ക്ലാവു പിടിക്കാതെ…

0

ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്‌.എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്‌ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.ഞാന്‍ എന്‍െറ സര്‍വസമ്പത്തും ദാനം ചെയ്‌താലും എന്‍െറ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക്‌ ഒരു പ്രയോജനവുമില്ല.“(1 കോറി 13 : 1-3)

ആർക്കും സംഭവിക്കാവുന്ന ഒരു ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ വചനം. പഠിപ്പും, പ്രശസ്തിയും, സൗകര്യങ്ങളും, സുഹൃത് വലയങ്ങളും, സമ്പത്തും, ബാങ്ക് നിക്ഷേപങ്ങളും ഒക്കെ വർദ്ധിച്ചുവർദ്ധിച്ചു വരുമ്പോഴും മറുവശത്ത് ഹൃദയനിലത്തെ സ്നേഹം വറ്റിപ്പോവുകയെന്നത്, കരുണയില്ലാത്ത മനുഷ്യരായി നമ്മൾ മാറുന്നു എന്നത് ദുരന്തം തന്നെയല്ലേ? 

നമുക്കിടയിൽ നാമറിയാതെ പടർന്നുകയറുന്ന ഒരു ക്യാൻസർ ഉണ്ട് – തിരക്ക് ! ഒന്നിനും സമയം തികയാത്തവർ  നമ്മൾ. കൂട്ടമാരത്തോൺ പോലെ പരസ്പരം ഒന്ന് കാണാൻ പോലും നേരമില്ലാതെ എല്ലാവരും ഓടുകയാണ്.. 

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് സുഹൃത്തേ. അപ്പനോടും, അമ്മയോടും, മക്കളോടും, പങ്കാളിയോടും, കൂടപ്പിറപ്പുകളോടും, ചങ്ങാതിമാരോടും, ആരോടും .. 
ആരെയും സ്നേഹിക്കാനില്ലാതെ, ആരെയും പരിഗണിക്കാൻ നേരമില്ലാതെ ഓടിയോടി ഒടുവിൽ കുറെ ശൂന്യതമാത്രം ഹൃദയത്തിൽ മിച്ചമുണ്ടാകും. റിലേ മത്സരത്തിൽ ഏറ്റവും ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോഴും കയ്യിൽ ബാറ്റൺ ഇല്ലാതെ വരുന്നപോലെ … 

പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ചെമ്പ് നാണയങ്ങൾ പോലെയാണ്. രണ്ടും ക്ലാവുപിടിക്കും” എന്ന വാക്കുകൾ മാധവിക്കുട്ടിയുടെതാണ്. 

തമ്പുരാനേ, സ്നേഹശൂന്യതയുടെ ക്ലാവും ദുർഗന്ധവും ഇല്ലാതെ ജീവിക്കാൻ കൃപ തരണേ !
സ്നേഹപൂർവം


ഫാ. അജോ രാമച്ചനാട്ട്