ഒഴിവുകാലം എന്നാല്‍ കേളീകാലം എന്നുകൂടി പറയാം. കേളി എന്നാല്‍ കളി എന്നര്‍ത്ഥം. ഒഴിവുകാലം വരാന്‍ നിങ്ങള്‍ കാത്തിരിക്കുന്നതുതന്നെ ഇഷ്ടംപോലെ കളിക്കാന്‍ വേണ്ടിയാണല്ലോ.
കളിയില്‍ രസമുണ്ട്. പക്ഷെ കൂടുതല്‍ രസമുണ്ടാകുന്നത് എപ്പോഴാണ്? കളിയില്‍ ജയിക്കുമ്പോഴാണോ? തോല്‍ക്കുമ്പോള്‍ കളിയില്‍ രസമില്ലേ? ഉത്തരം കൃത്യമാണ്: ജയിക്കുമ്പോഴല്ല കൂടുതല്‍ രസം; തോല്ക്കുമ്പോഴുമല്ല, കളിക്കുമ്പോഴാണ്.
ജയിക്കുമോ തോല്‍ക്കുമോ എന്ന വിചാരമൊന്നും കൂടാതെ ആസ്വദിച്ചു കളിക്കുമ്പോള്‍ അത് മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കും. അത്തരം കളികളിലാണ് നിങ്ങള്‍ ഏര്‍പ്പെടേണ്ടത്.
ശരീരത്തിന് വ്യായാമം നല്കുന്ന, ഓടിച്ചാടിക്കളികള് വളരെ ഉപകാരപ്രദമാണ്. കൂട്ടംചേരാനും സഹകരിച്ചുകളിക്കാനും പറ്റുന്നവ തെരഞ്ഞെടുക്കണം. വിജയിച്ചാല്‍ ആഹ്ലാദിക്കണം. ഒരുമിച്ച് വിജയം ആഘോഷിക്കണം. തോറ്റാല്‍ അത് അംഗീകരിക്കണം. നിരാശ കൂടാതെ തുടര്‍ന്നും കളിക്കണം.
ഒഴിവുകാലത്ത് കളികള്‍ നിങ്ങളെ ജീവിതം പഠിപ്പിക്കുന്നു എന്ന് ഓര്‍ത്തിരിക്കുക.
ഷാജി മാലിപ്പാറ