”ജനിച്ചപ്പോള്‍ നിങ്ങള്‍ക്ക് എത്ര തൂക്കമുണ്ടായിരുന്നുവെന്ന് അറിയാവുന്നവര്‍ ആരൊക്കെ?”ചിലര്‍ കൈയുയര്‍ത്തി.
അമ്മ പറഞ്ഞുകൊടുത്തിട്ടുള്ള തൂക്കം അവര്‍ പറഞ്ഞു. രണ്ടു കിലോഗ്രാം മുതല്‍ നാലു കിലോഗ്രാം വരെയുള്ള അളവുകളാണ് അവര്‍ പറഞ്ഞത്.
”എന്നാലിനി നിങ്ങളോടു മാത്രം ചോദിക്കാം. നിങ്ങളുടെ ഇപ്പോഴത്തെ തൂക്കം പറയാമോ?”കുട്ടികള്‍ അതും പറഞ്ഞു. ഒടുവില്‍ മാഷ് വിശദീകരിച്ചു: ‘നിങ്ങള്‍ ജനിച്ചപ്പോഴത്തെ ഭാരവും ഇപ്പോഴത്തെ ഭാരവും തമ്മില്‍ എത്രമാത്രം വ്യത്യാസമുണ്ട്? എല്ലാവര്ക്കും കുറഞ്ഞത് പത്തിരട്ടിയെങ്കിലും ഭാരം കൂടിയിട്ടുണ്ട്.
എന്നുവച്ചാല്‍ നിങ്ങള്‍ അത്രയും വളര്‍ന്നിട്ടുണ്ട്.””വളരാന്‍ എന്തുവേണം?” ഒന്നുനിര്‍ത്തിയിട്ട് മാഷ് ചോദിച്ചു.”ഭക്ഷണം കഴിക്കണം.” ഉത്തരം പെട്ടെന്നു വന്നു.
”ശരിയാണ്. ഭക്ഷണം കഴിച്ചാലാണ് വളര്‍ച്ചയുണ്ടാകുന്നത്.കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നു. ശരീരം വളരുന്നു, ആരോഗ്യം ലഭിക്കുന്നു. എന്തിനാണ് ഇതൊക്കെയെന്ന് ചിന്തിച്ചിട്ടുണ്ടോ?’
‘ഒരു നിമിഷം കുട്ടികള്‍ ആലോചനയില്‍ മുഴുകി.” വളര്‍ന്നു വലുതാകണം, ആരോഗ്യത്തോടെ ജീവിക്കണം. അപ്പോഴേ മറ്റുള്ളവര്‍ക്ക് നന്മചെയ്യാന് നിങ്ങള്‍ക്ക് കഴിയുകയുള്ളൂ. വീണുകിടക്കുന്ന ഒരാളെ താങ്ങി എഴുന്നേല്‍പ്പിക്കാന്‍ ആഗ്രഹം മാത്രം പോരാ, ആരോഗ്യവും വേണം.
നന്മ ചെയ്തുകൊണ്ട് നാടെങ്ങും ചുറ്റി സഞ്ചരിച്ച യേശുവിനെപ്പോലെ, നന്മ ചെയ്തു ജീവിക്കാന്‍ നിങ്ങള്‍ ആഹാരം കഴിക്കണം.
”ശരിയല്ലേ? നിങ്ങള്‍ വളരുന്നതും വലുതാകുന്നതും നന്മചെയ്യാന് വേണ്ടിയാകണം. അല്ലേ?
ഷാജി മാലിപ്പാറ