എൻ്റെ ചെമ്പുനാണയങ്ങൾ

0


വിധവയുടെ കാണിക്ക (മാർക്കോ 12:41-44) – ധ്യാനം 6 

ഒരു ഗ്രാമത്തിൽ ഒരു ചെറുപ്പക്കാരനായ മകനും അവൻ്റെ മാതാപിതാക്കളും ജീവിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിലേ മദ്യത്തിനും മറ്റ് ലഹരിവസ്തുക്കൾക്കും അവൻ അടിമയായി. ലഹരി വസ്തുക്കൾക്കായി പൈസ ലഭിക്കാതെ വരുമ്പോൾ അവൻ മറ്റുള്ളവരെ ആക്രമിക്കാനും മോഷ്ടിക്കാനുമെല്ലാം തുടങ്ങി. വീടിനും നാടിനും അവനൊരു ഭാരമായി. ആ നാട്ടിലുള്ളവരെല്ലാം അവൻ്റെ ശല്യം വർഷങ്ങളായി സഹിക്കുന്നവരാണ്. നാളുകൾ ഒത്തിരി കടന്നുപോയെങ്കിലും അവൻ്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല. കുസൃതികളായ കുഞ്ഞുങ്ങളെ അവൻ്റെ പേര് പറഞ്ഞു അമ്മമാർ ഭയപ്പെടുത്തുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.

ഒരു ദിവസം ഞാൻ ഈ ചെറുപ്പക്കാരൻ്റെ അമ്മയെ വൈകിയ ഒരു സന്ധ്യയിൽ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടു. ഒരു വലിയ ബാൻഡേജ്, മകൻ കുറച്ചു ദിവസം മുൻപ് ഉപദ്രവിച്ചതിൻ്റെ തെളിവായി കയ്യിലുണ്ട്. ഞാൻ ചോദിച്ചു “അമ്മച്ചിയെന്താ, ഈ നേരത്ത് ഇവിടെ നിൽക്കുന്നത് ?”. ആ അമ്മച്ചി മറുപടി പറഞ്ഞു “അവനെ ഇത്രയും നേരമായിട്ടും കാണുന്നില്ല, അതുകൊണ്ട് അന്ന്വേഷിച്ചിറങ്ങിയതാ. എത്രയൊക്കെയായാലും എനിക്ക് അവൻ മാത്രമല്ലേ ഉള്ളൂ”.

ചില മനുഷ്യർ ചെമ്പുനാണയങ്ങളാണ്, ഏതൊക്കെയോ വിധവകളുടെ, അമ്മമാരുടെ, അപ്പച്ചന്മാരുടെ പറിച്ചു നൽകപ്പെട്ട ചെമ്പുനാണയങ്ങൾ. ജീവിതത്തിൽ പരാജയപ്പെട്ട, സമൂഹത്തിൽ തോറ്റുപോയ മനുഷ്യർ ആരുടെയൊക്കെയോ വിലപ്പെട്ട ചെമ്പു നാണയങ്ങളാണ്. എന്തിനെയും ബാഹ്യമായ മോടിയുടെ ബലത്തിൽ മാത്രം മാർക്കിടുന്ന മനുഷ്യന്, അത് മനസ്സിലാകില്ല.

പക്ഷേ ഉരുകിയൊലിക്കുന്ന ഹൃദയവും കണ്ണീർ ബാക്കിയില്ലാത്ത കണ്ണുകളുമായി അവരെ കർത്താവിൻ്റെ ഭണ്‍ഡാരത്തിൽ പറിച്ചു നല്കിയവരുണ്ട്. അവരുടെ ഹൃദയനെരിപ്പോടുകൾ കർത്താവിനു മനസ്സിലാകും.

ഈശോ മറിയത്തിൻ്റെ ചെമ്പു നാണയമായിരുന്നു. അഗസ്റ്റിൻ മോണിക്കയുടെ ചെമ്പു നാണയമായിരുന്നു. ഫ്രാൻസീസ് ക്ലാരയുടെ ചെമ്പു നാണയമായിരുന്നു. ഓരോ മക്കളും അമ്മമാരുടെ ചെമ്പു നാണയങ്ങളല്ലേ?

ജീവിത പങ്കാളിയും മക്കളുമെല്ലാം ചെമ്പു നാണയങ്ങളല്ലേ? ഓരോ സംന്യാസിയുടെയും സമർപ്പണം അവൻ്റെ ചെമ്പു നാണയമല്ലേ? ഓരോ ശുശ്രൂഷാ മേഖലകളും ചെമ്പു നാണയമല്ലേ? നിൻ്റെ രോഗവും ദുരിതവും പരാജയവും ഭീതിയുമെല്ലാം ചെമ്പു നാണയങ്ങളാണ്. എൻ്റെ സമർപ്പണവഴികളിലെ കല്ലും മുള്ളും പോലും ചെമ്പുനാണയങ്ങളാണല്ലോ എൻ്റെ ദൈവമേ…

ഇന്ന് വരെ കർത്താവിനു സമർപ്പിച്ചതൊന്നും വിലയില്ലാതായി പോയിട്ടില്ല. നീ നൽകുന്നത് എത്ര വിലകുറഞ്ഞതും ക്ലാവ് പിടിച്ചതും നിറം നഷ്ടപ്പെട്ടതും മൂല്യം കുറഞ്ഞതും ആയിക്കൊള്ളട്ടെ. അതിനു കർത്താവിൻ്റെ നേർച്ചപ്പെട്ടിയിൽ ഇടമുണ്ട്. അതിനു നീ നല്കുന്നതിനേക്കാളും വിലയുമുണ്ട്. വരിക, നിൻ്റെ ചെമ്പുനാണയങ്ങൾ ഇനിയെങ്കിലും കർത്താവിൻ്റെ ഭണ്‍ഡാരത്തിൽ നിക്ഷേപിക്കുക.

ശുഭരാത്രി

🖋

Fr Sijo Kannampuzha OM