കരച്ചിൽ

0

എന്തിനാണ്‌ നീ കരയുന്നത്‌? (യോഹ 20 : 15)

‘കർത്താവേ കണിയണമേ’ എന്ന് മഞ്ഞുപൊഴിയുന്ന കടൽത്തീരങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ ഉറക്കെ നിലവിളിച്ചു നടക്കുന്ന അനറ്റോളി എന്ന സന്ന്യാസിയുടെ കഥ പറയുന്ന മനോഹരമായ റഷ്യൻ സിനിമയാണ് ദ്വീപ് (The island 2006). നാവികനായിരുന്ന അനറ്റോളി, ജർമ്മൻ പട്ടാളക്കാരാൽ പിടിക്കപ്പെടുന്നു. ജീവൻ രക്ഷിക്കണമെങ്കിൽ തൻ്റെ മേലധികാരിയെ വെടിവയ്ക്കുവാൻ ജർമ്മൻ പട്ടാളമേധാവി ആവശ്യപ്പെടുന്നു. മരണത്തെ പേടിച്ച് അനറ്റോളി തൻ്റെ മേലധികാരിയെ വെടിവയ്ക്കുന്നു. തീപിടിച്ച കപ്പലിൽ നിന്നും അനറ്റോളി വല്ലവിധേനയും എത്തിച്ചേരുന്നത് ഒരു ദ്വീപിൽ താമസിക്കുന്ന സന്ന്യാസികളുടെ അടുത്തേക്കാണ്. അവിടെയുള്ള ബോയിലർ ചൂടാക്കുന്ന, ഏറ്റവും നിസ്സാരമായ ജോലിചെയ്ത് കൽക്കരിക്കൂനയിൽ അനറ്റോളി കാലം കഴിക്കുന്നു. പ്രവചിക്കാനും രോഗം മാറ്റാനും പിശാചിനെ ഒഴിപ്പിക്കാനുമൊക്കെ കൃപ നല്കപ്പെടുന്നുണ്ടെങ്കിലും താൻ പണ്ട് ചെയ്ത അപരാധം അനറ്റോളിയെ വളരെയധികം ഉള്ളുനീറാൻ ഇടയാക്കുന്നുണ്ട്. തൻ്റെ ബാക്കിയുള്ള ജീവിതം അനറ്റോളി ആ ദ്വീപിലെ ആശ്രമത്തിൽ ഏറ്റവും നിസ്സാരമായ ജോലികൾ ചെയ്തുകൊണ്ട് ചിലവഴിക്കുകയാണ്, ഒരു പാപപരിഹാരമെന്നപോലെ.  ഒടുവിൽ പിശാചുബാധിച്ച യുവതിയായ മകളെ സുഖപ്പെടുത്താനായി കൊണ്ടുവന്ന ആൾ, താൻ കൊന്നുവെന്ന് കരുതിയ മേലധികാരിയാണെന്ന് അനറ്റോളി തിരിച്ചറിയുകയാണ്. അദ്ദേഹം സമാധാനത്തോടെ മരിക്കുന്നു.

താൻ ചെയ്തുപോയ തിന്മയെ ഓർത്ത് മഞ്ഞിലും മഴയിലും തീയിലും കിടന്നു കരയുന്ന അനറ്റോളി, സിനിമ കണ്ടുകഴിഞ്ഞു പിന്നെയും കുറെ നാളുകൾ  ആരെയും സ്വാധീനിക്കുന്ന ഒരു കഥാപാത്രമാണ്.

മഗ്ദലേനക്കാരി മറിയം യേശുവിൻ്റെ കല്ലറയ്ക്കരികിൽ അതിരാവിലെ എത്തുകയാണ്. പക്ഷെ കല്ലറയിൽ യേശുവിൻ്റെ ശരീരം കാണാനാകാതെ വിഷമിക്കുന്ന അവളോട് യേശു ചോദിക്കുന്ന ചോദ്യമാണ് ഇന്നത്തെ ചിന്താവിഷയം. പക്ഷേ ഗുരുവളെ പേര് ചൊല്ലിവിളിക്കുന്ന മാത്രയിൽ അവൾ ഗുരുവിനെ തിരിച്ചറിയുകയാണ്. ഗുരുവിനെ കാണാത്തതുമൂലമുള്ള എല്ലാ കരച്ചിലുകൾക്കും ഗുരുതന്നെ ഉത്തരം കൊടുക്കുമെന്നർത്ഥം.

കരയാത്ത മനുഷ്യരില്ല. കരയുന്നതിനെ ബലഹീനതയായും ധൈര്യമില്ലായ്മയായും ഒക്കെ പലരും പരിഗണിക്കുന്നവരുണ്ട്.  ഒരു മനുഷ്യൻ്റെ നിസ്സഹായതയുടെ പാരമ്യത്തിലാണ് അവൻ കരയുക.. ഇനി പ്രതീക്ഷയുടെ കച്ചിത്തുരുമ്പൊന്നും അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവിൽ അവൻ ഉള്ളിലെ കെട്ടിനിറുത്തിയ സങ്കടം പെയ്തുതീർക്കുന്നു.

കരച്ചിൽ കണ്ടാൽ ഉള്ളുലയാത്തതായി ആരുമില്ല. ചിലപ്പോൾ കുഞ്ഞുങ്ങളുടെ കരച്ചിലുകൾ പോലും അസ്വസ്ഥത ഉളവാക്കും. ഒരു മനുഷ്യൻ ജീവിതത്തിൽ എത്രയോ പ്രാവശ്യം കരയുന്നുണ്ടാകും ? പക്ഷേ കരയാനുള്ള കാരണങ്ങൾ എന്തായിരിക്കും? മക്കൾക്കുവേണ്ടിയും, ജീവിത പങ്കാളിക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും നാം കരഞ്ഞിട്ടുണ്ടാകാം. ലഭിക്കാതെ പോയ ജോലിയും മാർക്കും നമ്മെ കരയിപ്പിച്ചിട്ടുണ്ടാകാം. നഷ്ടപ്പെട്ട സൗഹൃദങ്ങളും ഒഴിവാക്കപ്പെട്ട ബന്ധങ്ങളും നമ്മെ കണ്ണ് നിറയാൻ ഇടവരുത്തിയിരിക്കാം. ഇനി ഒരു ചോദ്യം – കാണാതെ പോയ ഗുരുവിനുവേണ്ടി നീ കരഞ്ഞിട്ടുണ്ടോ? ഹൃദയത്തിൽ നിന്ന് ഇറങ്ങിപ്പോയ ഗുരുവിനെ തിരക്കി നീ ചെന്നിട്ടുണ്ടോ?

മഗ്ദലേനക്കാരി കരഞ്ഞത് തൻ്റെ ഗുരുവിനെ കാണുന്നില്ല എന്ന തിരിച്ചറിവിലാണ്. തൻ്റെ ജീവിതത്തിൻ്റെ ആകെയുള്ളപ്രകാശം നഷ്ടപ്പെട്ട അവൾ, അവനെത്തേടി ഇറങ്ങുകയാണ്. പലപ്പോഴും ഗുരുവിനെ കാണുന്നില്ലെന്ന യാഥാർഥ്യം നാം ഉൾക്കൊള്ളുന്നില്ല എന്നതാണ് ശരി. കാരണം നാം ഇനിയും ഗുരുവിനെ അന്വേഷിക്കാൻ തുടങ്ങിയിട്ടില്ല. നാമിപ്പോഴും അന്വേഷിക്കുന്നത് ലോകത്തിൻ്റെ സുഖങ്ങളും ആഡംബരങ്ങളുമുണ്ട്. കണ്ണിൽനിന്ന് അവയൊഴിഞ്ഞാലല്ലേ ഗുരുവിനെ നോക്കാനാകൂ?

കരയുന്നതിൽ വലിയ കാര്യമൊന്നുമില്ല. ആഗ്രഹിക്കാതെയും നാം ചിലപ്പോൾ കരഞ്ഞുപോകും, കണ്ണിലൊരു കരടുപോയാൽ മതി. ക്രിസ്തുവെന്ന വെളിച്ചം കാണാനാകാത്തതിൽ കരയുമ്പോഴേ, കരച്ചിലിനുപോലും ഒരു വിലയുള്ളൂ. ഇനിയുള്ള കരച്ചിലുകൾ ഗുരുവിനെ കാണാത്തതുമൂലം ആയിരിക്കട്ടെ.

ശുഭരാത്രി

Fr Sijo Kannampuzha OM