശരികളെ മറന്നുകൊണ്ട് അപരാധിയോട് കൂട്ടുചേര്‍ന്നുള്ള വിധി കല്പിക്കലുകള്‍.

പക്ഷേ സത്യസന്ധമായി വിധിക്കാനാണ് കര്‍ത്താവിന്റെ ആഹ്വാനം. കാരണം അവിടുന്ന് ഓരോരുത്തരെയും സത്യസന്ധമായി വിധിക്കുന്നവനാണ്.

അനുദിന ജീവിതവ്യാപാരങ്ങളില്‍ ഇന്ന് നാം പലരെയും വിധിക്കേണ്ടതായി വന്നേക്കാം. ഓഫീസ് അധികാരി എന്ന നിലയില്‍, വൈദികനും കന്യാസ്ത്രീയും എന്ന നിലയില്‍, സുപ്പീരിയര്‍ എന്ന നിലയില്‍, കുടുംബനാഥനും വീട്ടമ്മയും എന്ന നിലയില്‍… പല പ്രശ്‌നങ്ങളിലും ഇടപെടുമ്പോഴും മാധ്യസ്ഥം വഹിക്കുമ്പോഴും നാം വിധി കല്പിക്കേണ്ടതായി വരാം.

വിധിക്കല്‍ കുറ്റം കണ്ടെത്തലാണ്. പക്ഷേ ആ വിധി കല്പിക്കലില്‍ എന്തുമാത്രം ശരികളുണ്ട്.. ഓരോരുത്തരും ആത്മശോധന നടത്തേണ്ടിയിരിക്കുന്നു.
ദൈവമേ ഇന്നേ ദിവസമുള്ള എന്റെ വിധിക്കലുകള്‍ മുഴുവന്‍ സത്യസന്ധമായിരിക്കാന്‍ എന്നെ സഹായിക്കണേ.

ദൈവത്തിന്റെ മുമ്പില്‍ നില്ക്കുമ്പോള്‍ അവിടുന്ന് എന്നെ എങ്ങനെയായിരിക്കും വിധിക്കുക എന്ന ആത്മഭാരത്തോടെ

വി. എന്‍