നിങ്ങൾ സ്‌നേഹിക്കുന്നതാരെ?

0

നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? (മത്തായി 5 : 46)

”വരിക എൻ്റെ പ്രകാശമാകുക; ദരിദ്രരുടെ കുടിലുകളിലേക്ക് എന്നെ കൊണ്ടുപോകുക”. ഗോൺസ ആഗ്നസ് ബൊഗിയുവിൻ്റെ (ഇന്ന് മദർ തെരേസ) ചെവികളിൽ വീണ്ടും വീണ്ടും മുഴങ്ങിക്കേട്ട ദൈവസ്വരം ഇതായിരുന്നു. ക്രിസ്തുവിൻ്റെ സ്വന്തമാകാനുള്ള വലിയ ആഗ്രഹത്തോടെ ഇന്ത്യയിലെത്തിച്ചേർന്ന ആഗ്നസ്സിന്, വൈകാതെതന്നെ കർത്താവ് തന്നിൽ നിന്ന് ആഗ്രഹിക്കുന്നത് കൂടുതൽ ശ്രേഷ്ഠമായ ദൗത്യമാണെന്ന് മനസ്സിലാവുകയാണ്. ‘പാവങ്ങളെ ശുശ്രൂഷിക്കുക’ എന്ന പുതിയ ദൗത്യത്തിലേക്ക് അവൾ കാലെടുത്തുവയ്ക്കുന്നു. കയ്യിലുണ്ടായിരുന്ന അഞ്ചുരൂപാ കറൻസി ചുരുട്ടിപ്പിടിച്ചുകൊണ്ട്, ഏകയായി അവൾ ആവൃത്തിക്കുള്ളിൽനിന്നു ആരവങ്ങൾക്കിടയിലേക്ക്, പെട്ടെന്ന് വീണ മഴതുള്ളി കണക്കെ വന്നുനിൽക്കുന്നു.

കോൺവെന്റിലെ സുരക്ഷിതത്വവും തെരുവിലെ അരക്ഷിതാവസ്ഥയും അവൾ ചേരുംപടി ചേർത്തു. ആവൃത്തിക്കുള്ളിലെ സമൃദ്ധി, നാളെയെക്കുറിച്ചുള്ള ആകുലതയുമായി വച്ചുമാറി.അറിയപ്പെടുന്ന പ്രശസ്തമായ സ്‌കൂളിലെ ബഹുമാനം ലഭിക്കുന്ന ജോലിയിൽ നിന്ന്, എല്ലാവരും അവഗണിക്കുന്ന, മാറ്റി നിർത്തുന്ന ഒരു ഭിക്ഷക്കാരിയിലേക്ക് അവൾ ചുവടുമാറി. എല്ലാത്തിനും നിദാനമായത് ക്രിസ്തുവിൻ്റെ ഈ ചോദ്യം –  “നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക?”

തിരിച്ചുകിട്ടും എന്ന് ഉറപ്പുള്ളിടത്തുമാത്രം മനുഷ്യൻ വ്യയം ചെയ്യുന്ന നാണയമാണ് സ്നേഹം. കൊടുത്ത അളവിലും തൂക്കത്തിലും കൂടുതലായി ലഭിക്കണം എന്നാണു അവൻ ആഹ്രഹിക്കുന്നതും. കൊടുത്തതിനെക്കാൾ കുറവാണ് ലഭിച്ചതെങ്കിൽ അതിൻ്റെ പേരിൽ കണക്കുപറയാനും അവന് മടിയില്ല. എത്രകിട്ടിയാലും മതിവരാത്ത പണം പോലെത്തന്നെയാണ് സ്നേഹവും. ഇതുവരെയുള്ള നമ്മുടെ സ്നേഹമെല്ലാം സ്വാർത്ഥമായിരുന്നു. ഇതുവരെയുള്ള സ്നേഹമെല്ലാം വ്യവഹാരമായിരുന്നു. അതുകൊണ്ടല്ലേ തിരിച്ചൊന്നും തരാൻ സാധിക്കാത്ത അവർക്കുവേണ്ടി നാം Old age ഹോമുകൾ നിർമ്മിച്ചിരിക്കുന്നത്? അതുകൊണ്ടല്ലേ  സ്നേഹപ്പട്ടിണി മൂലം നമ്മുടെ ചുമരുകൾക്കുള്ളിൽ പലരും മരിച്ചുവീഴുന്നത്?

ഇന്നുവരെ ആരെയെങ്കിലും നിസ്വാർത്ഥമായി സ്നേഹിക്കാൻ സാധിച്ചിട്ടുണ്ടോ? ഒന്നും തിരിച്ചു ലഭിക്കില്ല എന്നറിഞ്ഞിട്ടും ആരെയെങ്കിലും വളർത്തിയിട്ടുണ്ടോ? നോമ്പുകാലം സ്നേഹത്തിൻ്റെ മാറ്റുരച്ചുനോക്കാനുള്ള സമയമാണ്. ക്രിസ്തുവിൻ്റെ സ്നേഹമാണ് നീ പങ്കുവയ്ക്കുന്നതെങ്കിൽ അതിൽ സ്വാർത്ഥതക്ക് ഇടമില്ല. നോമ്പാരംഭം പുതിയ തീരുമാനങ്ങളോടെയാകട്ടെ.

ശുഭരാത്രി

Fr Sijo Kannampuzha OM