കുരിശിന്റെ വഴിയിലെ മറിയം

0

ക്രിസ്തുവിശ്വാസികളായ നമ്മെ സംബന്ധിച്ച്‌ വലിയനോമ്പിലെ എറ്റവും ആകർഷണിയവും ആഘോഷവുമായ പ്രാർത്ഥന കുരിശിന്റെ വഴിയാണ്‌. എന്റെ ഇടവക ദേവാലയത്തിലും വീട്ടിലുമെല്ലാം മുടങ്ങാതെ ചൊല്ലിയിരുന്നത്‌ ആബേലച്ചൻ എഴുതിയ കുരിശിന്റെ വഴിയായിരുന്നു. അതിനാൽത്തന്നെ ഇതിലെ ഗാനങ്ങളും പ്രാർത്ഥനകളും കാണാപ്പാഠവുമായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈ കുരിശിന്റെ വഴിയിലെ നാലാം സ്ഥലം ഞാൻ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. കുരിശുമായി കാൽവരിയിലേക്ക്‌ നീങ്ങുന്ന ഈശോയെന്ന മകനും മറിയമെന്ന അമ്മയും പരസ്പരം കണ്ടുമുട്ടുന്നതാണിവിടെ വിവരിക്കുന്നത്‌. അതിൽ നാടകീയമായി അവതരിപ്പിച്ചിരിക്കുന്ന കവിഞ്ഞൊഴുകുന്ന നാലുകണ്ണുകൾ, വിങ്ങിപ്പൊട്ടുന്ന രണ്ട്‌ ഹൃദയങ്ങൾ എന്നീ പ്രയോഗങ്ങളോട്‌ ചില വിയോജിപ്പുകൾ മിക്കപ്പോഴും എന്നിൽ കടന്നുവന്നിരുന്നു. എന്നാൽ എന്റെ വിയോജിപ്പുകൾക്ക്‌ സാധൂകരണം നൽകുന്നതൊന്നും പറയാൻ എനിക്കില്ലാതിരുന്നതിനാൽ ഞാനത്‌ ഒരിക്കലും പുറമേ പ്രകടമാക്കിയില്ല.

സെമിനാരിയിൽ ചേർന്നതിന്‌ ശേഷമാണ്‌ ബൈബിൾ പൂർണമായും വായിക്കാൻ തുടങ്ങിയത്‌. അങ്ങനെയൊരുദിവസം ഞാൻ ബൈബിൾ വായിച്ചെത്തിയത്‌ മക്കബായരുടെ രണ്ടാം പുസ്തകം ഏഴാം അധ്യായത്തിലാണ്‌. അതിൽ ഒരമ്മയേയും തന്റെ ഏഴ്‌ മക്കളേയും കുറിച്ചുള്ള വിവരണം എനിക്ക്‌ തന്നത്‌ ഞാൻ മുൻപ്‌ പറഞ്ഞ എന്റെ വിയോജിപ്പുകൾക്കുള്ള വ്യക്തമായ ഉത്തരമായിരുന്നു. ഏഴു സഹോദരന്മാരേയും അവരുടെ അമ്മയേയും അവർക്ക്‌ നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാൻ നിർബന്ധിക്കുന്നതാണ്‌ അതിൽ വിവരിക്കുന്നത്‌. ആ മക്കളിൽ ഒന്നാമനെത്തുടങ്ങി ഏഴാമനെവരെ അമ്മയുടെ കൺമുൻപിലാണ്‌ ക്രൂരമായ പീഡനമേൽപിച്ച്‌ വധിച്ചത്‌. വചനത്തിൽ ഇങ്ങനെ നാം വായിക്കുന്നു, “ആ മാതാവാകട്ടെ സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അർഹിക്കുന്നു. ഒറ്റദിവസം ഏഴുപുത്രന്മാർ വധിക്കപ്പെടുന്നത്‌ കണ്ടെങ്കിലും കർത്താവിലുള്ള പ്രത്യാശനിമിത്തം അവൾ സധൈര്യം അത്‌ സഹിച്ചു” (2 മക്ക.7.20) മക്കളെ ഓരോരുത്തരേയും അവൾ ധൈര്യപ്പെടുത്തുക മാത്രമല്ല ചെയ്തത്‌, ശ്രേഷ്ഠമായ വിശ്വാസദാർഡ്യത്തോടെ സ്ത്രീസഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരതകൊണ്ട്‌ ബലപ്പെടുത്തി. (2 മക്ക.7.21).

പരമ്പരാഗതമായി അനുവർത്തിച്ചുപോന്ന യഹൂദവിശ്വാസം തച്ചുടയ്ക്കപ്പെടാതിരിക്കാൻ മക്കളെ ശക്തിപ്പെടുത്തുന്ന സാധാരണക്കാരിയായ ഒരമ്മയുടെ ചിത്രമാണ്‌ ഇവിടെ നാം കാണുക. ദൈവത്തിൽ ആശ്രയിക്കുകയും അവന്റെ വചനം ജീവിതത്തിൽ പാലിക്കുകയും, ദൈവദാനമായ മക്കളെ അവിടുത്തെ വഴിയിൽ അനുദിനം വളർത്തുകയും  ചെയ്യുന്ന ഏതൊരു അമ്മയ്ക്കും സാധിക്കുന്ന കാര്യമായിട്ടുതന്നെയാണ്‌ ആദ്യത്തെ വായനയിൽത്തന്നെ ഈ വചനം എന്റെയുള്ളിൽ കയറിക്കൂടിയത്‌.

മക്കബായരുടെ രണ്ടാമത്തെ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന ഈ അമ്മ ഉച്ചത്തിൽ കരഞ്ഞ്‌ സ്വയം തളരുകയും തകരുകയും ചെയ്യുന്നവളല്ല. പകരം കൊടിയപീഡനത്തിലൂടേയും പിന്നീട്‌ മരണത്തിലൂടേയും കടന്നുപോകുന്ന തന്റെ ഏഴ്‌ മക്കളേയും ധൈര്യപ്പെടുത്തിയവളാണ്‌. ആ വിശുദ്ധയായ അമ്മ തന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളോടായി പറയുന്ന വാക്കുകൾ ഇപ്രകാരമാണ്‌. “നിങ്ങൾ എങ്ങനെ എന്റെ ഉദരത്തിൽ രൂപംകൊണ്ടുവെന്ന്‌ എനിക്ക്‌ അറിവില്ല. നിങ്ങൾക്കു ജീവനും ശ്വാസവും നൽകിയതും നിങ്ങളുടെ അവയവങ്ങൾ വാർത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭം ഒരുക്കുകയും ചെയ്ത ലോകസ്രഷ്ടാവ്‌, തന്റെ നിയമത്തെപ്രതി നിങ്ങൾ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാൽ, കരുണാപൂർവം നിങ്ങൾക്കു ജീവനും ശ്വാസവും വീണ്ടും നൽകും.” (2 മക്ക.7. 21­, 22)

ഇവിടെയാണ്‌ എന്നെ അസ്വസ്ഥമാക്കിയ കാര്യമുള്ളത്‌. പ്രസ്തുത അമ്മയ്ക്ക,‍്‌ പീഡനത്തിലേക്കും മരണത്തിലേക്കും കടന്നുപോകുന്ന മക്കളോരോരുത്തരേയും വചനം പറയുന്നതുപോലെ ശക്തിപ്പെടുത്താനാകുമെങ്കിൽ, ലോകരക്ഷയ്ക്കുവേണ്ടി കുരിശുചുമക്കുന്ന ഈശോയെന്ന മകനെ കാണുന്ന മറിയമെന്ന അമ്മയ്ക്ക്‌ എന്തേ ഇതസാധ്യമായി തീരുന്നു? മക്കബായരുടെ പുസ്തകത്തിലെ അമ്മയേക്കാളും കരുത്തില്ലാത്തവളാണോ പുതിയനിയമത്തിലെ മറിയമെന്ന അമ്മ? അതുമാത്രമല്ല, ഏഴുമക്കളുടെ അമ്മയെക്കുറിച്ച്‌ വചനം പറഞ്ഞതുപോലെ സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അർഹിക്കുന്നു എന്നുതുടങ്ങുന്ന ശ്രേഷ്ഠമായ കാര്യങ്ങളൊന്നും മറിയത്തെക്കുറിച്ച്‌ പറയാൻ കഴിയാതെ വരില്ലേ? മക്കളുടെ വേദനയിൽ, അവർ ഭാരമേറിയ കുരിശുചുമക്കുന്നത്‌ കാണുന്ന നിമിഷങ്ങളിൽ ഏതൊരമ്മയുടേയും ഉള്ളം നോവാം, എന്നാൽ പരസ്പരം കണ്ടുമുട്ടുന്ന സമയത്ത്‌ മക്കളെ നോക്കി അമ്മകൂടി കരഞ്ഞാലോ? മക്കളുടെ വേദന എത്രമാത്രം ആഴമേറിയതാകും എന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ.

കവിഞ്ഞൊഴുകുന്ന കണ്ണുകളും വിങ്ങിപ്പൊട്ടുന്ന ഹൃദയവും ഒരിക്കലും പ്രത്യാശയുടെ അടയാളങ്ങളല്ല. പകരം മക്കബായരുടെ രണ്ടാം പുസ്തകത്തിൽ കാണുന്ന അമ്മയേപ്പോലെയാണെങ്കിലോ, സഹനവും വേദനയും മരണവും സ്വീകരിക്കാൻ കൂടുതൽ ആത്മീയമായ കരുത്തുകിട്ടും എന്നത്‌ സത്യമാണ്‌.

കുറച്ചുനാളുകൾക്ക്‌ മുൻപ്‌ വ്യക്തിപരമായി പ്രാർഥിക്കാനായി കുരിശിന്റെ വഴിയെ എന്ന പേരിൽ ചെറിയൊരു പ്രാർത്ഥനാപുസ്തകം തയ്യാറാക്കിയപ്പോൾ അതിന്റെ നാലാം സ്ഥലത്തെ പ്രാർത്ഥനയിൽ ഞാനിപ്രകാരം എഴുതി, “…ഈശോയെന്ന ഈ കുഞ്ഞിന്റെ പിറവിയുടെ ആദ്യ നിമിഷങ്ങൾ തുടങ്ങി വളർച്ചയുടെ ഓരോ ഘട്ടങ്ങളും മറ്റാരേക്കാളും കൃത്യമായി അറിഞ്ഞത്‌ മറിയമെന്ന അമ്മയാണ്‌. ആ അമ്മയുടെ മുന്നിലൂടെയാണ്‌ ഈശോയെ കുറ്റവാളിയായി, ക്രൂശിക്കാനായി കൊണ്ടുപോകുന്നത്‌. ദുഃഖം ഉള്ളിൽ ഉയരുന്നുണ്ടെങ്കിലും മറിയമെന്ന അമ്മ, മകനെ തടയാതെ, ദൈവത്തെ പഴി പറയാതെ, തന്റെ സാന്നിധ്യത്താൽ പ്രിയ മകന്‌ ശക്തിപകരുകയാണ്‌. ഈ അമ്മയ്ക്കറിയാം തന്റെ മകൻ ആരാണെന്നും, അവൻ എന്തിനാണ്‌ ഈ യാത്ര നടത്തുന്നതെന്നും…” മറിയമെന്ന അമ്മയ്ക്ക്‌ സങ്കടങ്ങളില്ലന്നോ അവളുടെ ഹൃദയം നൊന്തില്ലെന്നോ അല്ല അവിടെ വിവക്ഷിച്ചത്‌, പകരം, മാനവർക്ക്‌ രക്ഷ പകരുന്നതിനായുള്ള മകന്റെ ഈ യാത്രയിൽ മറിയം ബലമായി മാറിയെന്നാണ്‌ ഞാൻ പങ്കുവയ്ക്കാൻ ശ്രമിച്ചത്‌.

ഞാൻ വ്യക്തിപരമായി മനസിലാക്കുകയും ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന മറിയമെന്ന ഈശോയുടെ അമ്മ, ഈ ലോകത്തിലുള്ള എല്ലാ അമ്മമാരേക്കാളും ശ്രേഷ്ഠയാണെന്നതിൽ ഒരിക്കലും എനിക്ക്‌ സംശയം വന്നിട്ടില്ല. ആരെല്ലാം ഇതിന്നപവാദമായി എന്തെല്ലാം മറിയത്തെക്കുറിച്ച്‌ പറഞ്ഞാലും സ്ഥാപിക്കാൻ ശ്രമിച്ചാലും എന്റെ ബോധ്യത്തിന്‌ മാറ്റമുണ്ടാകില്ല. കാരണം, ഈശോ എനിക്കുകൂടി തന്ന അമ്മയാണ്‌ മറിയം. ഒരു ഗാനത്തിൽ പറഞ്ഞുവച്ചിരിക്കുന്നതുപോലെ, “പതിനായിരംകോടി അമ്മമാരെ ചേർത്തിട്ടവരുടെ സ്നേഹം കൂട്ടിവച്ചാൽ, ആ സ്നേഹമവിടുത്തെ വാൽസല്യസ്നേഹത്തിൻ ഒരു തരി പോലുമില്ലമ്മേ, പരിശുദ്ധ കന്യാമറിയമേ…” മറിയമെന്ന അമ്മ മറ്റാരോടും തുലനം ചെയ്യാനാവത്തവിധം ഔന്നത്യം പേറുന്നവളാണ്‌.

നമ്മുടെ കൊച്ചുകേരളത്തിൽ മറിയാമ്മ എന്നൊരമ്മ തന്റെ മകന്റെ മൃതശരീരത്തിന്റെ അരികിൽ നിന്നും ഇടറാതെയും പതറാതെയും ദൈവത്തെ പഴിപറയാതെയും പ്രത്യാശയുടെ വചനങ്ങൾ പങ്കുവയ്ക്കുന്നത്‌ കണ്ടവരാണ്‌ മലയാളികളധികവും. എത്രയോ വലിയ ആത്മീയ മാതൃകയായിട്ടാണ്‌ ആ അമ്മ അന്നുമുതൽ നമ്മുടെമുൻപിൽ മാറിയത്‌. മരണത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ച്‌ കേൾക്കുകയും ധ്യാനിക്കുകയും പരസ്പരം പറയുകയും ചെയ്യുന്ന ഏതൊരു വിശ്വാസിയും ഈ അമ്മയെപ്പോലെയാകണമെന്നാണ്‌ ഞാൻ മനസിലാക്കിയത്‌. അപ്പോൾ ദൈവത്തിന്റെ ഹിതത്തിനായി ജീവിതം സമർപ്പിച്ച മറിയം എത്രയോ കരുത്തുള്ളവളായിരുന്നിരിക്കണം.

റോസി തമ്പി എന്ന എഴുത്തുകാരി ഒരിക്കൽ ഞങ്ങൾക്ക്‌ ക്ളാസെടുത്തപ്പോൾ മറിയത്തെ വിശേഷിപ്പിച്ചതിപ്രകാരമാണ്‌, “മകന്റെ മൃതശരീരം മടിയിൽ വച്ചിട്ട്‌ തലകറങ്ങാതിരിക്കുന്നവൾ..” ഒരു സാധാരണ സ്ത്രീയ്ക്ക്‌/ അമ്മയ്ക്ക്‌ മകന്റെ മൃതശരീരം മടിയിൽവച്ച്‌ ശാന്തമായിരിക്കാനാവുക ബുദ്ധിമുട്ടേറിയ കാര്യമാണ്‌, എന്നാൽ മറിയത്തിനത്‌ വളരെ എളുപ്പത്തിൽ സാധിച്ചു എന്ന്‌ സാരം. വിങ്ങിപ്പൊട്ടുന്ന ഹൃദയവും കവിഞ്ഞൊഴുകുന്ന കണ്ണുകളുമായി മറിയം ഈശോയുടെ കുരിശിന്റെ വഴിയിൽ കാത്തിരുന്നെന്നോ അനുഗമിച്ചെന്നോ വചനത്തിലെവിടെയും നാം വായിക്കുന്നില്ല എന്നത്‌ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. അതുകൊണ്ട്‌ വചനത്തിൽ നാം കാണാത്തതും വായിക്കാത്തതുമൊന്നും സംഭവിച്ചിട്ടില്ലായെന്നും ഇതിനർത്ഥവുമില്ല. എല്ലാം നമുക്കറിയത്തില്ല എന്നുപറയുവാനേ സാധിക്കുകയുള്ളൂ.

മറിയത്തിന്റെ മഹനീയതയും ശ്രേഷ്ഠതയും കുറച്ചുകാണിക്കുന്ന തരത്തിലുള്ള ചിലകാര്യങ്ങൾ തിരുത്തപ്പെടുന്നത്‌ ഉചിതമെന്ന്‌ ഞാൻ തിരിച്ചറിയുന്നു. പരമ്പരാഗതമായി വിശ്വാസത്തിന്റെ പേരിൽ നാം അനുവർത്തിക്കുന്ന ചില രീതികൾക്ക്‌ കാലാനുസൃതമായ മാറ്റം വേണമെന്നത്‌ ന്യായമായ കാര്യമാണ്‌. ഞാനീ ലേഖനം എഴുതുന്നതിനിടയിൽ എനിക്ക്‌ വന്ന ഒരു ഈമെയിലിൽ വായിച്ചത്‌ ന്യൂസിലന്റിലെ കാർഡിനൽ ജോൺ ഡ്യൂ പറഞ്ഞ കാര്യമാണ്‌. ഇനിമുതൽ വൈദീകരെ ഫാദർ എന്ന്‌ വിളിക്കുന്നത്‌ നിർത്തണം എന്നതാണതിന്റെ കാതൽ. അപ്രകാരം പറയാൻ അദ്ദേഹത്തിന്‌ കൃത്യമായ കാരണവുമുണ്ട്‌. കാലങ്ങളായി ശീലിച്ച ചില കാര്യങ്ങളിലൂടെ ശരിയല്ലാത്തതെന്തെങ്കിലും എന്നിലും മറ്റ്‌ വിശ്വാസികളിലും എത്തിച്ചേരുന്നെങ്കിൽ അത്‌ മാറ്റപ്പെടണം, അത്‌ മറിയത്തെക്കുറിച്ചുള്ള നാടകീയമായ വിവരണമാണെങ്കിൽ പോലും.

കുരിശിന്റെ വഴിയിലെ മറിയം എന്ന അമ്മ അനുദിനജീവിത കുരിശുമായി നീങ്ങുന്ന ഓരോ മക്കൾക്കും ആത്മീയമായ കരുത്ത്‌ പകരുന്ന വിശുദ്ധ സാന്നിധ്യമാണ്‌. മറിയമൊരിക്കലും അവളുടെ കണ്ണിരാൽ എന്റേയും നിന്റേയും ജീവിതലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക്‌ ഒരുകാലത്തും തടസമാകില്ല. ഈ അമ്മയ്ക്ക്‌ നമ്മളോരോരുത്തരേയും അറിയാം. ഈശോയെന്ന മകന്റെ കുരിശും വഹിച്ചുള്ള രക്ഷാകരമായയാത്രയിൽ തന്റെ സാന്നിധ്യത്താൽ ശക്തിപകർന്നതുപോലെ നമ്മോടൊപ്പവും എന്നുമുണ്ടാകും ഈ അമ്മ.

പോൾ കൊട്ടാരം കപ്പൂച്ചിൻ