- “നിങ്ങളുടെ സ്കൂള്‍ നല്ല സ്കൂളാണോ?”
- “നിങ്ങളുടെ വീട് ഒരു നല്ല വീടാണോ?”
- “നിങ്ങളുടെ നാട് ഒരു നല്ല നാടാണോ?”
ചിലപ്പോഴെങ്കിലും ഇത്തരം ചോദ്യങ്ങള്‍ നാം കേട്ടിട്ടുണ്ടാകും. ‘നല്ല’ എന്നുവച്ചാല്‍ എന്താണര്‍ത്ഥം?
വലിയ കെട്ടിടവും മൈതാനവും സൗകര്യങ്ങളും ഉള്ള സ്കൂള്‍ നല്ല സ്കൂളാകുമോ? വലിയ ഗേറ്റും മുറ്റവും ഒത്തിരി മുറികളും ഫര്‍ണിച്ചറുകളും ഉണ്ടായാല്‍ വീട് നല്ലതാകുമോ? സമ്പല്സമൃദ്ധമായ ഒരു നാട് നല്ല നാടാവുമോ?
ആകും എന്ന് ഉറപ്പായി പറയാന്‍ കഴിയില്ല. കാരണം, ഇത്തരം ഇടങ്ങളില്‍നിന്ന് നല്ലതല്ലാത്ത കാര്യങ്ങള്‍ ഉണ്ടാകുന്നതായി നാം കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ എന്താണ് നല്ലത്?
നല്ല അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്ള സ്കൂള്‍ നല്ല സ്കൂളാകും. നല്ല മാതാപിതാക്കളും നല്ല മക്കളും ഉള്ള വീട് നല്ല വീടാകും. നല്ല മനുഷ്യര്‍ വസിക്കുന്ന നാട് നല്ല നാടാകും. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ നന്മയുള്ളവര് ഉള്ള ഇടമാണ് നല്ല ഇടം.
അങ്ങനെയെങ്കില്‍ ഒരു സ്ഥലത്തെ സൗകര്യങ്ങളെക്കാള്‍ പ്രധാനം അവിടെയുള്ള മനുഷ്യരുടെ നന്മയാണ്.
ഒരാളുടെ നേട്ടങ്ങളെയും വിജയങ്ങളെയും നിര്‍ണയിക്കുന്നതില്‍ ആ വ്യക്തിയുടെ നന്മയാര്ന്ന ചിന്തയ്ക്കും വാക്കിനും പ്രവൃത്തികള്‍ക്കും പങ്കുണ്ടെന്ന കാര്യം ഓര്‍മ്മിക്കണം. നന്മനിറഞ്ഞ ചിന്തകളും സദ് വചനങ്ങളും നല്ല പ്രവൃത്തികളും നമ്മില്‍നിന്ന് ഉണ്ടാകുമ്പോള്‍ നമ്മുടെ സ്കൂളും വീടും നാടും നല്ലതായിത്തീരും.
ഷാജി മാലിപ്പാറ