പുഴ കിണറിനേക്കാളും വലുതോ?

0

നിങ്ങളുടെ വിശ്വാസം എവിടെ? (ലൂക്കാ 8:25)

പുഴയിൽ ജീവിച്ചിരുന്ന ഒരു തവള എങ്ങനെയോ ഒരു കിണറ്റിൽ അകപ്പെട്ടു. അൽപസമയം കഴിഞ്ഞപ്പോൾ കിണറ്റിൽ ഉണ്ടായിരുന്ന മറ്റൊരു തവളയുമായി പരിചയപ്പെടാൻ ഇടയായി. അവർ പരസ്പരം വിശേഷങ്ങൾ എല്ലാം പറഞ്ഞു. അതിനിടയിൽ കിണറിലെ തവള ചോദിച്ചു

‘നീ എവിടെ നിന്നാണ് വരുന്നത്?”

“പുഴയിൽ നിന്ന്”

“പുഴ എന്നത്  ഈ കിണറിനേക്കാളും വലുതൊന്നുമല്ലല്ലോ അല്ലേ”?

“എത്രമാത്രം വലുതാണെന്ന്പറയാൻ ഇവിടെ അളവുകോലൊന്നും ഇല്ലല്ലോ” തവള ചിരിച്ചുകൊണ്ട്പറഞ്ഞു

അത് സാരമില്ല എന്നുപറഞ്ഞുകൊണ്ട് കിണറിലെ തവള കിണറിൻ്റെ കാൽ ഭാഗത്തോളം ഉയരത്തിൽ ഉയർന്നു ചാടി. എന്നിട്ട് ചോദിച്ചു “പുഴ ഇതിലും വലുതാണോ”. അതെ എന്ന പുഴയിലെ തവളയുടെ ഉത്തരം കേട്ട കിണറിലെ തവള പിന്നെയും കുതിച്ചു ചാടി. ഇപ്പ്രാവശ്യം കിണറിൻ്റെ പകുതി ഉയരത്തോളം തവള എത്തിയിരുന്നു.

“ഇതിലും വലുതാണോ പുഴ?”

“തീർച്ചയായും ഇതിലും വലുതാണ്”

കൂടുതൽ വീര്യത്തോടെ തവള പിന്നെയും ചാടി. ഇപ്രാവശ്യം കിണറിൻ്റെ മുക്കാൽ ഭാഗത്തോളം ഉയരത്തിൽ തവള എത്തിയിരുന്നു.

“ഇതിലും വലുതാകാൻ നിൻ്റെ പുഴക്ക് സാധിക്കുമോ” ?

“ഞാൻ വരുന്ന പുഴ ഇതിലും വലുതാണ്”

ഇപ്രാവശ്യം എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ കിണറിലെ തവള ശ്വാസം അടക്കി, മനസ്സ് ഏകാഗ്രമാക്കി പിന്നെയും ചാടി. ഇപ്രാവശ്യം കിണറിൻ്റെ അതെ ഉയരത്തിൽ തവള ചാടിയിരുന്നു. “ഇത്രയും വലുതാണോ പുഴ”?

“ഇതിലും വലുതാണ് പുഴ”

“വേഗം ഈ കിണറിൽ നിന്ന് പുറത്തുകടക്കൂ. നീ വലിയൊരു നുണയനാണ്”. കിണറിലെ തവള ആക്രോശിച്ചു.

യേശുവും ശിഷ്യന്മാരും കടലിൽ യാത്ര ചെയ്യവേ പെട്ടെന്ന് കടലിൽ വലിയ കാറ്റും തിരയുമുണ്ടായി. പരിഭ്രാന്തരായ ശിഷ്യന്മാർ ഉറങ്ങുകയായിരുന്ന ഈശോയെ വിളിച്ചുണർത്തി. കടലിനെ ശാസിച്ചതിനു ശേഷം യേശു ശിഷ്യന്മാരോട് ചോദിക്കുന്ന ചോദ്യമാണിത് “നിങ്ങളുടെ വിശ്വാസം എവിടെ”? അവര്‍ ഭയന്ന്‌ അദ്‌ഭുതത്തോടെ അന്യോന്യം പറഞ്ഞു: “ഇവന്‍ ആരാണ്‌? കാറ്റിനോടും വെള്ളത്തോടും ഇവന്‍ കല്‍പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ”. (ലൂക്കാ 8 : 25). ഈ വാക്കുകളിൽ നിന്ന് മനസ്സിലാകുന്ന ഒന്നുണ്ട്. ശിഷ്യന്മാർ യേശുവിനെ വിളിച്ചെഴുന്നേൽപ്പിച്ചപ്പോൾ യേശു എങ്ങനെയാണ് അവരെ രക്ഷിക്കുകയെന്നൊന്നും അവർക്കറിയില്ലായിരുന്നു.

കാറ്റും കോളുമില്ലാത്ത കടലിലൂടെ സഞ്ചരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. പക്ഷേ അത് ആഗ്രഹം മാത്രമാണ്. പലപ്പോഴും കടൽ യാത്രകൾ പ്രക്ഷുബ്ധമായ തിരകൾക്ക് മുകളിലൂടെ ആയിരിക്കും. പ്രതീക്ഷിക്കാത്ത നിമിഷങ്ങളിലും ആഗ്രഹിക്കാത്ത വിധത്തിലും കടൽ രൗദ്രഭാവം പൂണ്ടേക്കാം.

ജീവിതവും ഇതുപോലെത്തന്നെ. എല്ലാവരും ആഗ്രഹിക്കുന്നത് ശാന്തവും സമാധാനപൂർണ്ണവുമായ ഒരു ജീവിതമാണ്. പക്ഷേ ആരും നിനച്ചിരിക്കാത്ത നിമിഷങ്ങളിൽ, പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും അത് വെല്ലുവിളി ഉയർത്തുക. ഇവിടെ മനുഷ്യൻ തീർത്തും നിരാശനും നിസ്സഹായനുമായിപ്പോയേക്കാം.

യേശുവിൻ്റെ ശിഷ്യന്മാരും നമ്മളും തമ്മിൽ ഒരു വ്യത്യാസമുണ്ട്. അപകടാവസ്ഥയിലായപ്പോൾ ശ്ലീഹന്മാർ യേശുവിനെ വിളിച്ചു കരഞ്ഞു. ക്രിസ്തു ഏതെങ്കിലും വിധത്തിൽ ഇടപെടണമെന്ന് അവർ ആഗ്രഹിച്ചു. യേശു കടലിനെ ശാന്തമാക്കി. യേശുവിന് ഇടപെടാനുള്ള സ്വാതന്ത്ര്യവും തുറവിയും അവരിൽ ഉണ്ടായിരുന്നു. പക്ഷേ പലപ്പോഴും നമ്മുടെ ജീവിതത്തിലെ ആർത്തലച്ചുവരുന്ന തിരകളെ ശാന്തമാക്കുവാൻ നാം യേശുവിനെ വിളിക്കുമ്പോൾ എങ്ങനെയാണ് കടലിനെ ശാന്തമാക്കേണ്ടതെന്നുകൂടി നമ്മൾ അഭിപ്രായപ്പെടാറുണ്ട്. നാം ആഗ്രഹിക്കുന്ന വഴികളിലൂടെ കർത്താവ് പ്രവർത്തിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത്.

രോഗം മാറേണ്ടത് എപ്പോളാണെന്നും, കല്യാണംനടക്കേണ്ടത് ആരുടെകൂടെയാണെന്നും, ജോലി ലഭിക്കേണ്ടത് എവിടെയാണെന്നും, വീട് പണിയേണ്ടത് എങ്ങനെയാണെന്നും നമുക്കറിയാം. നാം നമ്മുടെ ആ പദ്ധതികളാണ് യേശുവിനോട് സാധിച്ചുതരാനായി ആവശ്യപ്പെടുന്നത്. നമ്മുടെ അവസ്ഥകളെ പൂർണ്ണമായി വിട്ടുകൊടുക്കാനും ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ അതിനു തീർപ്പുണ്ടാകുവാനുമാണ് നാം ആഗ്രഹിക്കേണ്ടത്.

കിണറ്റിലെ താവളക്ക് താൻ താമസിക്കുന്ന കിണറിനേക്കാൾ വലുതായ ഒന്ന് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. അതുകൊണ്ടുതന്നെ പുഴ വലുതാണെന്ന യാഥാർഥ്യം മനസ്സിലാക്കാൻ സാധിച്ചില്ല. നാമും നമ്മുടെ പദ്ധതികൾക്കനുസരിച്ച് ദൈവം പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ ദൈവത്തിൻ്റെ പരിപാലനയെയും പദ്ധതികളെയുമാണ് നിസ്സാരമാക്കുന്നത്.

ദൈവം അവനാഗ്രഹിക്കുന്ന വിധത്തിൽ പ്രവർത്തിക്കുവാനായി നമ്മുടെ ഹൃദയ വാതിലുകൾ തുറന്നിടാം. അവൻ നമ്മുടെ പിതാവാണ്. നമുക്ക് അഹിതമായതൊന്നും അവൻ ചെയ്യുകയില്ല. വിശ്വസിക്കുക.

ശുഭരാത്രി

Fr Sijo Kannampuzha OM