നിര്‍ഭയം

0


ആ കര്‍ത്താവില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും. മര്‍ത്ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?(സങ്കീ 56;11)

കാറ്റും കോളും ഇടിമുഴക്കങ്ങളും നിറഞ്ഞ രാത്രിയില്‍ ഒരു പിഞ്ചുകുഞ്ഞ് പേടിച്ചരണ്ട് ആശ്രയം തേടുന്നത് അവന്റെ അമ്മയുടെ മാറിടത്തിലാണ്. പുറത്ത് പ്രകൃതി മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോഴും താന്‍ അമ്മയുടെ മാറിടത്തിലാണ് എന്ന തിരിച്ചറിവ് അവനെ എല്ലാ ഭയങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുകയും അമ്മയില്‍ ആശ്രയിക്കാന്‍ കരുത്തു നേടുകയും ചെയ്യുന്നു.

എത്ര ഉയരങ്ങളില്‍ നിന്നും താഴെ കൈ വിരിച്ചുപിടിച്ചു നില്ക്കുന്ന അപ്പന്റെ കൈകളിലേക്ക് ചാടാന്‍ അപ്പനെ വിശ്വാസവും സനേഹവുമുള്ള ഒരു കുഞ്ഞിന് പേടി തോന്നുകയില്ല. ഒരു കുഞ്ഞിന് പോലും അമ്മയാണ് / അപ്പനാണ് അവന്റെ ആശ്രയമെന്ന തിരിച്ചറിവുണ്ടെങ്കില്‍ ദൈവത്തിന്റെ മക്കളായ നാം നമ്മുടെ കര്‍ത്താവില്‍ എത്രയോ അധികമായിട്ടാണ് ആശ്രയിക്കേണ്ടത്?

ഏതൊരാളിലും നാം ആശ്രയിക്കുന്നത്, അയാളില്‍ നമുക്ക് വിശ്വാസവും സ്‌നേഹവും തോന്നിയതുകൊണ്ടാണ്. ഒരാളോട് പണം പോലും നാം കടം ചോദിക്കുന്നത് അയാള്‍ നമ്മെ തള്ളിക്കളയില്ല എന്നും സഹായിക്കും എന്നും പ്രതീക്ഷിക്കുന്നതുകൊണ്ടുമല്ലേ? വിശ്വസിക്കുന്നവനെയാണ് നാം ആശ്രയിക്കുന്നത്. ആശ്രയിക്കുന്നവന്റെ അടുത്ത് നമുക്ക് അഭയവുമുണ്ട്.

അതെ പുറത്തു ജീവിതത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങളും പ്രശ്‌നക്കാരും കാത്തുനില്ക്കുന്നു. പക്ഷേ കര്‍ത്താവില്‍ നാം വിശ്വസിക്കണം. വിശ്വസിക്കുന്നതുകൊണ്ട് നിര്‍ഭയനായി ആശ്രയിക്കുക യും വേണം.. കാരണം അവിടുന്ന് നമ്മുടെ അപ്പനാണ്, അമ്മയാണ്. അപ്പനും അമ്മയും പ്രിയയും പ്രിയജനങ്ങളും തള്ളിക്കളഞ്ഞാലും വിട്ടുപോകാത്ത സ്‌നേഹിതനാണ്.

ഞാന്‍ ആശ്രയിച്ച, അല്ലെങ്കില്‍ വിശ്വസിച്ച മര്‍ത്ത്യന്‍ എന്നെ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞിട്ടുണ്ട്. മര്‍ത്ത്യരില്‍ ചിലപ്പോഴെങ്കിലും വിശ്വാസം നഷ്ടപ്പെട്ടിട്ടുമുണ്ട്. മനുഷ്യന്‍ ദ്രോഹപൂര്‍വ്വം ചെയ്ത ചിലപ്രവൃത്തികളുടെ തിക്തഫലം ഞാന്‍ അനുഭവിച്ചിട്ടുമുണ്ട്. പക്ഷേ എല്ലാറ്റിനും അപ്പുറം ദൈവത്തിന്റെ വലിയ സ്‌നേഹം എന്നെ പൊതിഞ്ഞുനിന്നിരുന്നു, അര്‍ഹതയുണ്ടായതുകൊണ്ടല്ല വിശുദ്ധമായ ജീവിതത്തിന്റെ ഉടമയായതുകൊണ്ടുമല്ല, എന്തോ ദൈവത്തിന് എന്നെ ഇഷ്ടമായിരുന്നു. അല്ലെങ്കില്‍ ദൈവത്തില്‍ മാത്രമേ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുള്ളൂ. എന്റെ ഒരേയൊരു ഉറപ്പ് ദൈവം മാത്രവുമായിരുന്നു.

എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് കരുതുമ്പോഴും എവിടെയോ പ്രത്യാശയുടെ ഒരു തിരി തെളിച്ച് ദൈവം എന്നെ കാത്തുനിന്നിരുന്നു. അതുകൊണ്ട് ദൈവമേ നിന്നോട് എന്നും ഞാന്‍ ഒന്നുമാത്രം പ്രാര്‍ത്ഥിക്കുന്നു നിര്‍ഭയനായി നിന്നില്‍ ആശ്രയിക്കാനും ഏത് ഇരുട്ടിലും നിന്റെ വെളിച്ചം കാണാനും എനിക്ക് എപ്പോഴും ശക്തി തരണേ.

ദൈവത്തില്‍ നിര്‍ഭയനായി ആശ്രയിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്ന പ്രാര്‍ത്ഥനയോടെ

സ്‌നേഹപൂര്‍വ്വം

വിഎന്‍.