നിന്നെ മുറിവേൽപ്പിച്ചതാര് ?

0

നല്ല സമറിയാക്കാരൻ (ലൂക്കാ 10: 25-37) ധ്യാനം – 8


വി. ലൂക്കയുടെ സുവിശേഷത്തിൽ പതിനെട്ടു വർഷം കൂനുബാധിച്ചിരുന്ന ഒരു സ്ത്രീയെ സാബത്തുദിവസം യേശു സുഖപ്പെടുത്തുന്ന ഭാഗം നാം വായിക്കുന്നുണ്ട്. സാബത്തുദിവസം യേശു രോഗം സുഖപ്പെടുത്തിയതിൽ കോപിച്ച സിനഗോഗധികാരിയോട് യേശു പറയുന്നത് ഈ വചനങ്ങളാണ് “പതിനെട്ടു വർഷം സാത്താൻ ബന്ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിൻ്റെ ഈ മകളെ സാബത്തുദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ”? ഈ വാക്കുകളിലൂടെ ശാരീരികമായ അസ്വസ്ഥകൾക്ക് പിശാചിൻ്റെ ബന്ധനവും കാരണമായിത്തീരാം എന്ന് യേശു വ്യക്തമാക്കുന്നുണ്ട്. “മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്‌” (യോഹ10 :10) എന്ന് തിരുവചനങ്ങൾ സാക്ഷിക്കുന്നു. ശരീരം നശിപ്പിക്കാൻ, രോഗാതുരമാക്കാൻ, ബലഹീനമാക്കാൻ പരിശ്രമിക്കുന്നവൻ കൂടിയാണ് പിശാച്.

ഇന്ന് പിശാച് യാത്രക്കാരനോട് ചെയ്ത രണ്ടാമത്തെ ക്രൂരതയാണ് നമ്മൾ ധ്യാനിക്കുന്നത്. ആ കള്ളന്മാർ ആ യാത്രക്കാരനെ പ്രഹരിച്ചു എന്നാണു നാം കാണുന്നു. ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തിയ (നഗ്നനാക്കിയ), കള്ളൻ (പിശാച്) പിന്നെ യാത്രക്കാരൻ്റെ ശരീരത്തിൻ്റെ മേൽ കൈകൾ വയ്ക്കുന്നു. അവനെ ആക്രമിക്കുന്നു, മുറിവേൽപ്പിക്കുന്നു, അധികാരംസ്ഥാപിക്കുന്നു. (ഈ അധികാരം കർത്താവ് എടുത്ത് മാറ്റിയപ്പോഴാണ് കൂനുള്ളസ്ത്രീ രോഗസൗഖ്യം പ്രാപിച്ചത്)

ശരീരത്തിൻ്റെ പല രോഗാവസ്ഥകൾക്കും അസ്വസ്ഥതകൾക്കും കാരണം നമ്മുടെ ശരീരം പിശാചിന് ആക്രമിക്കാൻ ഉതകുന്ന വിധത്തിൽ നാം വിട്ടുകൊടുത്തതുകൊണ്ടാണ്. കർത്താവിൻ്റെ മാർഗ്ഗത്തിൽ നിന്ന് മാറി നടക്കുന്നവൻ്റെ ശരീരത്തിൽ കൈകൾ വയ്ക്കാനും, നശിപ്പിക്കാനും പിശാചിന് സാധിക്കും.

എൻ്റെ ശാരീരികമായ രോഗങ്ങളും അസ്വസ്ഥതകളും എൻ്റെ പാപത്തിൻ്റെ വഴികളിലൂടെയുള്ള യാത്രയുടെ ഫലമാണോ? എൻ്റെ മുറിവുകൾക്കും രോഗങ്ങൾക്കും കാരണം പിശാചിൻ്റെ ആക്രമണമാണോ?

ഈശോ പറയുന്നു “ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌” (യോഹന്നാന്‍ 10 : 10).

ശുഭരാത്രി

Fr Sijo Kannampuzha OM