ജാഗ്രതയുള്ളവരായിരിക്കുവിന്‍

0


തികഞ്ഞ ജാഗ്രതയുടെ കുറവ് ഇന്ന് നമ്മയൊക്കെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ആ വലിയ  കപ്പലിൽ വെള്ളം കയറാനും  നശിക്കാനും അനേകം ജീവിത സ്വപ്നങ്ങൾ തകർന്നടിഞ്ഞതിനും എല്ലാം   കാരണം അല്പനേരത്തെ അശ്രദ്ധ  തന്നെയാണ്. പുരുഷാരം അവന്റെ വാക്കുകളെ അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ അവർ അത്ഭുതങ്ങളുടെ വിസ്മയലോകം ആസ്വദിക്കുമായിരുന്നെന്നും അങ്ങനെ  ചെയ്യാതിരുന്നത് കൊണ്ട് അവൻ ഒരത്ഭുതവും ആ നാട്ടിൽ ചെയ്തില്ലെന്നും അവിടെ നിന്നും മറ്റൊരു ദേശത്തേക്ക്  പോയ്യെന്നും സുവിശേഷത്തിൽ  രേഖപ്പെടുത്തിയിട്ടുള്ളത് വെറുതെയല്ല.  

പ്രളയം വരുമെന്നും  നാട് നശിക്കുമെന്നും യാഹ്‌വെ പലരെയും  പറഞ്ഞു വിട്ടു അറിയിച്ചതായിരുന്നു,.നോഹയൊഴിച്ചു മറ്റാരും ആ മൊഴികൾ ശ്രദ്ധിച്ചില്ല… പിന്നീട്  ദുരന്തം  പടി വാതിലിലെത്തിയെപ്പോഴേക്കും കാര്യങ്ങളെല്ലാം  കൈവിട്ടു പോയിരുന്നു.

പുതിയ  നിയമത്തിലും ശ്രദ്ധിക്കാതെ നടന്നവർക്കു പറ്റിയ പരിക്കുകളെ കുറിച്ച് പലയിടത്തും വലിയ കൈപ്പടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്..

*1*. പത്തു കന്യകമാരിൽ അഞ്ചെണ്ണം കരഞ്ഞും പിരിഞ്ഞും  നിലാവ് കൊണ്ടും നടക്കേണ്ടി വന്നതിനു കാരണം അവരുടെ അനാസ്ഥയും അശ്രദ്ധയും മാത്രമായിരുന്നു. അഞ്ചു പേർ മണവാളനൊത്തു സെക്കന്റ്‌ ഷോ കാണാൻ പോയപ്പോൾ ഇവർ പാവങ്ങൾ…. ആരോ പറഞ്ഞത് പോലെ യോഗമില്ല്യാ ഇനി പായ മടക്കിക്കോ എന്ന അവസ്ഥയിലായി എന്നല്ലാതെ എന്ത്  പറയാൻ. 

*2* . മുന്തിരി തോട്ടത്തിലെ കൃഷിക്കാരന് മറ്റൊരു പാർട്ടികൾ… അശ്രദ്ധയിലും കൊട്ടേഷൻ പണിയിലും ഡോക്ടറേറ്റ്  നേടിയവരായിരുന്നു ഇവർ… യജമാനൻ കാലാകാലങ്ങളിൽ പറഞ്ഞു വിട്ടിരുന്നവരെ അല്പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവർ ആ നാട്ടിലെ മുടിചൂടാ മന്നന്മാർ ആയേനെ. സംഭവിച്ചത് മറിച്ചായിരുന്നു. യജമാനൻ പറഞ്ഞു വിട്ടവരെ ശ്രദ്ധിക്കാതിരുന്നത് കൊണ്ട് അയാൾ നേരിട്ട് വന്നു അവരെ നശിപ്പിക്കുകയും മുന്തിരി തോട്ടം മറ്റുള്ളവരെ അതായതു ശ്രദ്ധിക്കുന്നവരെയും യജമാനനെ ബഹുമാനിക്കുകയും ചെയ്യുന്നവരെ ഏല്പിച്ചു.

*3* . താലന്തു കുഴിച്ചിട്ട മഹാനായ മണ്ടനെക്കുറിച്ചും സുവിശേഷത്തിൽ വിവരിക്കുന്നുണ്ട്. എല്ലാവർക്കും താലന്തു നൽകി  ശ്രദ്ധിച്ചേക്കണേ തിരികെ ഞാൻ വരുമ്പോൾ തന്നാൽ മതി എന്ന സ്നേഹമൊഴിയോടെയാണ് ആ യജമാനനും ദൂര ദേശത്തേക്ക് പോയത്…. കിട്ടിയ താലന്തു സൂക്ഷിച്ചു വെയ്ക്കാനോ  വ്യാപാരം ചെയ്യാനോ ശ്രദ്ധിക്കാതെ മണ്ണിൽ കുഴിച്ചിട്ടു യജമാനൻ വന്നു നോക്കുമ്പോൾ കാണുന്നത് തുരുമ്പ്  പിടിച്ച താലന്തിനെയാണ്….ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ  ഏല്പിച്ച മുതൽ നശിപ്പിച്ചതുകൊണ്ടാണ് അവനെ മഹാനായ മണ്ടൻ എന്ന് വിളിക്കുന്നത്‌ .

ക്രിസ്തുവിന്റെ എക്കാലത്തെയും ആഹ്വാനം  നിങ്ങൾ ജാഗരൂകരായിരിക്കുവിൻ  എന്ന് തന്നെയാണ്. പ്രതീക്ഷിക്കാത്ത നേരത്തും ചിന്തിക്കാത്ത സമയത്തുമൊക്കെയായിരിക്കും കള്ളൻ വരികയെന്നവൻ  താക്കീത് നൽകുന്നതെല്ലാം ശ്രദ്ധിക്കാനുള്ള അവന്റെ ഓർമപ്പെടുത്തൽ തന്നെ..ശിഷ്യരോടുപോലും അവൻ ആ മരണ തലേന്ന് ആവശ്യപ്പെടുന്നത് ശ്രദ്ധിക്കുവിൻ എന്ന് തന്നെയാണ്.   

  ശ്രദ്ധിക്കാൻ ദൈവം നമുക്ക് പലതും ഏല്പിച്ചു തന്നിട്ടുണ്ട്….അതെല്ലാം ശ്രദ്ധയോടെ സൂക്ഷിച്ചു തമ്പുരാന് സമീപിക്കുന്നവർ നിശ്ചയമായും സ്വർഗ്ഗപ്രാപ്തി നേടും എന്ന് കുറിച്ചത് കുരിശിലെ യോഹന്നാനും ലീമയിലെ വിശുദ്ധ റോസയുമൊക്കെയാണ്.

നാം ശ്രദ്ധിക്കേണ്ട ചിലതു

*1* . ദൈവം നൽകിയ ശരീരം..   നമ്മുടെ ശരീരം നാമാരും വില കൊടുത്തു വാങ്ങിയതല്ല.അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്റെ ഉടമസ്ഥൻ നമ്മളല്ല.ദൈവം തന്നെയാണ്….ആ ദൈവം തന്ന ശരീരത്തെ പൊന്നുപോലെ ശ്രദ്ധിക്കേണ്ട  ഉത്തരവാദിത്വം നിശ്ചയമായും നമുക്കോരോരുത്തർക്കുമുള്ളതാണ്. ശരീരത്തെ ശ്രദ്ധിക്കാത്തവൻ  പാപം ചെയ്യുന്നു എന്ന് പൗലോസ് അപ്പസ്തോലൻ ശക്തി യുക്തം വാദിക്കുന്നുണ്ട്..നിന്റെ  ശരീരം വേശ്യയുടെ ശരീരത്തിന് തുല്യമാക്കരുതെന്നൊക്കെ പുള്ളിക്കാരൻ പച്ചക്ക് വിളിച്ചു പറയുന്നുണ്ട്. ഒന്നോർത്താൽ നാമൊക്കെ നമ്മുടെ ശരീരത്തെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്…നേരത്തിനാഹാരം കഴിക്കാതെയും ഉറങ്ങാതെയുമെല്ലാം നാം ശരീരത്തിന്റെ Metabolism പാടെ തകർക്കുന്നുണ്ട്…

ശരീരത്തിനെതിരായ രീതിയിലുള്ള വഴികൾ തേടുന്നതും ലൈംഗീക വൈകൃതങ്ങളിലേക്കു വഴുതി വീഴുന്നതുമെല്ലാം ശരീരത്തെ ശ്രദ്ധിക്കാൻ മറക്കുന്നതിന്റെ നിലം തികഞ്ഞ ലക്ഷണമല്ലേ…. നിന്നെ തന്നെ ശുദ്ധീകരിക്കുവിൻ  കർത്താവു നിങ്ങളിൽ അത്ഭുതം പ്രവർത്തിക്കും  എന്ന് വെറുതെ വായിച്ചു തള്ളാനുള്ളതല്ല…. ശരീരത്തെ ശ്രദ്ധിക്കുന്നവൻ പുണ്യ വഴികളിലൂടെ ചരിക്കുന്നവനാണെന്നു മറക്കാതിരിക്കാം  നമുക്ക് .

*2*.സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ചാൽ പോരാ അപരന്റെ കാര്യത്തിലും ശ്രദ്ധയുള്ളവരാവണം എന്ന് കൂടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു..ആരെയും ശ്രദ്ധിക്കാതെയുള്ള ഒരു തരം മത്സര പാച്ചലിലാണ് മനുഷ്യനിന്നു..നാട്ടിൽ എന്ത് സംഭവിച്ചാലും അതൊന്നും എന്നെ സ്പർശിക്കുന്ന കാര്യമല്ലെന്നും അതൊന്നും ശ്രദ്ധിക്കാനുള്ള സമയമെനിക്കിപ്പോൾ ഇല്ലെന്നുമൊക്കെ മടി കൂടാതെ പറയാൻ വരെ നമുക്ക് സാധിക്കുന്നു എന്നത് സങ്കടമല്ലേ.

വഴിയിൽ ഇപ്പോഴും അപകടങ്ങൾ പതിവാണ്…ചോരയൊലിച്ചു കിടക്കുന്നവരും മരണ വെപ്രാളത്തിൽ പിടയുന്നവരും ഇപ്പോഴും കണ്മുന്നിലുണ്ട്… അവരെയൊക്കെ എങ്ങനെ കണ്ടില്ലെന്നു നടിക്കാനാവും…എന്റെ ശ്രദ്ധ അപരന്റെ ഉന്നമനത്തിനാണെന്നു എത്രപേർക്ക്  നെഞ്ചിൽ കൈവച്ചു പറയാനാവും.മറ്റുള്ളവരെ സ്നേഹിക്കുന്നതുപോലും സ്വന്തം സന്തോഷത്തിനു വേണ്ടി മാത്രമാകുമ്പോൾ ശ്രദ്ധയല്ല  സ്വാർത്ഥമാണ് മുന്നിട്ടു നിൽക്കുന്നത്.

പത്തുമാസം ചുമന്നതിന്റെകണക്കു പറയുന്ന അമ്മയും സഹോദരനെ ഒറ്റിക്കൊടുക്കുന്ന ചങ്ങാതിയും.  രാഷ്ട്രത്തെ മറ്റുള്ളവർക്ക്  പണയപ്പെടുത്തി അധികാരം  കൈക്കലാക്കാൻ  തത്രപ്പെടുന്നവരും അപരനെ ശ്രദ്ധിക്കാനല്ല നശിപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് .

മറ്റുള്ളവരെ ശ്രദ്ധിച്ചവരാണ് സ്വർഗ്ഗത്തിലെ പൂന്തോട്ടത്തിലെ സൂര്യകാന്തിപ്പൂക്കളായിട്ടുള്ളത്…ഡാമിയൻ ദയാമയനായതും മദർ തെരേസ അറിവിന്റെ അംബികയായതും വിൻസെന്റ് ഡീപോൾ കരുണയുടെ കൂടാരമായതുമെല്ലാം അപരനെ ബോധപൂർവ്വം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴായിരുന്നെന്ന്  മറക്കരുത്. 

 ആ നസ്രായൻ നമ്മെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട് .

ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍