സ്ത്രീ

0

എന്തിനു നിങ്ങള്‍ ഈ സ്‌ത്രീയെ വിഷമിപ്പിക്കുന്നു? (മത്തായി 26 : 10)

മലയാളഭാഷയിൽ ചില വാക്ക്പ്രയോഗങ്ങൾ എത്രയോ സ്ത്രീ വിരുദ്ധമാണ്. പൗരുഷത്തോടെ പ്രതികരിക്കാത്തവരോട് ഒരു ചോദ്യമുണ്ട് ‘നീയൊരു ആണാണോ?’ (അപ്പോൾ സ്ത്രീകൾ പ്രതികരിക്കരുതോ?). ഭാര്യ പറയുന്നത്  അനുസരിക്കുന്നവൻ ആൺകോന്തൻ (എപ്പോഴും പുരുഷന്മാർ പറയുന്നതേ സ്ത്രീകൾ അനുസരിക്കാവൂ എന്നാണോ?). വാക്കുപാലിക്കാൻ സാധിക്കാത്തവരോട് ‘ആണായാൽ വാക്കു പാലിക്കണം’ എന്ന ആക്രോശവും കേൾക്കാം. അപ്പോൾ സ്ത്രീകൾ വാക്ക് പാലിക്കാൻ കഴിവില്ലാത്തവരാണോ? ‘ആണുങ്ങൾ ആരെങ്കിലും ഇങ്ങനെ കരയുമോ?’ ഏതെങ്കിലും ഒരു പുരുഷൻ ഒന്ന് കരഞ്ഞാൽ പിന്നെ അതും വിഷയമായി. വിവാഹാലോചനാവേളയിൽ ആൺകുട്ടി താൻ താമസിക്കാൻ ഒരു സാധ്യതയുമില്ലാത്ത പെൺകുട്ടിയുടെ വീടു കാണാനായി പോകുന്നു. എന്നാൽ ജീവിതകാലം മുഴുവൻ താൻ കഴിയേണ്ട ആൺകുട്ടിയുടെ വീട് കാണാൻ പെൺകുട്ടിക്ക് വിവാഹത്തിനുമുമ്പ്  അവസരമേ ഇല്ല. മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും റോക്കെറ്റുകൾ തലങ്ങും വിലങ്ങും വിടുന്ന ഈ രാജ്യത്ത് സ്ത്രീകൾ ഇപ്പോഴും അർഹിക്കുന്ന പരിഗണനയിൽ ജീവിക്കുന്നുണ്ടോ എന്നത് ഗൗരവമായ ചോദ്യമാണ്.

സ്ത്രീയായി ജനിപ്പിക്കാത്തതിൽ യഹോവയോട്‌ നന്ദി പറഞ്ഞുകൊണ്ട് ഉണരുന്ന യഹൂദർ സ്ത്രീയെ പരിഗണിച്ചത് വളരെ താഴ്ന്ന നിലയിൽ ആയിരുന്നു എന്നത് നമുക്ക് പിന്നെയും മനസ്സിലാക്കാം. എന്നാൽ സാംസ്കാരികമായും സാമൂഹ്യമായും ഉന്നതിയിലാണ് എന്നവകാശപ്പെടുന്ന നമ്മുടെ സമൂഹത്തെ എങ്ങനെയാണ് ന്യായീകരിക്കുക?

കുഷ്ഠരോഗിയായ ശിമയോൻ്റെ വീട്ടിൽ ഭക്ഷണത്തിനിരുന്ന കർത്താവിൻ്റെ ശിരസ്സിൽ, തൈലാഭിഷേകം നടത്തിയ സ്ത്രീയോട് ശ്ലീഹന്മാർ കോപാകുലരായി. അവളോടവർ ചോദിക്കുന്നു – എന്തിന്‌ ഈ പാഴ്‌ചെലവ്‌? ഈ സുഗന്‌ധതൈലം നല്ലവിലയ്‌ക്കു വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നില്ലേ? (മത്താ 26 : 8,9). ശിഷ്യന്മാരോട് ഈശോ ചോദിക്കുന്നു “എന്തിനു നിങ്ങള്‍ ഈ സ്‌ത്രീയെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കു വേണ്ടി ഒരു നല്ല കാര്യം ചെയ്‌തിരിക്കുന്നു” (മത്താ 26 : 10). ആ സ്ത്രീയുടെ സ്ഥാനത്ത് ആതിഥേയനോ മറ്റേതെങ്കിലും യഹൂദപ്രമാണിയോ ആയിരുന്നെങ്കിൽ ഒരു പക്ഷേ ശ്ലീഹന്മാർ ഈ രീതിയിൽ പ്രതികരിക്കുകയില്ലായിരുന്നു. പലപ്പോഴും നമ്മൾ പ്രതികരിക്കുന്നത് വിഷയങ്ങളോടല്ലല്ലോ, വ്യക്തികളോടല്ലേ?

സ്ത്രീയുടെ വാക്കിന് യഹൂദക്കോടതിപോലും വില കല്പിക്കാതിരുന്ന സമയത്തിതാ ദൈവത്തിൻ്റെ മാലാഖ ഒരു പാവം പെണ്ണിൻ്റെ അനുവാദത്തിനായി കാത്ത് നിൽക്കുന്നു. ദൈവപുത്രനെ പ്രസവിക്കാനും വളർത്താനും  ഭരമേല്പിക്കുന്നതും ഒരു സ്ത്രീയുടെ കയ്യിൽ. അവൻ പോയ വഴികളിലെല്ലാം അവനെ അനുഗമിക്കാൻ ഇടയാകുമാറ് ഈശോയും സ്ത്രീകളുമായുള്ള ബന്ധങ്ങൾ ആർദ്രമായിരുന്നു. നട്ടുച്ച നേരത്ത് കിണറ്റിൻ കരയിലും, കല്ലുകളുമായി ആക്രോശിച്ചടുത്ത ആൾക്കൂട്ടത്തിനിടയിലും ഏകമകൻ നഷ്ടപ്പെട്ട ‘അമ്മ വ്യഥയിലുഴറിയ നിമിഷത്തിലും ദുർഗന്ധം വമിക്കുന്ന സഹോദരൻ്റെ ശവശരീരത്തിനു മുന്പിൽ കരയുന്ന സഹോദരികൾക്കു മുൻപിലും അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത് അവൻ്റെ സ്ത്രീകളോടുള്ള മനോഭാവത്തിൻ്റെ തെളിവുകളാണ്. അവൻ കുരിശുമായി പോയ വഴികളിലും കൂടുതലും പ്രത്യക്ഷപ്പെടുന്നത് സ്ത്രീകളാണ്. ചമ്മട്ടിയടിക്കുന്ന ക്രൂരന്മാരായ റോമൻ പടയാളികൾക്ക് ഇടയിലൂടെ, അവനെ ക്രൂശിക്കുകയെന്ന് അലറിവിളിക്കുന്ന ആ ജനക്കൂട്ടത്തിൻ്റെ മുൻപിൽ തിരുമുഖം തുടക്കാൻ അണഞ്ഞത് ഒരു പാവം സ്ത്രീയുടെ അവനോടുള്ള കരുതലിൻ്റെ അടയാളമായിരുന്നു. ഓടിയൊളിച്ച ശിഷ്യന്മാരും നിർബന്ധം മൂലം കുരിശെടുത്ത ശിമയോനുമാണ് പുരുഷവർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നത്. അവസാനം ഉത്ഥിതനായവൻ ആദ്യം പ്രത്യക്ഷപ്പെടുന്നതും ഒരു സ്ത്രീക്കുതന്നെ.

ഈ ഗുരുവിനെ അനുഗമിക്കുന്ന നമ്മൾ ഗുരുവിൻ്റെ സ്ത്രീകളോടുള്ള ഈ മനോഭാവം സ്വന്തമാക്കിയവരാണോ? ഈശോ നൽകിയ സ്വാതന്ത്ര്യവും പരിഗണനയും ഇന്ന് സഭയിൽ അവൾ അനുഭവിക്കുന്നുണ്ടോ? അത് നീ നൽകേണ്ട ഔദാര്യമല്ല. അവളുടെ അവകാശമാണ്.

ശുഭരാത്രി

Fr Sijo Kannampuzha OM