കയ്യിലെന്തുണ്ട്?

0

നിങ്ങളുടെ കയ്യിൽ എത്ര അപ്പമുണ്ട് ? (മത്താ15:34)

ഒരു ഗ്രാമത്തിൽ കൃഷിക്കാരായ രണ്ടു സഹോദരങ്ങൾ കുടുംബസമേതം ജീവിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ വരൾച്ചയിൽ അവരുടെ കൃഷിക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. കൊട്ടാരത്തിൽ ചെന്ന് രാജാവിനോട് തങ്ങളുടെ കഷ്ടപ്പാടുകൾ പറഞ്ഞാൽ രാജാവ് എന്തെങ്കിലും സഹായം ചെയ്യുമെന്ന് അവർ കരുതി. രണ്ടുകൂട്ടരും രാജാവിനെ മുഖം കാണിക്കുമ്പോൾ നൽകാനായി കാണിക്കകൾ ഒരുക്കാനായി തുടങ്ങി. മൂത്തയാൾ ചിന്തിച്ചു – “കഷ്ടപ്പാടുണ്ടെങ്കിലും രാജാവിന് കാര്യമായിതന്നെ കാണിക്ക കൊടുക്കണം. അത് എൻ്റെ ഒരു കടമയാണ്”. അദ്ദേഹം തൻ്റെ കൃഷിയിടത്തിലെ ഏറ്റവും നല്ല ഫലങ്ങൾ രാജാവിന് കാഴ്ചയായി നൽകാൻ തീരുമാനിച്ചു. വലിയൊരു ചാക്ക് നിറയെ ഫലങ്ങൾ അദ്ദേഹം തയ്യാറാക്കി. ഇളയവൻ ചിന്തിച്ചു.- “സങ്കടം പറയാൻ പോകുമ്പോൾ എങ്ങനെയാണ് വലിയ കാഴ്ചകൾ നൽകുക? മാത്രമല്ല, ഇത്രയും ദൂരം എങ്ങനെ ഇതുമായി യാത്രചെയ്യും?”. ഇളയവൻ വളരെ ചെറിയൊരു സമ്മാനമാണ് എടുത്തത്. രണ്ടുപേരും കൊട്ടാരത്തിലെത്തി, രാജാവിനെ മുഖം കാണിച്ചു. വിഷമങ്ങൾ അവതരിപ്പിച്ചു. അവരുടെ വിഷമാവസ്ഥയിൽ മനസ്സലിഞ്ഞ രാജാവ് അവർക്ക് രണ്ടുപേർക്കും സമ്മാനങ്ങൾ നൽകാൻ ഉത്തരവായി. പക്ഷെ ഒരു നിർദ്ദേശം- ‘കയ്യിൽ കരുതിയിരിക്കുന്നവയിലേ, സമ്മാനങ്ങൾ നൽകൂ. മൂത്തവൻ ചാക്കുനിറയെ സമ്മാനങ്ങൾ സ്വീകരിച്ചു, ഇളയവനാകട്ടെ അവൻ്റെ കൈ നിറയെയും.

നാലായിരം പുരുഷന്മാർക്കും അവരോടൊപ്പം ഉണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അത്ഭുതകരമായ വിധത്തിൽ അപ്പം വർദ്ധിപ്പിച്ചു നൽകുന്നതിന് മുൻപ് ഗുരു ചോദിച്ച ചോദ്യം പ്രസക്തമാണ്- “നിങ്ങളുടെ കയ്യിൽ എത്ര അപ്പമുണ്ട്?”. കർത്താവിനു അത്ഭുതം പ്രവർത്തിക്കാൻ മനുഷ്യൻ്റെ സഹായം ആവശ്യമില്ല. ആ ജനക്കൂട്ടത്തിൻ്റെ വിശപ്പകറ്റാൻ കർത്താവിനു വേറെയും മാർഗ്ഗങ്ങളുണ്ട്. പക്ഷേ, കർത്താവ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത് മനുഷ്യൻ്റെ സഹകരണത്തോടെയാണ്.

നിൻ്റെ സഹായം കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിനു നിൻ്റെ അനുവാദം കൂടാതെ നിന്നെ രക്ഷിക്കാനാവില്ല എന്ന് പറഞ്ഞത് വി. അഗസ്റ്റിനാണ്. അതേ, നിൻ്റെ പങ്കില്ലാതെ അവന് അത്ഭുതങ്ങൾ ചെയ്യാനാവില്ല.

ജീവിതത്തിൻ്റെ കുറവുകളിൽ, പോരായ്മകളിൽ, കുറവുകളിൽ കർത്താവേ നീയെന്തേ ഇനിയും ഇടപെടാത്തത് എന്ന് പലപ്പോഴും നാം വിലപിക്കാറുണ്ട്. പലപ്പോഴും കർത്താവ് ഇടപെടാനും അനുഗ്രഹിക്കാനും തയ്യാറാണ്. പക്ഷെ നീ പലപ്പോഴും നിൻ്റെ കയ്യിലുള്ളത് നൽകാൻ ശ്രമിക്കാറില്ല. ‘ഉള്ളവന് കൂടുതൽ ലഭിക്കും (ലൂക്ക 8:18)’ എന്നൊക്കെ പറയുമ്പോൾ അതിനിങ്ങനെയും അർത്ഥതലങ്ങളുണ്ടെന്ന് നാമറിയണം.

കർത്താവ് എന്നും നമുക്ക് സമീപസ്ഥനാണ്. നമ്മുടെ കുറവുകൾ നിറവുകളാക്കാൻ അവൻ ആഗ്രഹിക്കുന്നു. പലപ്പോഴും നാം നമ്മുടെ അപ്പക്കഷണങ്ങൾ കർത്താവുമായ പങ്കുവയ്ക്കാൻ തയ്യാറല്ല എന്നുള്ളതാണ് പ്രശ്നകാരണം. എന്റെ കയ്യിലുള്ളത് എത്രയോ കത്തിക്കരിഞ്ഞ അപ്പക്കഷ്ണങ്ങൾ ആയിക്കൊള്ളട്ടെ, അത് കർത്താവ് വാഴ്ത്തി മുറിക്കുമ്പോൾ ജീവൻ തുടിക്കുന്ന, ശക്തിപകരുന്ന തിരുവോസ്തിയായി മാറും. എൻ്റെ കഴിവുകളും കൃപകളും ഞാൻ ഈശോക്കായി വ്യയം ചെയ്യുമ്പോൾ, ഞാൻ അത് കുർബ്ബാനയാകാൻ പോകുന്ന അപ്പത്തിന് വേണ്ടി ധാന്യം നല്കുന്നതുപോലെയാണ്.

നൽകുക നിൻ്റെ കയ്യിലുള്ളതെല്ലാം. ക്രിസ്തുവിന് അതാവശ്യമുണ്ട്. അത്ഭുതം പ്രവർത്തിക്കുവാനായി

ശുഭരാത്രി

Fr Sijo Kannampuzha OM