ഞാൻ ആരാണ്?

0

മനുഷ്യപുത്രന്‍ ആരെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌? (മത്താ 16:13)

മനുഷ്യൻ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണ് സത്‌പേര്. എല്ലാവരും എന്നെപ്പറ്റി നല്ലതുപറയണം എന്നുള്ളത് ഏതൊരു മനുഷ്യൻ്റെയും ആഗ്രഹമാണ്. പലപ്പോഴും ഈ സത്‌പേര്‌ നിലനിർത്താൻ നമ്മൾ ഒത്തിരി നിർബന്ധിക്കപ്പെടുന്നുമുണ്ട്. യേശു തൻ്റെ ശിഷ്യരോട് ചോദിക്കുകയാണ്, ഞാൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത്?

ഈ ഒരു ചോദ്യം യേശുവിനെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ള കാര്യമല്ല . അവൻ ദൈവപുത്രനാണ്. അവനെക്കുറിച്ച് ആരെന്തെല്ലാം കരുതിയാലും അതൊരു പ്രശ്നമേ അല്ല. പിതാവ് ഏല്പിച്ച ദൗത്യം ചെയ്തു കടന്നുപോകാനെത്തിയ യേശു ജനങ്ങൾ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ബേജാറാകേണ്ട കാര്യമൊന്നുമില്ല. പക്ഷേ അവനും അതറിയാൻ ആഗ്രഹിക്കുകയാണ്.

എൻ്റെ ചുറ്റിലുമുള്ളവർക്ക് ഞാൻ എന്താണ് ആകേണ്ടതെന്ന് എനിക്കറിയാം. പക്ഷേ അവർ എന്നെകുറിച്ച് സംതൃപ്തരാണോ എന്ന് എപ്പോഴെങ്കിലും അന്ന്വേഷിച്ചിട്ടുണ്ടോ? നമ്മുടെ കാഴ്ചപ്പാടിൽ നാം നല്ല പിതാക്കന്മാരും അമ്മമാരും മക്കളും ഭർത്താവും ഭാര്യയും ഒക്കെയായിരിക്കും. അതെൻ്റെ തോന്നൽ മാത്രമാണെങ്കിലോ? അവർക്കും അത് തോന്നേണ്ടേ?

ഞാൻ നല്ലവനാണ് എന്ന് എനിക്ക്മാത്രം തോന്നിയാൽ പോരാ. ഞാൻ പറയുന്നത് ശരിയാണെന്ന് എനിക്ക് മാത്രം തോന്നിയാൽ പോരാ. എൻ്റെ തീരുമാനങ്ങൾ എനിക്ക് മാത്രം ഇഷ്ടപ്പെട്ടാൽ പോരാ. മറ്റുമുള്ളവരുടെ രക്ഷ സാധ്യമാക്കാൻ വന്ന ക്രിസ്തു മറ്റുള്ളവർ തന്നെക്കുറിച്ച് എന്തുപറയുന്നു എന്നത് അറിയാൻ ആഗ്രഹിച്ചെങ്കിൽ ഞാനും അത് ചെയ്യേണ്ടിയിരിക്കുന്നു.

എൻ്റെ സമൂഹവും എൻ്റെ ചുറ്റുപാടുകളും എൻ്റെ സുഹൃത്തുക്കളും എൻ്റെ അയൽക്കാരും എൻ്റെ കുടുംബവുമെല്ലാം എന്നെക്കുറിച്ച് എന്താണ് പറയുന്നത്?

ചോദ്യം ചോദിച്ചാൽ പോരാ, ഉത്തരം കേൾക്കാൻ ത്രാണിയുമുണ്ടാകണം.

ശുഭരാത്രി

Fr Sijo Kannampuzha OM