ഞങ്ങള്‍ നല്ലവരാണ്

0


നാലാംക്ലാസിലേക്ക് ടീച്ചര്‍ കടന്നുചെന്നാല്‍ കുട്ടികള്‍ എഴുന്നേറ്റുനിന്ന് ഒരുമിച്ചു പറയും: ”ഗുഡ്‌മോണിംഗ് ടീച്ചര്‍. ഞങ്ങള്‍ നല്ല കുട്ടികളാണ്.’ ആ ക്ലാസില്‍ ഇതു പതിവാണ്.

എന്തിനാണിങ്ങനെ പറയുന്നത്? ഇതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? നല്ല കുട്ടികളാണെന്നു പറഞ്ഞാല്‍ നല്ല കുട്ടികളാകുമോ?  ഉവ്വ് എന്നാണ് ടീച്ചര്‍ പറയുന്നത്. ഈ രീതി പ്രയോജനപ്രദമെന്നാണ് ടീച്ചറുടെ പക്ഷം. അതെങ്ങനെ? 

കൂടെക്കൂടെ ആവര്‍ത്തിച്ചു പറയുന്ന കാര്യങ്ങള്‍ മനസില്‍ ഉറയ്ക്കും. പതിവായി കേള്‍ക്കുന്ന കാര്യങ്ങളും മനസില്‍ നിറഞ്ഞുനില്‍ക്കും. നിത്യേന കാണുന്നവയും അങ്ങനെതന്നെ. അവയെല്ലാം നമ്മെസംബന്ധിച്ച് യാഥാര്‍ത്ഥ്യമായിത്തീരാന്‍ എളുപ്പമുണ്ട്.

ഭാവിയില്‍ നാം ആരായിത്തീരണമെന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്നാല്‍ അതിനുവേണ്ടി പ്രയത്‌നിക്കാന്‍ തോന്നും. പ്രയത്‌നം ലക്ഷ്യത്തിലെത്തിക്കും.  അതുപോലെ നമ്മള്‍ നല്ലവരാണെന്ന ബോധം ഉള്ളില്‍ നിറച്ചാല്‍ നന്മയിലേക്ക് നടക്കാന്‍ എളുപ്പമാകും. നമ്മെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് നല്ലവരായിട്ടാണ്.

നമ്മുടെയുള്ളിലെ നന്മകള്‍ നാം വളര്‍ത്തണം. ആ നന്മയെക്കുറിച്ച് സ്വയം പറയണം. മറ്റുള്ളവരോടും പറയണം. ഞാന്‍ ചീത്തയാണ്, ഞാന്‍ മോശമാണ്, എനിക്കൊന്നിനും കഴിയില്ല എന്നൊക്കെയുള്ള ചിന്തകളും സംസാരവും നമ്മെയും മറ്റുള്ളവരെയ.ും തളര്‍ത്തുന്നതാണ്. മറിച്ച് ഞാന്‍ നല്ലവനാണ്, എല്ലാവരും എന്നെ ഇഷ്ടപ്പടുന്നു, എനിക്ക് എല്ലാം നന്നായി ചെയ്യാന്‍ കഴിയും എന്ന വിചാരവും വാക്കുകളും എല്ലാവരെയും വളര്‍ത്തുന്നതാണ്.

നമുക്ക് വളര്‍ത്തുന്നതും ഉയര്‍ത്തുന്നതുമായ വാക്കുകള്‍ പറയാം, അവ ഉറക്കെ പറയാം. 

ഷാജി മാലിപ്പാറ