നീയെന്തുവായിക്കുന്നു?

0

നല്ലസമറിയാക്കാരൻ (ലൂക്കാ 10: 25-37) ധ്യാനം -3

Ignorantia legis neminem excusat (Latin for ignorance of law excuses no one). നിയമത്തെക്കുറിച്ചുള്ള അജ്ഞത ആരെയും നിരപരാധി ആക്കുന്നില്ല. പാലിക്കേണ്ടതായ നിയമങ്ങളിലും, ചെയ്യേണ്ടതായ കടമകളിലും വീഴ്ച വരുമ്പോൾ, അത് ചോദ്യം ചെയ്യപ്പെടുമ്പോൾ നാം സ്ഥിരമായിപറയുന്ന ഒരു ന്യായവാദമുണ്ട്- “എനിക്കത് മനസിലായത് അങ്ങനെയാണ്”. നിയമങ്ങളും നിർദ്ദേശങ്ങളും മനസ്സിലാക്കപ്പെടേണ്ടവിധത്തിൽ, മനസ്സില്ലാക്കപ്പെടാതെ പോകുന്നതാണ് പ്രശ്നകാരണം. ചിലപ്പോഴെങ്കിലും ചില നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും വേണ്ടവിധത്തിൽ മനസ്സിലാക്കാൻ നാമാഗ്രഹിക്കുന്നില്ല എന്നതും സത്യമാണ്. കാരണം നിയമങ്ങളെയും നിർദ്ദേശങ്ങളെയും ക്കുറിച്ചുള്ള അറിവ്, അത് പാലിക്കുവാൻ നമ്മെ നിർബന്ധിക്കും. എന്നാൽ അത് അറിയാതിരുന്നാൽ നമുക്ക് ആ നിയമങ്ങൾ പാലിക്കുന്നതിൽനിന്ന് മാറി നിൽക്കാനാകും എന്നാണ് നാം കരുതുന്നത്. അത് തെറ്റാണ്. നിയമങ്ങളും കടമകളും അറിയുന്നതും അത് ശരിയായ വിധത്തിൽ പാലിക്കുന്നതും നമ്മുടെ ഉത്തരവാദിത്വമാണ്.

“നിയമത്തിൽ എന്തെഴുതിയിരിക്കുന്നു? നീയെന്ത് വായിക്കുന്നു?”- നിത്യജീവൻ അവകാശപ്പെടുത്താൻ എന്തുചെയ്യണമെന്ന ചോദ്യവുമായിവന്ന നിയമജ്ഞനോട് യേശു ചോദിക്കുന്ന മറുചോദ്യമാണിത്. ഇവിടെ രണ്ടു ചോദ്യങ്ങളുണ്ട്. ആദ്യത്തേത്, എന്താണ് നിയമം നിന്നോട് അനുശാസിക്കുന്നത്? രണ്ടാമത്തേത്, നീയെന്താണ് അതിൽനിന്ന് മനസ്സിലാക്കുന്നത്? രണ്ടുചോദ്യവും പ്രത്യക്ഷത്തിൽ ഒന്നാണെങ്കിലും വിവക്ഷയിൽ വ്യത്യസ്തങ്ങളാണ്. ഒന്നാമത്തെ ചോദ്യം നിയമം എന്താണ് എന്നാണ്. പക്ഷേ രണ്ടാമത്തേത് നീയത് മനസ്സിലാക്കിയിരിക്കുന്നത് എങ്ങനെയാണ് എന്നാണ്. ഒന്നാമത്തെ ചോദ്യം എല്ലാവർക്കും ബാധകമാണെങ്കിലും രണ്ടാമത്തെ ചോദ്യത്തിനുത്തരം വ്യക്തിപരമാണ്. ഈ രണ്ടാമത്തെ ചോദ്യത്തിന്റെ പ്രസക്തിയും ഏറെയാണ്. നിയമം എങ്ങനെയൊക്കെ നിർവചിക്കപ്പെട്ടാലും നിനക്കത് സ്വാംശീകരിക്കാൻ ആയില്ലെങ്കിൽ എന്ത് മേന്മ?

സത്യം മാത്രം ചെയ്യുന്നവൻ സത്യസന്ധതയും സുതാര്യതയും കൈമുതലായുള്ളവനാണ്. അവൻ നിയമങ്ങൾ പാലിക്കും. എന്നാൽ കുറുക്കുവഴി തേടുന്നവരും എളുപ്പവഴിയിൽ കാര്യം സാധിക്കുന്നവരും പലപ്പോഴും നിയമങ്ങളെ ശത്രുവായി കാണുന്നു. നിയമങ്ങൾ ശത്രുക്കളല്ല, അവ നമ്മുടെ ജീവിതത്തിന് ചിട്ടയും ക്രമവും നൽകുന്ന ഒന്നാണ്. സത്യമനുസരിച്ച് ജീവിക്കുന്നവന് നിയമങ്ങൾ കൈതാങ്ങാണ്. എന്നാൽ സത്യത്തെ മറയ്ക്കുന്നവന് അതൊരു പ്രതിബന്ധവും.

If you keep the law, the law will keep you. നീ നിയമം പാലിച്ചാൽ, നിയമം നിന്നെ സംരക്ഷിക്കും.

ശുഭരാത്രി

🖋Fr Sijo Kannampuzha OM