മഴയിലേക്ക് സ്വാഗതം

0

പാപിനിക്ക് മോചനം. (ലൂക്കാ 7 : 36-50) ധ്യാനം -15

പലപ്പോഴും മനസ്സിലുയരുന്ന ഒരു ചോദ്യമുണ്ട്- എന്തിനാണാവോ ആ പാവം സ്ത്രീ സുഗന്ധതൈലവുമെടുത്ത് യേശുവിനെക്കാണാൻ ഫരിസേയൻ്റെ വീട്ടിലേക്ക് ഓടിയത്? അവൾ അവിടേക്ക് ക്ഷണിക്കപ്പെട്ടിരുന്നേയില്ല. എല്ലാവരും തന്നെ കാണുന്നത് നിറം മങ്ങിയ കണ്ണുകളോടെയാണെന്നു അവൾക്കും അറിയാമായിരുന്നു. താൻ കയറിച്ചെല്ലുന്നത് സമൂഹത്തിലെ പ്രധാനിയായ ഒരു ഫരിസേയന്റെ വീട്ടിലേക്കാണെന്നും അവൾക്ക് ഓർമ്മയുണ്ടായിരുന്നു. അവിടെ ആരും തനിക്ക് വേണ്ടി വാതിൽ തുറക്കാനും സ്വീകരിക്കാനുമില്ലെന്നതും സത്യമാണ്. തന്നെ കാത്തിരിക്കുന്നത് പരിഹാസവും കുത്തുവാക്കുകളും ആണെന്നറിഞ്ഞിട്ടും അവളവിടേക്ക് പോകണമെങ്കിൽ അവിടെ അവൾ വിലയുള്ളതെന്തോ കണ്ടെത്തിയിട്ടുണ്ടാകണം. ആരും കാത്തിരിക്കാനില്ലാത്തിടത്തേക്ക് അവളല്ലെങ്കിൽ പോകേണ്ട കാര്യമില്ലല്ലോ.

അവൾ ഈ ഭൂമിയിൽ ദാഹിച്ചത് മുഴുവൻ സ്നേഹത്തിനുവേണ്ടിയായിരുന്നു. പക്ഷെ സ്നേഹമെന്നപേരിൽ അവൾക്കുലഭിച്ചതെല്ലാം മനസ്സുമടുപ്പിക്കുന്ന ഏകാന്തതയും ഒറ്റപ്പെടലുമായിരുന്നു. ഓരോരുത്തരെയും അവൾ സ്നേഹിച്ചത് അവർ അവളെയും സ്നേഹിക്കുമെന്നാ പ്രതീക്ഷയിലായിരുന്നു. പക്ഷെ എല്ലാവരും സ്നേഹിച്ചത് അവളുടെ ഉടലിനെ മാത്രമായിരുന്നു. അവളുടെ മനസ്സിനെ, ഹൃദയത്തെ തണുപ്പിക്കുന്ന ഒന്നും അവൾ ആരിലും കണ്ടെത്തിയില്ല.

എവിടെയോ, എന്നോ അവൾ ഗുരുവിനെക്കുറിച്ചു കേൾക്കുകയാണ്. താൻ കാത്തിരുന്നതുമുഴുവൻ അവനു വേണ്ടിയാണെന്ന് അവൾ മനസ്സിൽ കുറിക്കുകയാണ്. തൻ്റെ മനസ്സിനെ മനസ്സിലാക്കാനും അവൾക്കുവേണ്ടി അവളെ സ്നേഹിക്കാനും യേശുവിനെ മാത്രമേ കഴിയൂ എന്ന് അവൾക്ക് വെളിപ്പെട്ടുകിട്ടുകയാണ്.

അതാണ്, സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നിട്ട് കൂടി ഗുരുപാദങ്ങളിലേക്ക് അവൾ ഓടിയണയുന്നത്. പെയ്യാനുറപ്പിച്ച കാർമേഘം പോലെയായിരുന്നു അവൾ. തൻ്റെ ഗുരുവിൻ്റെ പാദങ്ങളിൽ അതുവരെയുണ്ടായിരുന്ന സങ്കടക്കടലുകളെല്ലാം അവൾ പെയ്തു തീർക്കുകയാണ്. ഇതുവരെ അണയാതിരുന്ന സഖിയോട്, വൈകിയെത്തുമ്പോൾ പതം പറയുന്നപോലെ അവൾ ചോദിക്കുന്നുണ്ട് “നീ എന്താണ് എന്നെ തേടി വരാൻ ഇത്ര വൈകിയത്?’”

ഗുരുപാദങ്ങളിൽ നിന്ന് അവളെഴുന്നേൽക്കുന്നത് ഒരു പുതിയ ജീവിതത്തിലേക്കാണ്. ആ ഗുരുപാദങ്ങളിൽ അവൾ വീണെഴുന്നേൽക്കുന്നത് പുതിയ സൃഷ്ടിയായിട്ടാണ്. ഇനിയവളുടെ ഹൃദയം ഭരിക്കുന്നത് പുതിയ തീരുമാനങ്ങളാണ്. അവൾ എഴുന്നേറ്റ്, വെൺകൽഭരണിയവിടെ ഉപേക്ഷിച്ചു തിരിച്ചുപോകുകയാണ്. ഇപ്പോൾ അവളുടെ മനസ്സ് പെയ്തൊഴിഞ്ഞ മാനം പോലെ പ്രശാന്തമാണ്‌. ആളുകൾ എന്ത് പറയുന്നു എന്നത് അവൾ ശ്രദ്ധിക്കുന്നേയില്ല. അവൾ ഒരു പുതുജീവിതത്തിൻ്റെ ആരംഭത്തിലാണ്.

ക്രിസ്തുവിനടുത്തണയാൻ പ്രത്യേകസമയമില്ല, സാഹചര്യങ്ങളില്ല. കൃപയുടെ മഴപ്പെയ്ത്തിൽ നീ മുങ്ങിനിവരാൻ ആഗ്രഹിക്കുന്നതിനുമുമ്പേ അവൻ നിനക്കായി പെയ്തുതുടങ്ങി. സ്വാഗതം കൃപയുടെ ആ മഴയിലേക്ക്..

ശുഭരാത്രി

Fr Sijo Kannampuzha OM