നീ രക്ഷപ്രാപിച്ചവനോ ?

0


കാഴ്ച വീണ്ടുകിട്ടണം എന്ന അപേക്ഷയുമായി തന്നെ സമീപിക്കുന്ന ബാർത്തെമിയോസിനു കർത്താവ് പകർന്നുനൽകുന്നത് രക്ഷയുടെ സുവിശേഷമാണ്. ആത്യന്തികമായി അവനാവശ്യം രക്ഷയാണെന്നു കർത്താവിനറിയാം. ശാരീരികമായ കാഴ്ചയേക്കാൾ ആത്മീയമായ ഉൾക്കാഴ്ചകൾ അവനു സംലഭ്യമാക്കുകയാണ് ക്രിസ്തുവിവിടെ.

കാരണം അവൻ പ്രകടിപ്പിച്ച വിശ്വാസം അത്ര വലുതായിരുന്നു. കാഴ്ച അന്ന്വേഷിച്ചെത്തിയവന് രക്ഷ പകർന്നു നൽകുന്ന രക്ഷകൻ.
മനുഷ്യന് രക്ഷ നൽകുക എന്നതായിരുന്നല്ലോ ക്രിസ്തുവിൻ്റെ കുരിശുമരണത്തിൻ്റെയും ഉത്ഥാനത്തിൻ്റെയും ലക്ഷ്യം തന്നെ. എത്രയെല്ലാം സൗഖ്യങ്ങൾ സ്വീകരിച്ചാലും അഭിഷേകം ലഭിച്ചാലും ഭാഷാവരവും പ്രവചനവരവും ഉണ്ടായാലും രക്ഷ ലഭിക്കുന്നില്ലെങ്കിൽ എല്ലാം നിരർത്ഥകമാണ്.

സുവിശേഷത്താളുകളിൽ പല അത്ഭുതങ്ങളും അത്ഭുതങ്ങൾ മാത്രമായി അവശേഷിക്കുന്നു. പലപ്പോഴും ആ അത്ഭുതങ്ങൾ രക്ഷാകരമാകുന്നില്ല. ക്രിസ്തുവാണ് എൻ്റെ രക്ഷകൻ എന്ന തിരിച്ചറിവിലാണ് മാനസാന്തരം ഉണ്ടാകേണ്ടത്. എന്നെ നയിക്കാനും  ശക്തിപ്പെടുത്താനും അവനുമാത്രമേ കഴിയൂ എന്നും, എൻ്റെ  ഇടർച്ചകൾ അവനിറങ്ങിവരാൻ ഒരു തടസ്സമേയല്ലായെന്നും, അവനാവശ്യപ്പെടുന്നത് എൻ്റെ തീവ്രമായ ആഗ്രഹം മാത്രമാണെന്നും,  വെളിപ്പെട്ടുകിട്ടുമ്പോഴാണ് ഒരുവൻ രക്ഷയിലേക്ക് നടന്നുതുടങ്ങുന്നത്.

ക്രിസ്തുവിൻ്റെ നിഴലിലുള്ള ഒരു കൂട്ടുനടത്തമാണ് അത്. ഒരു രോഗസൗഖ്യവും ഒരു അഭിഷേകവും അതിലും വലുതായിട്ടില്ല. 
യേശു ബന്ധനങ്ങൾ അഴിച്ച, കാഴ്ച നൽകിയ, എഴുന്നേൽപ്പിച്ചു നടത്തിയ, കുഷ്ഠം മാറ്റിനൽകിയ, അപ്പംപങ്കുവച്ചുനൽകിയ, ആശ്വസിപ്പിച്ച, സന്ദർശിച്ച എല്ലാവരും രക്ഷയനുഭവിച്ചു എന്ന് സുവിശേഷം പറയുന്നില്ല. എന്നാൽ യേശു നൽകിയ സൗഖ്യം രക്ഷയാക്കിമാറ്റിയ അത്ഭുതങ്ങളും സുവിശേഷത്തിലുണ്ട്. രക്തസ്രാവക്കാരി സ്ത്രീയും (ലൂക്ക 8:43-48)  നന്ദി പറയാൻ തിരിച്ചു വന്ന കുഷ്ഠരോഗിയും (ലൂക്ക 17:11- 19) അന്ധയാചകനായ ബർത്തിമേയൂസും (മാർക്കോ10:46-52) പാപിനിയായ സ്ത്രീയും (ലൂക്ക 7:36- 50) അവർക്കു ലഭിച്ച സൗഖ്യത്തെ രക്ഷാകരമാക്കിയവരാണ്.

ബാക്കിയുള്ളവർ ആ മിശിഹാനുഭവത്തെ അത്ഭുതത്തിൻ്റെയും പ്രസിദ്ധിയുടെയും പുകപടലങ്ങളിലും ഉപരിപ്ലവമായ ജനസമ്മിതിയിലും അവസാനിപ്പിച്ചപ്പോൾ ഇവർ മേൽചമയങ്ങളിൽ ദൃഷ്ടിയുടക്കാതെ അകക്കാമ്പിലേക്ക് ഊർന്നിറങ്ങിയവരാണ്. കർത്താവിൻ്റെ ഓരോ ഇടപെടലും ഒരു യാത്രക്കുള്ള ക്ഷണമാണ്.

അവനോട് ചേർന്ന് സ്വർഗ്ഗത്തിലേക്കുള്ള യാത്ര. നാമോരുരുത്തരും സ്വർഗ്ഗത്തിൽ എത്തുമ്പോഴേ ആ യാത്ര അവസാനിക്കൂ. എന്നാൽ ക്രിസ്തുവിന്റെ ഇടപെടലിൽ, മറഞ്ഞിരിക്കുന്ന ക്ഷണം കാണാതെ അവൻ പ്രവർത്തിച്ച അത്ഭുതത്തിൽ മാത്രം ശ്രദ്ധയൂന്നുമ്പോൾ നാം നഷ്ടപ്പെടുത്തുന്നത് രക്ഷയിലേക്കുള്ള അവൻ്റെ ക്ഷണമാണ്. 

ശുഭരാത്രി

Fr Sijo Kannampuzha OM