ചെളിപുരണ്ടത് എവിടെ?

0

നീ സഹോദരൻ്റെ കണ്ണിലെ കരടു കാണുകയും നിൻ്റെ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്‌? (മത്താ 7:3)

ഒരു കഥ ഓർമ്മിപ്പിക്കുന്നു. ഒരു സ്ത്രീ എന്നും തൻ്റെ ജനാലയിലൂടെ അയൽക്കാരിയായ സ്ത്രീ വസ്ത്രങ്ങൾ കഴുകി ഉണങ്ങാനായി ഇടുന്നത് കാണാറുണ്ട്. പലപ്പോഴും തുണികൾ വൃത്തിയാകാറില്ല എന്നത് ആ സ്ത്രീ ശ്രദ്ധിക്കാറുമുണ്ട്. പലപ്രാവശ്യം ഇതാവർത്തിച്ചപ്പോൾ ഒരുദിവസം ആ സ്ത്രീയത് ഭർത്താവിനോട് പറഞ്ഞു. ഭർത്താവാകട്ടെ, അല്പം വെള്ളവും തുണിയുമെടുത്ത് ആ സ്ത്രീ നോക്കിയിരുന്ന ജനാല തുറന്നു അതിൻ്റെ ചില്ല് വൃത്തിയാക്കാൻ തുടങ്ങി. വൃത്തിയാക്കി കഴിഞ്ഞപ്പോൾ ആ സ്ത്രീയെ വിളിച്ച്, അയൽക്കാരി കഴുകിയിട്ട തുണികൾ ഒന്നുകൂടി നോക്കാനായി ആവശ്യപ്പെട്ടു. പക്ഷെ ഇപ്പ്രാവശ്യം ആ സ്ത്രീക്ക് കഴുകിയിട്ട തുണികൾ വളരെ വൃത്തിയുള്ളതായി കാണപ്പെട്ടു. ആ സ്ത്രീ നോക്കിയിരുന്ന ജനാലയുടെ ചില്ലിന്റെ പുറംഭാഗത്താണ് ചെളി പുരണ്ടിരുന്നത്. അയൽക്കാരി കഴുകി ഉണക്കാനിട്ട തുണിയിലായിരുന്നില്ല.

നാം നോക്കിയ ചില്ലിന്റെ പുറംപ്രതലത്തിൽ ചെളിയുണ്ടായിരുന്നതുകൊണ്ട് എത്ര മനോഹരമായ കാഴ്ചകളാണ് നമുക്ക് ആസ്വദിക്കാനാകാതെ പോയത്? എത്ര ആളുകളുടെ അദ്ധ്വാനമാണ് നമുക്ക് വില നൽകാനാകാതെ പോയത്? എത്ര ദിവസങ്ങളിലെ സന്തോഷമാണ് നമുക്ക് കൈവിട്ടുപോയത്? പലപ്പോഴും പുറമെയുള്ള വസ്തുക്കൾക്കല്ല നാം നോക്കുന്ന ‘കണ്ണട’കളിലാണ് പൊടിപിടിച്ചിരിക്കുന്നത്. അത് വൃത്തിയാക്കാതെ ഭംഗിയുള്ള കാഴ്ചകൾ അസാധ്യം.

ഏറ്റവും പ്രധാനം സ്വന്തം കണ്ണിൽ കരട് ഉണ്ടെന്ന് സമ്മതിക്കുകയാണ്. ഇത് സാധിച്ചാൽതന്നെ വലിയൊരു നേട്ടമായി. പലപ്പോഴും മനുഷ്യൻ്റെ തിടുക്കം എതിർപക്ഷത്തേക്ക് വിരൽ ചൂണ്ടാനാണ്. പലപ്പോഴും നമ്മൾ മറ്റുള്ളവരിലെ കുറവുകളും വീഴ്ചകളുമാണ് വേഗം ശ്രദ്ധിക്കുന്നത്. ഒരു വിരൽ ഒരാൾക്കുനേരെ ചൂണ്ടുമ്പോൾ ബാക്കി മൂന്നുവിരലുകളും നമുക്ക് നേരെത്തന്നെയാണ് ചൂണ്ടപ്പെടുന്നത് എന്നു നാം ബോധപൂർവ്വം മറക്കുന്നു.

നീ ഇന്നുവരെ മറ്റുള്ളവരിൽ കണ്ടെത്തിയ കുറവുകളെല്ലാം നിന്നിൽ ഒളിഞ്ഞിരിക്കുന്നവയല്ലേ? അനുകൂലമായ ഒരു സാഹചര്യത്തിൽ നീയും അവനെപ്പോലെതന്നെ പെരുമാറുകയില്ലേ? നിനക്ക് പറ്റിപ്പോയ തെറ്റുകൾ പലതും ആരും അറിഞ്ഞില്ല എന്നതല്ലേ സത്യം? നിൻ്റെ കുറവുകൾ അറിയുന്നവർ അതൊരിക്കലും പുറത്തുപറയില്ല എന്നതല്ലേ നിൻ്റെ ധൈര്യം?

നാമെല്ലാം വെറും പച്ചയായ മനുഷ്യർ, ഇന്നല്ലെങ്കിൽ നാളെ വീണുപോകുന്ന ഇലകൾ. ആരും പൂർണ്ണരല്ല, ആരും മാലാഖയുമല്ല. എന്നിലെ കുറവുകൾ ഞാൻ സൃഷ്ടിക്കപ്പെട്ടപ്പോൾ മുതൽ എന്നിലുള്ളത്. എങ്കിലത്‌ ദൈവം അറിഞ്ഞനുവദിച്ച  എൻ്റെ അപൂർണ്ണതകൾ. പടച്ചവന് എന്നോടില്ലാത്ത എന്ത് പരാതിയാണ് സഹോ നിനക്കെന്നോടുള്ളത്? ഞാനും മനുഷ്യൻ, നീയും മനുഷ്യൻ. നമുക്ക് വെറും പച്ചയായ മനുഷ്യരായി ജീവിക്കാം. അതുമതി.

ശുഭരാത്രി

Fr Sijo Kannampuzha OM