കാത്തിരിക്കുന്നവര്‍

0


വെക്കേഷന്‍ ആകാന്‍ കാത്തിരിക്കുന്ന രണ്ടു കൂട്ടരാണല്ലോ ഉള്ളത്? ഒന്നാമത്തെ കൂട്ടര്‍ കുട്ടികളായ നിങ്ങള്‍ തന്നെ. തിമിര്‍ത്തുകളിക്കാനും ഉല്ലസിക്കാനുമുള്ള കാലമാണല്ലോ വെക്കേഷന്‍.

അടുത്ത കൂട്ടര്‍ ആരാണ്? നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും അവരുടെ തലമുറയില്‍പ്പെട്ടവരും. അവര്‍ കാത്തിരിക്കുന്നത് എന്തിനെന്നോ? പേരക്കുട്ടികള്‍ വരാനും അവരെ കാണാനും വര്‍ത്തമാനം പറഞ്ഞിരിക്കാനും കൊഞ്ചിക്കാനും.
സ്‌കൂളടച്ചു എന്നു കേള്‍ക്കുമ്പോഴേ അവര്‍ ചോദ്യം തുടങ്ങും:  കുട്ടികള്‍ എന്നാണ് വരിക?  അവരെ എന്നാണ് കൊണ്ടുവരിക?

പിന്നെയവര്‍ കാത്തിരിപ്പാണ്. സമ്മാനങ്ങളും സ്‌നേഹവായ്പും ചക്കരയുമ്മകളും ജീവിതപാഠങ്ങളുമൊക്കെയായി.
കുട്ടികളായ നിങ്ങള്‍ അവധിക്കാലത്ത് തീര്‍ച്ചയായും നടത്തേണ്ട യാത്രകളിലൊന്ന് ഗ്രാന്റ്‌സ് പേരന്റ്‌സിന്റെ  അടുക്കലേക്ക് ഉള്ളതാണ്. 
അവരുടെ അടുത്തിരിക്കുക. ആ കരങ്ങളില്‍ ഒന്നു പിടിക്കുക. സ്‌നേഹമുത്തം കൊടുക്കുക. വിശേഷങ്ങള്‍ പങ്കുവയ്ക്കുക. അവര്‍ പറയുന്നത് കേട്ടിരിക്കുക.

കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്തുകൊടുക്കുക. അതൊരു പുണ്യകര്‍മ്മമാണ്. അതിന്റെ നന്മ നിങ്ങളുടെ ജീവിതത്തില്‍ ധാരാളമായി ഉണ്ടാകും. അവധിക്കാലം അനുഗ്രഹത്തിന്റെ നാളുകള്‍ കൂടിയാവട്ടെ!

ഷാജി മാലിപ്പാറ