ആരാണ് കൂടുതല്‍ നല്കുന്നത്?

0


വിധവയുടെ കാണിക്ക (മാർക്കോ 12:41-44) – ധ്യാനം 4

അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു (മര്‍ക്കോസ്‌ 12:43)

വിധവ നിക്ഷേപിച്ചത് ഏറ്റവും വില കുറഞ്ഞ വെറും രണ്ടു ചെമ്പു നാണയങ്ങളാണ്. പക്ഷെ “പല ധനവാന്‍മാരും വലിയ തുകകള്‍ നിക്‌ഷേപിച്ചു” എന്ന് സുവിശേഷകൻ പറയുന്നുമുണ്ട് (മര്‍ക്കോസ്‌ 12 : 41). ഇതെങ്ങനെ സംഭവിച്ചു? യേശുവിനു തെറ്റു പറ്റിയതാണോ? തീർച്ചയായും അല്ല. 

ധനവാൻ നൽകിയത് അവൻ്റെ സമ്പത്തിൽ നിന്നാണ്. ഭക്ഷണവും മരുന്നും വസ്ത്രവും ഭവനവും എല്ലാം ക്രമീകരിച്ചതിനുശേഷം ബാക്കി വന്നതിൽ നിന്ന്, നീക്കി വച്ചവയിൽ നിന്നാണ് ധനികൻ  നിക്ഷേപിക്കുക.  നമ്മളാരും ഭക്ഷണവും വസ്ത്രവും മരുന്നും വാങ്ങാതെ ആ പൈസ സമ്പത്താക്കി മാറ്റാറില്ലില്ലോ. ധനവാൻ നൽകിയത് അവൻ്റെ കൂടുതലുകളിൽ നിന്നാണ്. അവൻ്റെ അധികത്തിൽ നിന്നാണ്.

അവൻ്റെ ബാക്കിയുള്ളവയിൽ നിന്നാണ്. അവന് മിച്ചം വന്നവയിൽ നിന്നാണ്.
വിധവയ്ക്ക് സമ്പത്തില്ല. നാളെ എന്ത് ഭക്ഷിക്കണം എന്നറിയില്ല. ഒരു പക്ഷെ നല്ല ഭവനമോ, ആരോഗ്യമോ ഉണ്ടാകില്ല. ഒരു പക്ഷേ ആ അമ്മയെ നാളെ സംരക്ഷിക്കാൻ പോലും ആരും ഉണ്ടാകില്ല. എങ്കിലും അവൾ അവളുടെ ഇല്ലായ്മപോലും കാര്യമാക്കാതെ അവളുടെ കയ്യിലുള്ള ചെമ്പുനാണയങ്ങൾ ഭണ്‍ഡാരത്തിൽ നിക്ഷേപിക്കുന്നു.

അവൾ നൽകുന്നത് അവളുടെ കുറവുകളിൽ നിന്നാണ്. അവൾ നൽകുന്നത് നാളെ അപ്പമാക്കി മാറ്റാൻ സാധിക്കുന്ന അവളുടെ നാണയങ്ങളാണ്. നാളെ അവളുടെ ജീവൻ നിലനിർത്താൻ ആവശ്യമായ നീക്കിയിരിപ്പാണ്. അവൾ നൽകുന്നത് അവളുടെ ജീവൻ്റെ ഭാഗമാണ്.

പിന്നെയെങ്ങനെ കർത്താവ് വിധവയായ അമ്മയാണ് കൂടുതൽ നൽകിയത് എന്ന് പറയാതിരിക്കും?

നമ്മൾ നൽകുന്നവരാണ്. പൈസയും സമയവും ആരോഗ്യവും അറിവും എല്ലാം പങ്കുവയ്ക്കുന്നവരാണ്. പക്ഷെ നമ്മൾ പങ്കുവയ്ക്കുന്നത് നമ്മുടെ ബാക്കിയുള്ളവയല്ലേ? മിച്ചം വന്നവയല്ലേ? നിനക്ക് മറ്റുള്ളവരെക്കാൾ അധികമായി നൽകണം എന്നാഗ്രഹമുണ്ടോ? എങ്കിൽ നൽകേണ്ടത് ഉള്ളതിൽ നിന്നാണ്. അത് മാത്രമേ കർത്താവ് കൂടുതലായി കരുതുകയുള്ളൂ.

ശുഭരാത്രി

🖋

Fr Sijo Kannampuzha OM