ഒരു പേരിലെന്തിരിക്കുന്നു?

0

നിൻ്റെ പേരെന്താണ്‌?  (മര്‍ക്കോ 5 : 9)

ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച്‌ നഗരത്തിലെ രണ്ട് മുസ്‍ലിം പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച വലതുവംശീയഭീകരൻ  അക്രമം നടത്തി 50 പേരെ ക്രൂരമായി കൊലചെയ്തു. ഈ ബീഭത്സമായ സാഹചര്യത്തിൽ അവരുടെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പ്രദർശിപ്പിച്ച പക്വതയും കരുതലും ധൈര്യവും ലോകത്തെ മുഴുവൻ ആശ്ചര്യപ്പെടുത്തി. അതിൽ പ്രധാനപ്പെട്ടത് ക്രൈസ്റ്റ് ചര്‍ച്ച്‌ ഭീകരാക്രമണ കേസിലെ പ്രതിയുടെ പേര് ഒരിക്കലും ഉച്ചരിക്കില്ലെന്നും തൻ്റെ പ്രസം​ഗങ്ങളില്‍ അയാള്‍ പേരില്ലാത്തവനായിരിക്കുമെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വ്യക്തമാക്കിയതാണ്.

ഒരാളെ പേരുപോലെ പ്രതിബിംബിപ്പിക്കുന്ന മറ്റൊന്നുണ്ടോ ? ഒരു പേര് ഒരാളുടെ ഏതൊക്കെ പ്രത്യേകതകളെയാണ് മറ്റുള്ളവരുടെ മനസ്സിൽ ഉണർത്തുക? മഹാത്മാഗാന്ധി എന്ന പേര് കേൾക്കുന്ന മാത്രയിൽ മനസ്സിൽ ഓടിയെത്തുന്നത് ഒരു പാവം മനുഷ്യൻ തൻ്റെ രാജ്യം സ്വാതന്ത്ര്യമനുഭവിക്കാൻ വേണ്ടി നടത്തിയ രക്തരഹിത വിപ്ലവങ്ങളുടെ കഥയാണ്. മദർ തെരേസയെന്ന് കേൾക്കുമ്പോൾ ലോകത്തിലെ മാലിന്യക്കൂമ്പാരങ്ങളിലും തെരുവോരങ്ങളിലുമുള്ളവർക്കുവേണ്ടി എരിഞ്ഞുതീർന്ന ഒരു ജീവിതമാണ്  മനകണ്ണിൽ കാണാനാവുക. മനുഷ്യരുടെ നിലപാടുകളും, അവർ ജീവിക്കുന്ന മൂല്യങ്ങളും, അവർ പ്രദർശിപ്പിക്കുന്ന നന്മയുമെല്ലാം അവരുടെ പേരുകളിൽ ഒളിച്ചിരിപ്പുണ്ട്.

നിൻ്റെ പേര് കേൾക്കുന്ന നിമിഷം നിൻ്റെ പ്രിയപ്പെട്ടവരിലുണ്ടാകാൻ സാധ്യതയുള്ള വികാരമെന്താണ്? സഹോദരങ്ങളിൽ വാത്സല്യത്തിൻ്റെ ചിന്തകൾ ഉണരുമോ? സുഹൃത്തുക്കൾക്ക് സ്നേഹം പ്രകടിപ്പിക്കാനാകുമോ? പ്രണയിനിയിൽ ഇഷ്ടം തളിരിടുമോ? മാതാപിതാക്കൾക്ക് അഭിമാനം തോന്നുമോ? നിൻ്റെ പേര് ചേർത്തുവയ്ക്കാൻ നിൻ്റെ മക്കളും സഖിയും താത്പര്യപ്പെടുമോ? എത്രയോപേർ നമ്മെ പേര് വിളിക്കുന്നു!

എത്രപേരുകളാണ് നമുക്ക് ചാർത്തിക്കിട്ടുന്നത്? അപ്പച്ചന് കൊഞ്ചിക്കാനും അമ്മക്ക് താരാട്ടുപാടാനും ഒരു പേര്. കൂട്ടുകാർക്ക് കളിയാക്കാനും കൂട്ടുകൂടാനും ഒരു കളിപ്പേര്‌. പള്ളിയിൽ  മാമ്മോദീസാ പേര്. ഇഷ്ടമുള്ളവൾക്ക് മാത്രം വിളിക്കാൻ ഒരു പേര്. ജോലിസ്ഥലങ്ങളിൽ സാർ എന്നും ഓഫിസറെന്നുമൊക്കെ പൊതുപേരുകൾ. നാമറിയാതെ മറ്റുള്ളവർ നമ്മെ വിളിക്കുന്ന പേരുകൾ. അങ്ങനെ നമുക്ക് എത്രയോ പേരുകൾ?

ജനനസർട്ടിഫിക്കേറ്റിലും റേഷൻ കാർഡിലും പേരുകൾ. ആധാറിലും മറ്റുരേഖകളിലും പേരുകൾ. ഉപയോഗിക്കുന്ന നെയിംസ്ലിപ്പിലും കൊണ്ടുനടക്കുന്ന പുസ്തകത്തിലും പേരുകൾ. ബാഗിലും വാഹനത്തിലും പേരുകൾ. മോതിരത്തിലും മാലയിലും പേരുകൾ. പേഴ്‌സിലും നെയിംടാഗിലും പേരുകൾ. ഗേറ്റിനു മുൻപിലും നോട്ടിസിലും പേരുകൾ. അവസാനം ഓർമ്മ അവശേഷിപ്പിക്കുന്ന കബറിടത്തിലും പേരുകൾ. അങ്ങിനെ എവിടെയെല്ലാം നമ്മുടെ പേരുകൾ?

എവിടെയെല്ലാം പേരുണ്ടായാലും, ആരെല്ലാം പേര് വിളിച്ചാലും, ഏതെല്ലാം പേരുകളിൽ അറിയപ്പെട്ടാലും, കാര്യമില്ല. നിങ്ങളുടെ പേര് സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ “നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10 : 20).

ശുഭരാത്രി

Fr Sijo Kannampuzha OM