കുരിശ് പാഠങ്ങൾ
രണ്ടാം സ്ഥലം
വെയില് കൊള്ളാതെയും മഴ നനയാതെയും ജീവിക്കാനാണ് നമ്മൾ കാലാകാലമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആ പരിശ്രമം അല്പം പാളിപ്പോയാൽ അത് നമ്മെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തുന്നത്. ഒരു ബസ് തെറ്റി കയറിയാലും നേരത്തിനു അത്താഴം കിട്ടാതായാലും നമ്മൾ നിരാശപ്പെടുന്നതിനു കൈയും കണക്കുമില്ല.
രോഗവും ദാരിദ്രവും അപമാനവും താങ്ങാനാവാതെ ജീവിതം വലിച്ചെറിയുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുക തന്നെയാണ്. കുരിശിന്റെ വഴിയിലെ രണ്ടാം സ്ഥലം നിശ്ചയമായും നമ്മുടെ ചിന്തകളെ അട്ടി മറിക്കുന്നുണ്ട്. കുതറി മാറാതെ കുരിശ് ചുമക്കാൻ ക്രിസ്തുവിനു എങ്ങനെ സാധിച്ചു എന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല.
ഒഴിഞ്ഞു മാറാൻ സാധ്യതകൾ ഏറെ മുന്നിലുണ്ടായിട്ടും കുരിശിനെ നെഞ്ചിലേറ്റി എന്നത് തന്നെയാണ് ക്രിസ്തു മഹത്വം. ജീവിതം വച്ചു നീട്ടിയ കുരിശ് വലുതാണോ ചെറുതാണോ ഭാരക്കൂടുതലുള്ളതാണോ എന്നൊന്നും അവൻ ആരാഞ്ഞില്ല.
എല്ലാം അങ്ങ് സന്തോഷപൂർവ്വം ഏറ്റെടുത്തു. കുരിശുകൾ പല രൂപ ഭാവങ്ങളോടെ നമ്മുടെ മുന്നിലും പല്ലിളിച്ചു നിൽക്കുന്നുണ്ട്.. തോളിൽ ഏറ്റുമോ എന്ന ചോദ്യം ചോദിച്ചു കൊണ്ട്. ഉത്തരം നീ പറഞ്ഞിട്ടുണ്ടോ?? ഏതെങ്കിലും കുരിശ് ചുമക്കുന്നുണ്ടോ നീ.
ചില കുരിശുകളെ ബോധപൂർവ്വം ചുമന്നതു കൊണ്ടാണ് ആ മുട്ടത്തുപാടത്തുകാരി ലോകമറിയുന്ന സഹനപുത്രിയായത്. ഈശോയെ നീ കുരിശ് ചുമന്ന പോലെ ഞാൻ എന്റെ രോഗം ചുമന്നോളം, നീ കുരിശ് ചുമന്നപ്പോൾ നിന്നെ കളിയാക്കി ചുമപ്പിച്ചവരെ നീ അനുഗ്രഹിച്ചതു പോലെ എന്നെ മുറിപ്പെടുത്തുന്നവരെ ഞാൻ ഹൃദയപൂർവ്വം അനുഗ്രഹിച്ചോളാം എന്ന് സുകൃതജപം ചൊല്ലും പോലെ ചൊല്ലിയതാണ് അൽഫോൻസായെ വിശുദ്ധ അൽഫോൻസാമ്മ ആക്കിയത്.
ഇപ്പോഴും ചില കുരിശുകൾ ഏറ്റെടുക്കുന്നവർ നമുക്കു ചുറ്റിലുമുണ്ട്. കഴിഞ്ഞ ദിവസം ബസിൽ യാത്ര ചെയ്യവേ ആണ് രാധ കൃഷ്ണൻ എന്ന അപ്പച്ചനെ പരിചയപ്പെട്ടത്. എന്റെ അടുത്ത സീറ്റിലാണ് ആ അപ്പച്ചൻ തന്റെ മകനുമായി യാത്ര ചെയ്തിരുന്നത്. അടുത്തിരിക്കാൻ പോലും തോന്നാത്ത അവസ്ഥയിലാണ് ആ മകനെ ആ അപ്പച്ചൻ മടിയിൽ ഇരുത്തിയിരുന്നത്. ആ കുട്ടിയുടെ വായിൽ നിന്നും എപ്പോഴും ഉമിനീര് പുറത്തേക്കു വന്നുകൊണ്ടിരുന്നു.. വളരെയേറെ വികൃതിത്തരങ്ങൾ അവൻ ആ പാവം അപ്പച്ചന്റെ മടിയിലിരുന്ന് കാട്ടുന്നുണ്ടായിരുന്നു. അവന്റെ കാലിലെ ഷൂ കൊണ്ട് അടുത്തിരുന്ന എന്നെ ചവിട്ടിയപ്പോൾ ഞാൻ നീരസം പ്രകടിപ്പിക്കുമെന്നു കരുതി ആ പാവം അപ്പച്ചൻ ഇങ്ങനെ പറഞ്ഞു .
മോനെ sorry.അവൻ സുഖമില്ലാത്ത കുട്ടിയാ.. ഹൈപ്പർ ആക്റ്റീവ് ആണ്. ഒപ്പം മറ്റു കുറെ കുറവുകളും .. ഇവനെ വേണ്ട എന്ന് വച്ചോളു എന്ന് ഡോക്ടേഴ്സ് പോലും പറഞ്ഞതാണ്. മനുഷ്യ ജീവനല്ലേ… ഭഗവാൻ തന്നതല്ലേ… വേണ്ടാന്ന് പറഞ്ഞില്ല… എന്റെ മോനു ഇപ്പൊ 11 വയസായി അവൻ എന്നെങ്കിലും ശരിയാവും. ഇവനെ ചുമക്കാനാണ് ഭഗവാൻ ആഗ്രഹിക്കുന്നതെങ്കിൽ രാധാകൃഷ്ണൻ എന്ന ഇവന്റെ അപ്പനായ ഞാൻ അത് എന്റെ ആയുസ് തീരുവോളം ചെയ്യും.
രാധകൃഷ്ണൻ ചേട്ടന് കുരിശ് ചുമക്കുന്ന ക്രിസ്തുവിന്റെ ഗന്ധമുണ്ടായിരുന്നു. കുരിശ് ചുമക്കുന്നവരാകാം നമുക്ക്.
ഫാ. സ്റ്റാഴ്സണ് കള്ളിക്കാടന്