നീ ആക്രമിക്കപ്പെട്ടത് എപ്പോൾ?

0

നല്ല സമറിയാക്കാരൻ (ലൂക്കാ 10: 25-37) ധ്യാനം -6

‘ജറുസലേമിൽ നിന്ന് ഒരാൾ ജെറിക്കോയിലേക്ക് യാത്ര തിരിക്കുന്നു’. ഈ ചെറിയ വാചകം, ഒത്തിരി അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നതാണ്. യാത്രചെയ്യുന്ന ആളെ ‘ഒരാൾ’ എന്നാണ് ഈശോ വിളിക്കുന്നത്. പേരോ, ജാതിയോ, വംശമോ പറയുന്നില്ല. ഇറങ്ങുക κατέβαινεν (katebainen) എന്നർത്ഥം വരുന്ന പദമാണ് യാത്ര ചെയ്തതിനു സുവിശേഷകൻ കൊടുത്തിരിക്കുന്ന ഗ്രീക്ക് പദം. ജെറുസലേം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2500 അടി ഉയരത്തിലാണ്. ജെറിക്കോയാകട്ടെ വെറും 825 അടി സമുദ്രനിരപ്പിൽ നിന്ന്താ ഴെയും . അവ തമ്മിലുള്ള ദൂരം വെറും 18 മൈലും (29KM) ആയിരുന്നു.

എന്നുവച്ചാൽ ജറുസലേമിൽ നിന്ന് ജെറിക്കോയിലെത്താൻ ഒരാൾ  18 മൈലിനുള്ളിൽ 3300 അടി ഇറക്കം ഇറങ്ങണമെന്നർത്ഥം. വളരെ അപകടം നിറഞ്ഞ ചെങ്കുത്തായ ഒരു വഴിയായിരുന്നു അത്.  അപായപ്പെടുത്താൻ എളുപ്പമായിരുന്നതുകൊണ്ട് കള്ളന്മാരും പിടിച്ചുപറിക്കാരുമെല്ലാം വിഹരിക്കുന്ന ആ വഴി രക്തത്തിന്റെ വഴിയെന്നാണ് (bloody pass) അറിയപ്പെട്ടിരുന്നത്. ജെറുസലേമിൻ്റെ സമൃദ്ധിയിൽ നിന്ന് ജെറിക്കോയുടെ ഊഷരതയിലെത്തുമ്പോഴേക്കും ഒരാൾ നന്നേ ക്ഷീണിച്ചിരിക്കും.

ഈ വഴിയെക്കുറിച്ചാണ് യേശു പറഞ്ഞത്. ദൈവാലയ നഗരമായ ജറുസലേമിൽ നിന്ന് വിജാതീയ നഗരമായ ജെറിക്കോയിലേക്ക് ഇറങ്ങുന്നവൻ, ദൈവത്തെ വിട്ട് ഓടിപ്പോകുന്നവനാണ്. അവനെയാണ് കള്ളന്മാർ ആക്രമിക്കുക.

നാമെല്ലാം  ജീവിതത്തിൽ പല വിധ ആക്രമണങ്ങൾ ഏറ്റുവാങ്ങിയവരാണ്. രോഗത്തിൻ്റെ, സാമ്പത്തീക പരാധീനതകളുടെ, ഒറ്റപ്പെടലിൻ്റെ, തോൽവിയുടെ, തെറ്റിദ്ധാരണയുടെ  എല്ലാം ആക്രമണങ്ങൾ ഏറ്റതിൻ്റെ ചോരപൊടിയുന്ന മുറിവുകൾ ഇന്നും നമ്മുടെ ശരീരത്തിൽ (ഒരു പക്ഷെ മനസ്സിലും) ഉണ്ടാകാം. എങ്കിലും ഒരു ചോദ്യം ചോദിക്കട്ടെ ? നീ ആക്രമിക്കപ്പെട്ടത് നിൻ്റെ  ജറുസലേമിൽ നിന്ന് ജെറിക്കോയിലേക്കുള്ള യാത്രക്കിടയിലല്ലേ ? ദൈവ വഴികളിൽ നിന്ന് ലോകവഴികളിലേക്കുള്ള നിൻ്റെ  ഓട്ടത്തിനിടക്കല്ലേ നീ മുറിവേറ്റു വീണത്? കർത്തൃസന്നിധിയിൽ നിന്ന് മാറി നടന്നപ്പോഴല്ലേ നിനക്ക് അപകടം സംഭവിച്ചത്? ജറുസലേമിൽ നിന്ന് ജെറിക്കോയിലേക്ക് യാത്ര തിരിച്ചത് നീയല്ലേ?

നീ ഒളിച്ചോടേണ്ടവനല്ല. കർത്താവിൻ്റെ  സംരക്ഷണത്തിൽ, അവൻ്റെ സാമീപ്യത്തിൽ ജറുസലേമിൽ ജീവിക്കേണ്ടവനാണ്. ഓർമ്മയുണ്ടായിരിക്കട്ടെ.

(ജനുവരി 9ന്  നമ്മൾഈ സ്ഥലങ്ങളെക്കുറിച്ചുപറഞ്ഞിരുന്നു)

ശുഭരാത്രി

(ജനുവരി 9ന്  നമ്മൾഈ സ്ഥലങ്ങളെക്കുറിച്ചുപറഞ്ഞിരുന്നു)

Fr Sijo Kannampuzha OM