നിനക്കുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്?

0


ർഷങ്ങൾക്കുമുൻപ്  ഒത്തിരി മാനസീക സംഘർഷങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോകുന്ന സമയം. ഉത്തരമില്ലാത്ത ഒത്തിരി ചോദ്യങ്ങളുമായി മനസ്സ് അസ്വസ്ഥമായ ഒരു സായാഹ്നത്തിൽ ഒരു സുഹൃത്തിൻ്റെ ഫോൺ കോൾ-

“ഈ അവസ്ഥയിൽ നിനക്കുവേണ്ടി എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ?” കാർമേഘം നിറഞ്ഞ മനസ്സ് പെട്ടെന്ന് ശാന്തമായി. ചോദ്യങ്ങൾക്ക് ഉത്തരങ്ങളോ പ്രശ്നങ്ങൾക്കോ പ്രതിവിധിയോ ലഭിച്ചില്ലെങ്കിലും ആരൊക്കെയോ വിരിച്ച കൈകളുമായി കൂട്ടിനുണ്ടെന്ന ബോധ്യം വലിയൊരു തണലായി.

ബർതിമേയൂസിനോട്, ഒത്തിരി കരുണയും ആർദ്രതയും കരുതലും കുത്തിനിറച്ച ഒരു ചോദ്യം കർത്താവ് ചോദിക്കുന്നു.’മകനേ, നിനക്ക് വേണ്ടി  ഞാൻ എന്ത് ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്’? – സുവിശേഷം മുഴുവൻ ഒരു ചോദ്യത്തിലേക്ക് ചുരുങ്ങുകയാണ്. മനുഷ്യന് ജീവനുണ്ടാകാനും അത് സമൃദ്ധമായുണ്ടാകാനും വന്നവൻ, വെറും സൃഷ്ടി മാത്രമായ ഒരു മനുഷ്യൻ്റെ മുൻപിൽ ഏറ്റവും എളിയവനായി ഒരു ദാസനെപ്പോലെ ചോദിക്കുകയാണ്. ‘ഞാൻ നിനക്ക് എന്താണ് ചെയ്തു തരേണ്ടത്’?

ഇതിലും മനോഹരമായ ഒരു ചോദ്യമുണ്ടോ? ഇതിലും വലിയൊരു സ്നേഹമുണ്ടോ? ഇതിലും വലിയൊരു ദൈവമുണ്ടോ ? മനുഷ്യനെ അവൻ്റെ ഹൃദയവികാരങ്ങളെ മുഴുവൻ അറിഞ്ഞു അതിനനുസരിച്ചു സ്നേഹിക്കാൻ മത്സരിക്കുന്ന ഒരു ദൈവം. ഞാൻ നിനക്കുവേണ്ടി മാത്രം കുരിശിൽ മരിച്ചവനാണെന്നു പിന്നെയും പിന്നെയും ഓർമ്മിപ്പിക്കുന്ന ദൈവം.

അതേ, ഞാനും നീയും കടന്നുപോകുന്നത് എത്ര വലിയ സഹനപർവ്വത്തിലൂടെയാണെങ്കിലും നമുക്ക് ധൈര്യമായിരിക്കാം. പ്രതീക്ഷകൾക്ക് ഇനിയും സ്ഥാനമുണ്ട്. കാരണം നമ്മുടെ രക്ഷകനായവൻ നമ്മുടെ മുൻപിൽ നിന്നുകൊണ്ട്, കരുണ നിറഞ്ഞ കണ്ണുകളോടെ, നമ്മുടെ കണ്ണുകളിൽ നോക്കി ചോദിക്കുന്നുണ്ട്, “മകനെ/മകളെ ഞാൻ നിനക്കുവേണ്ടി എന്താണ് ചെയ്തു തരേണ്ടത്”? എനിക്ക് ഉത്തരം പറയാൻ ഒന്നുമില്ല. കാരണം  ഈ ചോദ്യം തന്നെ എൻ്റെ മനസ്സിനെ നിറയ്ക്കുന്നു. ഹൃദയത്തെ തരളിതമാക്കുന്നു. ആത്മാവിനെ തണുപ്പിക്കുന്നു.

ദൈവമേ, ഞാൻ എന്താണ് നിനക്കുവേണ്ടി ചെയ്യേണ്ടത് ?

ശുഭരാത്രി

Fr. Sijo Kannampuzha OM